ലോകത്തിന് മാതൃക ആയി പുനലൂര്‍ ആശുപത്രി

പ്രകാശം പരത്തുന്ന ഒരാശുപത്രി; അതും സര്‍ക്കാരാശുപത്രി ഒരു ഡോക്ടറുടെ ഇച്ചാശക്തിയാല്‍ ലോകത്തിന് മാതൃക ആയി പുനലൂര്‍ ഗവ ആശുപത്രി ഉയര്‍ന്നു.  

“The best way to find yourself is to lose yourself in the service of others“  – Mahatma Gandhi.

“സേവനം ചെയ്യാനുള്ള മനസുണ്ടെങ്കില്‍ നമുക്ക് എന്ത് വേണമെങ്കിലും ചെയ്യാം. അവിടെ വലിപ്പ ചെറുപ്പം ഇല്ല”. ഗിരിജ- താല്‍ക്കാലിക ക്ലീനിംഗ് തൊഴിലാളി; ഗവണ്മെന്റ് താലൂക്ക്  ആശുപത്രി, പുനലൂര്‍.

ഗാന്ധിജിയും ഗിരിജയും തമ്മില്‍ എന്ത് ബന്ധം? ഗാന്ധിജിനടത്തിയ ത്യാഗ സമരങ്ങളുടെ എണ്ണമോ എഴുതിയ പുസ്തകങ്ങളോ ഗിരിജയ്ക്ക് അറിയില്ല, പക്ഷെ മുകളില്‍ പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ നടപ്പിലാക്കുന്ന ഒരു കൂട്ടം തൊഴിലാളികളുടെ കൂട്ടത്തില്‍ ഉള്ള ഒരാളാണ് ഗിരിജ.

നമ്മുടെ നാട്ടിലെ ആതുരാലയങ്ങള്‍ എങ്ങനെ ആകണം എന്ന് ഗാന്ധിജിക്ക് ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. ശാന്തസുന്ദരമായ, സുഗന്ധം പരത്തുന്ന ആശുപത്രികള്‍. അവിടെ എത്തുന്ന രോഗികള്‍ക്ക് സന്തോഷത്തോടെ മാത്രം മടങ്ങിപ്പോകാന്‍ കഴിയുന്ന തരത്തില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരും ജീവനക്കാരും. അങ്ങനെ ഒരു ആശുപത്രി നമ്മുടെ നാട്ടില്‍ ഉണ്ടോ? ഇല്ല എന്നാകും കണ്ണുമടച്ചുള്ള ഉത്തരം. എന്നാല്‍ ആ ഉത്തരം നമുക്കിനി തിരുത്താം. കൊല്ലം ജില്ലയിലെ മലയോര പട്ടണമായ പുനലൂരില്‍ അങ്ങനെ ഒരു ആശുപത്രി ഉണ്ട്. പുനലൂര്‍ താലൂക്ക് ആശുപത്രി.

വന്‍കിട സ്വകാര്യ ആശുപത്രികളെയും മെഡിക്കല്‍ കോളേജുകളെയും കടത്തി വെട്ടുന്ന അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍, ഓക്സിജന്‍ സ്വന്തമായി ഉല്‍പാദിപ്പിക്കുന്ന സംവിധാനങ്ങള്‍, വേദനരഹിത പ്രസവം സാധ്യമാക്കാന്‍ കഴിയുന്ന സജ്ജീകരണങ്ങള്‍ ഉള്ള പ്രസവ വാര്‍ഡ്‌, എല്ലാ വാര്‍ഡുകളിലും മ്യുസിക് സിസ്റ്റം, കുട്ടികള്‍ക്ക് കളിക്കാന്‍ സൌകര്യമുള്ള പൂന്തോട്ടം ഇങ്ങനെ നീണ്ടു പോകുന്നു പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ മേന്മകള്‍. ഏറ്റവും പുതിയതായി സാന്ത്വന സംഗീതം എന്ന പേരില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസം പകരാന്‍ എല്ലാ ദിവസവും സംഗീത പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ് ഈ പ്രകാശം പരത്തുന്ന ആശുപത്രി.

“പ്രകാശം പരത്തുന്ന ആശുപത്രി” എന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയെ വിശേഷിപ്പിച്ചത് ധനമന്ത്രി തോമസ്‌ ഐസക് ആണ്. ആറുവര്‍ഷം മുന്‍പ് കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളേയും പോലെ സൌകര്യങ്ങള്‍ ഇല്ലാത്ത, പരാതികള്‍ മാത്രം കേള്‍പ്പിച്ചു കൊണ്ടിരുന്ന ഒരു സ്ഥാപനം ആയിരുന്നു ഇതും. പിന്നെ എങ്ങനെ നല്ല ആതുരലായാത്തിനുള്ള പുരസ്കാരങ്ങള്‍ നിരന്തരം കൈപ്പറ്റുന്ന ഒരു ആശുപത്രി ആയി ഇത് മാറി? എല്ലാത്തിനും ഉത്തരമായി ആശുപത്രി ജീവനക്കാര്‍ ഒരു പേര് പറയും- ഡോക്ടര്‍ ഷാഹിര്‍ഷ.

2010ലാണ് കരവാളൂര്‍ പി എച്ച് എസ് സിയില്‍ നിന്നും ഡോക്ടര്‍ ഷാഹിര്‍ഷ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് സുപ്രണ്ടായി സ്ഥലം മാറി എത്തുന്നത്. മനസ്സ് മടുപ്പിക്കുന്ന കാഴ്ച്ചകളിലേക്കാണ് അദ്ദേഹം ആദ്യ ദിവസം തന്നെ ചെന്നെത്തപ്പെട്ടത്. പൊട്ടിപ്പൊളിഞ്ഞ, തകര്‍ന്ന് വീഴാറായ കെട്ടിടങ്ങള്‍, വൃത്തിയില്ലാത്ത മുറികള്‍, കാട് പിടിച്ചു കിടക്കുന്ന ആശുപത്രി പരിസരം. മദ്യം വരെ ആശുപത്രിയ്ക്ക് ഉള്ളില്‍ ലഭിക്കുന്ന അവസ്ഥ.

അവിടെ നിന്നും തുടങ്ങുന്നു ഒരു ഡോക്ടറുടെയും ആശുപത്രിയുടെയും നിലനില്‍പ്പാനുള്ള പോരാട്ട കഥ.

“കൊല്ലം ജില്ലയിലെ പുനലൂര്‍ എന്ന മലയോര പട്ടണം തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ഒരു പ്രദേശമാണ്. 24 ആദിവാസി ഊരുകള്‍ ഈ പ്രദേശത്തെ ചുറ്റിപ്പറ്റി ഉണ്ട്. അവിടങ്ങളില്‍ ഒരാള്‍ക്ക് പെട്ടന്നൊരു നെഞ്ച് വേദന വന്നാല്‍ കാതങ്ങള്‍ താണ്ടി കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും പോകണം. ആ സമയത്തിനുള്ളില്‍ മരണം സംഭവിക്കാം. ജനങ്ങളില്‍ കൂടുതലും തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുമായ സാധാരണക്കാരാണ്. അവര്‍ക്ക് വലിയ ആശുപത്രികളില്‍ ചികിത്സ തേടാന്‍ ഉള്ള സാമ്പത്തികാവസ്ഥ ഉണ്ടാകില്ല. തൊട്ടടുത്ത് ഒരു സര്‍ക്കാര്‍ ആശുപത്രി സര്‍വ്വ സന്നാഹങ്ങളും കൂടി ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന ആശ്വാസം ചെറുതല്ല. സര്‍ക്കാര്‍ ആശുപത്രി കാട് കയറി സാമൂഹിക വിരുദ്ധര്‍ക്ക് കളിക്കളം ആകേണ്ട ഒന്നല്ല എന്ന തിരിച്ചറിവാണ് ആശുപത്രിയുടെ സമസ്ത മേഖലയിലും മാറ്റം വരുത്തി അതിനെ ലോകശ്രദ്ധ ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഒരു ആതുരാലയം ആക്കി മാറ്റാന്‍ കാരണമായത്.” ഡോക്ടര്‍ ഷാഹിര്‍ഷാ തകര്‍ന്നു പോയ ഒരു പൊതു മേഖലാസ്ഥാപനത്തെ തലയെടുപ്പോടെ തിരികെ കൊണ്ട് വരാന്‍ നീണ്ട ആറുവര്‍ഷങ്ങള്‍ താനും സഹപ്രവര്‍ത്തകരും നടത്തിയ പ്രയത്നത്തെ കുറിച്ച് പറഞ്ഞു തുടങ്ങി.

നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയതിന്‍റെ പേരില്‍ ഒരു വിഭാഗം ഡോക്ടര്‍മാര്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ച ജീവിതമാണ് ഡോക്ടര്‍ ഷാഹിര്‍ഷായുടേത്. ആ പ്രശ്നങ്ങള്‍ പിന്നീട് ഒറ്റയാള്‍ പോരാട്ടങ്ങളിലെക്കും സമരങ്ങളിലെക്കും വഴിമാറി. അതിനെല്ലാം ശേഷമാണ് ഡോക്ടര്‍ പുനലൂരിലേക്ക് സ്ഥലം മാറി എത്തുന്നത്. ആതുരാലയങ്ങള്‍ കാലത്തിന് അനുസരിച്ച് മാറണം, ആ മാറ്റം പണം കിട്ടാന്‍ വേണ്ടി ആകരുത്, മനുഷ്യനും പ്രകൃതിക്കും താങ്ങായി നില്‍ക്കണം ഓരോ ആശുപത്രിയും എന്ന കൃത്യമായ ബോധവും ആ ബോധത്തെ എതിര്‍ക്കുന്നവരെ കുറിച്ചുള്ള വ്യക്തമായ ധാരണകളും പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രി  ഇന്ന് കാണും വിധം കെട്ടിപ്പൊക്കാനുള്ള വാശിയായി പരിണമിക്കുകയായിരുന്നു.  

“ഞാന്‍ ഇവിടെ വരുന്നതിനു തൊട്ടു മുന്‍പാണ് എനിക്ക് മികച്ച ഡോക്ടര്‍ക്കുള്ള പുരസ്കാരം ലഭിക്കുന്നത്. അന്നത്തെ ആരോഗ്യ മന്ത്രി പികെ ശ്രീമതി ടീച്ചര്‍ ആണ്. ടീച്ചര്‍ എന്നോട് ചോദിച്ചു എന്ത് സഹായമാണ് വേണ്ടത് എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് ഒന്നും വേണ്ട, നല്ലൊരു ആശുപത്രി കെട്ടിത്തന്നാല്‍ മതി എന്ന്.

അന്ന് ഞാന്‍ ഇവിടുത്തെ സകല ദുരവസ്ഥയും മന്ത്രിയോട് വിവരിച്ചു. സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ എത്തുമ്പോള്‍ ഇവിടം കണ്ടിട്ട് എന്‍റെ മനസ്സ് തകര്‍ന്നു പോയിരുന്നു. 86 വര്‍ഷം പഴക്കമുള്ള കെട്ടിടങ്ങള്‍ വരെ ഇവിടെ ഉണ്ട്. പൊട്ടിപ്പൊളിഞ്ഞു ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്നു അവയെല്ലാം. പുതിയതായി ഒരു കെട്ടിടം പോലും ഇല്ലായിരുന്നു.” ഡോക്ടര്‍ പറയുന്നു.


പരിസ്ഥിതി സൗഹൃദ ആശുപത്രി എന്ന സ്വപ്നം ഡോക്ടര്‍ മന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. ആരോഗ്യ മന്ത്രിയുടെ ഇടപെടല്‍ വഴി അന്നത്തെ ധനകാര്യ മന്ത്രി തോമസ്‌ ഐസക് 15 കോടി രൂപ അനുവദിച്ചു. ആശുപത്രി പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ഡോക്ടര്‍ മുന്‍കൈ എടുത്ത് ഒരു ഡിസൈന്‍ തയ്യാറാക്കി. ആശുപത്രിക്കകത്ത് പൂന്തോട്ടങ്ങളും മാലിന്യ സംസ്കരണ പ്ലാന്റുകളും ഒക്കെ ഉള്ള ഒരു പ്ലാന്‍ ആണ് തയ്യാറാക്കിയത്. ബിഎസ്എന്‍എലിനെ കൊണ്ട് പണി കഴിപ്പിക്കാന്‍ ആണ് ഉദ്ദേശിച്ചിരുന്നത്. പിഡബ്ല്യുഡി വകുപ്പിന് നല്‍കിയാല്‍ ഉണ്ടാകുന്ന കാലതാമസം കണക്കിലെടുത്തായിരുന്നു അങ്ങനെയൊരു തീരുമാനം. 

എന്നാല്‍ പിഡബ്ല്യുഡി അതിനെ എതിര്‍ത്തു. മന്ത്രിമാര്‍ അടക്കമുള്ളവരുടെ പിന്തുണ ഉണ്ടായിരുന്നിട്ടും നയം മാറ്റം എന്ന ഒറ്റ കാരണം ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ചീഫ് എഞ്ചിനിയര്‍ പദ്ധതിക്ക് കുറുകെ നിന്നു.

“2011-ല്‍ ഭരണമാറ്റം വരും എന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷ നേതാവ് ഒരു പ്രസ്താവന ഇറക്കി. വഴിവിട്ടുള്ള നിര്‍മ്മാണങ്ങളും പ്രവര്‍ത്തനങ്ങളും ആരും നടത്തരുത്, നടത്തിയാല്‍ ഭരണമാറ്റം വരുമ്പോള്‍ നിങ്ങള്‍ പിടിക്കപ്പെടും എന്ന തരത്തില്‍. അപ്പോള്‍ പല ജോലികളും പതുക്കെയായി. സാധാരണ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഒരു കുതിച്ചു ചാട്ടം ഉണ്ടാകുന്നതാണ്. പക്ഷെ അത്തവണ അതെല്ലാം അങ്ങ് പതുക്കെയായി. അതില്‍ ആശുപത്രി നിര്‍മ്മാണം പെട്ടുപോയി. അപ്പോഴേക്കും പിഡബ്ല്യുഡിയുമായുള്ള  പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടെ ഭയം കാരണം ആ പദ്ധതി നടക്കതെയായി. മാനസികമായി ഒത്തിരി പ്രയാസം നേരിട്ട സമയം ആയിരുന്നു ആ ദിവസങ്ങള്‍”. നടക്കാതെ പോയ സ്വപ്ന പദ്ധതിയെ പറ്റി പറയുമ്പോള്‍ ഇപ്പോഴും ഡോക്ടര്‍ക്ക് വിഷമമാണ്.

അങ്ങനെയാണ് സ്വയം മാറുക എന്ന ചിന്തയിലേക്ക് ഡോക്ടര്‍ എത്തപ്പെടുന്നത്. ആരുടേയും സഹായമില്ലാതെ ഉള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം എന്നുള്ള ഡോക്ടറുടെ തീരുമാനത്തിനോട് ആശുപത്രി ജീവനക്കാരും ഐക്യപ്പെട്ടു. അവര്‍ക്കും ഒരു മാറ്റം ആവശ്യമായിരുന്നു. കൈ മെയ് മറന്ന് താല്‍ക്കാലിക ജീവനക്കാര്‍ മുതല്‍ ഡോക്ടര്‍മാര്‍ വരെ ഷാഹിര്‍ഷായുടെ പുറകില്‍ അണി നിരന്നു. കാട് വെട്ടി തെളിക്കുന്നത് മുതല്‍ അത്യാധുനിക സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നത് വരെ അവര്‍ ഒരുമയോടെ നിന്നു..


പുനലൂര്‍ മാറണം എന്ന് ആത്മാര്‍ഥമായി ആശിച്ചിരുന്ന ഒരു കൂട്ടം ആളുകള്‍ സംഭാവനകളുമായി എത്തി. പല ഉപകരണങ്ങളും അവര്‍ കാശ് പിരിച്ചു വാങ്ങി നല്‍കി. സന്നദ്ധ സംഘടനകള്‍ മുതല്‍ പള്ളി കമ്മിറ്റിക്കാര്‍ വരെ അക്കൂട്ടത്തില്‍ പെടും. മുന്‍സിപ്പാലിറ്റിയും വെറുതെ ഇരുന്നില്ല. അവരെ കൊണ്ടാകുന്ന തരത്തില്‍ അവരും സഹായിച്ചു.

പതിയെ ആശുപത്രി ജീര്‍ണ്ണതയില്‍ നിന്നും പുനര്‍ജനിച്ചു. പുച്ഛത്തോടെ നോക്കി സ്വകാര്യ ആശുപത്രികള്‍ പോയ നാട്ടുകാര്‍ ആശുപത്രിയിലേക്ക് എത്തിത്തുടങ്ങി. “അത് ആശുപത്രി അല്ല കള്ളുഷാപ്പ് ആണ്” എന്ന് പറഞ്ഞവര്‍ ഇതാണ് ഞങ്ങളുടെ ആശുപത്രി എന്ന് തിരുത്തി പറഞ്ഞു ശീലിക്കാന്‍ തുടങ്ങി.

ആയിരം ഡയാലിസിസ് ഒരു മാസം നടക്കുന്ന ഒരു സര്‍ക്കാര്‍ താലൂക്ക് ആശുപത്രി ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇവിടെ അത് നടക്കും. എട്ട് ഡയാലിസിസ് മെഷീനുകള്‍ ഇവിടെയുണ്ട്. സര്‍ജിക്കല്‍ ഐസിയു, മെഡിക്കല്‍ ഐസിയു, കുട്ടികള്‍ക്ക് പ്രത്യേകം ഐസിയു, വേദന രഹിത സാധാരണ പ്രസവത്തിനുള്ള ലേബര്‍ സ്യൂട്ട്, ക്യാന്‍സര്‍ വാര്‍ഡ്‌ അങ്ങനെ നീളുന്നു സംവിധാനങ്ങളുടെ നിര. ഒരു ചെറിയ മെഡിക്കല്‍ കോളേജ് എന്ന് വേണമെങ്കില്‍ നമുക്കിതിനെ വിശേഷിപ്പിക്കാം.


“ആശുപത്രിയുടെ പഴയ ചിത്രങ്ങള്‍ കിട്ടുമെങ്കില്‍ എടുത്തു നോക്കണം അപ്പോള്‍ മനസിലാകും ഇപ്പോഴത്തെ ആശുപത്രിയും അന്നത്തെ ആശുപത്രിയും തമ്മില്‍ ഉള്ള വ്യത്യാസം. അദ്ദേഹം ഒറ്റൊരാളാണ് ഇതിനെല്ലാം കാരണം. അതിശയമാണ് ഇങ്ങനെ ഒരു മനുഷ്യനെ കാണുന്നതില്‍. ഊണും ഉറക്കവും ഒക്കെ ഇവിടെത്തന്നെയായിരുന്നു. നാല് മണിക്കും അഞ്ചു മണിക്കും ഒക്കെയാണ് ഭക്ഷണം കഴിക്കാന്‍ പോകുന്നത്. ഈ സ്ഥാപനത്തിന് വേണ്ടി അദ്ദേഹം അത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ട്. കിട്ടുന്നതില്‍ മുക്കാലും ശമ്പളം ഇവിടെ തന്നെ ചിലവാക്കും”. ആശുപത്രി സെക്യുരിറ്റി ജീവനക്കാരന്‍ വേണുഗോപാലിന് സൂപ്രണ്ടിനെ പറ്റി പറയാന്‍ നൂറ് നാവ്.

സര്‍ക്കാര്‍ ആശുപത്രി അതിന്‍റെ എല്ലാ പ്രൌഡിയോടും കൂടി ഉയര്‍ന്നു വന്നപ്പോള്‍ പൂട്ടിപ്പോയത് ഇവിടുത്തെ മൂന്നു സ്വകാര്യ ആശുപത്രികളാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി എക്സലന്റ് അവാര്‍ഡ് വാങ്ങുന്ന കേരളത്തിലെ ഒരേയൊരു സര്‍ക്കാര്‍ ആശുപത്രി ഇതാണ്.


ആശുപത്രി വളര്‍ന്നപ്പോള്‍ ഡോക്ടര്‍ക്ക് ശത്രുക്കളുടെ എണ്ണവും വളര്‍ന്നു. സ്വകാര്യ ആശുപത്രിക്കാരും അവര്‍ക്ക് കൂട്ട് നിന്ന ഭരണകൂടവും പല പ്രാവശ്യം പല രീതിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന മുന്‍ എംഎല്‍എ ഇടപെട്ട് ഡോക്ടറെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി. ഷാഹിര്‍ഷായുടെ ഭാര്യയും  ഇതേ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. മിശ്രവിവാഹിതരായ ദമ്പതികള്‍ക്ക് ഓരേ സ്ഥലങ്ങളില്‍ ജോലിചെയ്യാന്‍ അവസരമുണ്ടെങ്കില്‍ അത് അനുവദിക്കണമെന്ന നിയമത്തിന് എതിരാണ് ഡോക്ടറെ സ്ഥലം മാറ്റിയത്. ഇതിനെതിരെ നിയമപരമായി പോരാടി തിരിച്ചെത്തിയ ഡോക്ടറുടെ ജീവനപായപ്പെടുത്താന്‍ പല തവണ സ്വകാര്യ ആശുപത്രി ലോബിക്കാര്‍ ശ്രമിച്ചു. വാഹനത്തില്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. പൊലീസിനെ ഉപയോഗിച്ചും ഡോക്ടറെ പീഡിപ്പിച്ചു. വീടുവാങ്ങാനുള്ള പണവുമായി പോകുമ്പോഴായിരുന്നു പൊലീസിനെ ഉപയോഗിച്ചുള്ള പീഡനം. ഇതുകാരണം വീടിന്റെ രജിസ്‌ട്രേഷന്‍ മുടങ്ങിയതില്‍ ആഹ്ളാദിച്ച് ആശുപത്രിയെയും ഡോക്ടറെയും എതിര്‍ത്തവര്‍ ലഡുവിതരണം നടത്തിയിരുന്നു. ഒരു തവണ പോലും സര്‍ക്കാര്‍ മതിയായ സുരക്ഷ ഡോക്ടര്‍ക്കോ ആശുപത്രിക്കോ നല്‍കിയിരുന്നില്ല. കോണ്‍ഗ്രസ് നേതാവിന്‍റെഅറിവോടെയും സ്വകാര്യ ആശുപത്രികളുടെ പിന്തുണയോടെയും നടത്തിയ അതിക്രമങ്ങളെയെല്ലാം ഡോക്ടര്‍ സമചിത്തതയോടെ നേരിട്ടു. ഡോക്ടറിനെക്കുറിച്ച് നല്ലത് പോലെ അറിയാവുന്ന നാട്ടുകാരും ആശുപത്രി ജീവനക്കാരും സകല പിന്തുണയും നല്‍കി കൂടെ നിന്നു.

സാന്ത്വന സംഗീതം എന്ന പേരില്‍ ആരംഭിച്ച സംഗീത പരിപാടിയുടെ പേരില്‍ ഇപ്പോള്‍ ആശുപത്രി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

“ആശുപത്രി എല്ലാ രീതിയിലും ജനകീയമാക്കണം എന്ന തോന്നലില്‍ ആദ്യം ഉദിച്ച ആശയങ്ങളില്‍ ഒന്നാണ് ഈ സംഗീത പദ്ധതി. എല്ലാ വാര്‍ഡുകളിലും സ്പീക്കറുകള്‍ സ്ഥാപിച്ച് അത് വഴി പാട്ട് കേള്‍പ്പിക്കുകയായിരുന്നു ആദ്യം. അത് 2012-ലാണ് ആരംഭിക്കുന്നത്. അതിന്‍റെ രണ്ടാം ഘട്ടം എന്ന നിലയില്‍ ആണ് ഇപ്പോള്‍ സാന്ത്വന സംഗീതം എന്ന പേരില്‍ എല്ലാ ദിവസവും വൈകുന്നേരം ആശുപത്രിയില്‍ സംഗീത പരിപാടി അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. അതിന്‍റെ ഉത്ഘാടനം സ്വാതന്ത്ര്യ ദിനത്തില്‍ നടന്നു. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അതും വലിയ ഒരു സന്തോഷമാണ്.” പുതിയ പദ്ധതിയെ കുറിച്ച് ഡോക്ടര്‍ പറയുന്നു.

മുന്‍സിപ്പാലിറ്റിയുടെ ജവഹര്‍ ബാലഭവനുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

“ആശുപത്രി ഞങ്ങളുടെ നാടിന്‍റെ പേര് ലോകമാകെ അറിയിച്ചിരിക്കുന്നു. അതിന് നന്ദി പറയേണ്ടത് ഡോക്ടറിനോടും അവിടുത്തെ മറ്റു ജീവനക്കാരോടുമാണ്. എല്ലാ വിധ പിന്തുണയും നല്‍കി ഞങ്ങള്‍ അവരോടൊപ്പം ഉണ്ട്. സാന്ത്വനസംഗീതം പരിപാടി വലിയ വിജയമാകും. ഉറപ്പാണ്.” പുനലൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ രാജഗോപാല്‍ പറയുന്നു.


“എല്ലാ കാര്യങ്ങളിലും ഒരു രാഷ്ട്രീയമുണ്ട്, പറയുന്നത് കക്ഷി രാഷ്ട്രീയത്തെ കുറിച്ചല്ല, നല്ലൊരു പുസ്തകം വാങ്ങുന്നതും സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതും കുട്ടികളെ സംരക്ഷിക്കുന്നതും ഒക്കെ രാഷ്ട്രീയമാണ്. അത് പോലെ ജോലി ചെയ്യുന്ന സ്ഥാപനത്തെ പരിപാവനമായി സംരക്ഷിക്കുന്നതും അത് വഴി പതിനായിരങ്ങള്‍ക്ക് നന്മ ചെയ്യുന്നതുമാണ് ഏറ്റവും വലിയ രാഷ്ട്രീയം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഞങ്ങള്‍. ആ വിശ്വാസത്തെ മുറുക്കെ പിടിച്ചു മുന്നോട്ട് നടന്നതിന്‍റെ ഫലമാണ് ഇപ്പോള്‍ നിങ്ങള്‍ കാണുന്ന ഈ ആശുപത്രി”. 

എലാവരും തന്നെ ആരാധിക്കുമ്പോള്‍ ഇതൊന്നും താന്‍ ഒറ്റയ്ക്ക് ചെയ്തതല്ല എന്നും കൂടെ നില്‍ക്കാന്‍ മനസ്സുള്ള സഹ പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ ഇതിനുമപ്പുറം സാധിക്കാം എന്നും ഡോക്ടര്‍ ചിരിയോടെ പറയും.


കടപ്പാട് :അഴിമുഖം
പുനലൂര്‍ താലൂക്ക് ആശുപത്രി ചരിത്രം അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 
Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.