തെന്മല ഇക്കോടൂറിസം പലപ്രാവശ്യം കണ്ടിട്ടുള്ളവർക്ക് ഇതാ മറ്റൊരു ഇക്കോ ടൂറിസ്റ്റ് മേഖലകൂടി പരീക്ഷിച്ച് നോക്കാവുന്നതാണ്.
സീതാദേവിയെ രാവണൻ കടത്തികൊണ്ട് പോയപ്പോൾ ജഡായുവുമായി നടന്ന യുദ്ധത്തിൽ രാവണന്‍റെ കത്തി തെറിച്ച് വീണ സ്ഥലമാണ് കുടുക്കത്ത് പാറ എന്നാണ്.
രാവണൻ ലങ്കയിലെക്കുള്ള യാത്രാമദ്ധ്യേ ഇവിടെ നിന്ന് ആരോഗ്യ പച്ച ശേഖരിച്ച് എന്നും ഐതീഹ്യം നിലവിലുണ്ട്. കൂടാതെ യക്ഷന്മാരുടെയും ഗന്ധര്‍വന്മാരുടെയും ദേവന്മാരുടെയും വിഹാരരംഗമായ കുടുക്കത്ത് പാറയും അനുബന്ധ സ്ഥലങ്ങളും അശുദ്ധം ആക്കിയാല്‍ യക്ഷ, ഗന്ധര്‍വ,ദേവന്മാരുടെ ശാപം ഉണ്ടാകുകയും അങ്ങനെ ഉള്ളവര്‍ക്ക് അനേക കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും എന്ന് പഴമക്കാര്‍ പറയുന്നു. അതിനാല്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ യാതൊരു പാഴ്വസ്തുക്കളും ഇവിടെ കളയാറില്ല.
മൂന്ന് പാറകൾ ചേർന്ന് വലിയ കുന്നുപോലെ കാണുന്ന ഇവിടെയെത്താൻ ആനക്കുളത്തു നിന്ന് വനഭാഗത്തൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. മുകളിലേക്ക് കയറാൻ പടവുകളും സുരക്ഷാവേലികളുമുണ്ട്. രണ്ട് പാറവരെ കയറാം. അടുത്തായി ഒരു തടയണയും, കാവും ഗുഹയുമുണ്ട് ഈ കാവിന് "കുടുക്കത്ത് കാവ്" എന്നും ഗുഹക്ക് "സായിപ്പ് ഗുഹ" എന്നുമാണ് പേര് വിളിക്കുന്നത്.
ബ്രിട്ടിഷ് ഭരണ കാലത്ത് സാഹസികരായ ബ്രിട്ടിഷുകാർ കുടുക്കത്തു പാറയോട് ചേർന്ന് ഗുഹയിൽ താമസ്സിച്ചതായും അങ്ങനെ ആ ഗുഹക്ക്
സായിപ്പ് ഗുഹ എന്ന് പേരും വന്നു എന്ന് പറയപ്പെടുന്നു.
ആനക്കുളം ജംഗ്ഷനിൽ നിന്നും ഇക്കോടൂറീസ്റ്റ് മേഖലയിലേക്കുള്ള യാത്ര ആരംഭിക്കുന്നതിനുള്ള കൂറ്റൻ ആർച്ച് സ്ഥാപിച്ചിരിക്കുന്നു.(ചിത്രം ചുവടെ)
സ്വന്തം വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ( കാർ, ജീപ്പ്, ബൈക്ക് മുതലായ ചെറിയ വാഹനങ്ങൾ) അകത്തേക്ക് ഓടിച്ച് പോകാം.
ഇരുവശത്തും വൃക്ഷക്കൂട്ടങ്ങൾ നിറഞ്ഞ പരുക്കൻ മൺപാത, ഉരുളൻ കല്ലുകൾ, അവിടവിടെ ഉയർന്നു നില്ക്കുന്ന വൃക്ഷങ്ങളുടെ വേരുകൾ എന്നിവ യാത്ര അതീവ രസകരവും ഹൃദ്യവുമാക്കുന്നു. ( ആൾക്കൂട്ടവും, തിരക്കും, കച്ചവടസ്ഥാപനങ്ങളോ ഒന്നുമില്ലാത്ത നിബിഢമായ വൃക്ഷ നിരകൾക്കിടയിലൂടെയുള്ള യാത്ര ഏതോ ഹോളിവുഢ് ഹൊറർ സിനിമയെ ഓർമ്മിപ്പിക്കുന്നുവെന്ന് കൂട്ടത്തിലൊരാൾ പറഞ്ഞു).
തടയണവരെ ഇങ്ങനെ ചെറിയ വാഹനങ്ങളിൽ സാഹസികമായി ഓടിച്ച് പോകാം, എന്നത് വളരെ സൗകര്യപ്രദമാണ്.( സുഹൃത് സംഘങ്ങൾക്കും, കുടുംബങ്ങൾക്കും കാൽനടയായി യാത്രയുടെ രസം നുകർന്ന് പോകുകയുമാവാം. )
തടയണ
ഇവിടെ വിശ്രമിക്കാനുള്ള സൗകര്യമുണ്ട്. ചുറ്റും കാടിന്‍റെ സമൃദ്ധി, അവയ്ക്കിടയിൽ ഉയർന്നുനില്‍ക്കുന്ന വിവിധ ആകൃതിയിലുള്ള കരിമ്പാറകൾ, കാഴ്ച്ചക്കാരന്റെ ഭാവനയ്ക്കനുസരിച്ച് ഓരോരോ രൂപങ്ങൾ സങ്കല്പ്പിച്ച് എടുക്കാവുന്ന തരത്തിലുള്ളവയാണ് അവയോരോന്നും.
സൂക്ഷിച്ച് കുത്തനെ ചരിഞ്ഞ ഒറ്റയടിപ്പാതയിലെ കാട്ടുചെടികൾ വകഞ്ഞുമാറ്റി താഴേക്കിറങ്ങിച്ചെന്നാൽ, ഉരുളൻ പാറകൾക്കിടയിലായി തടയണ കാണാം.
മഴക്കാലത്ത് ജലസമൃദ്ധമാണെങ്കിലും വേനലിൽ അത് വരണ്ടതാണ് എന്നത് കുറച്ച് സങ്കടം സഞ്ചാരിയുടെ ഉള്ളിലുണ്ടാക്കും. ഒരു പുഴ, അല്ലെങ്കിൽ ഒരു കുഞ്ഞരുവി ഈ മരക്കൂട്ടങ്ങൾക്കിടയിൽ വറ്റാതെ ഒഴുകിയിരുന്നെങ്കിലെന്ന് നമ്മൾ അതിയായി ആഗ്രഹിച്ച് പോകുന്ന നിമിഷം. തിരിച്ച് കാട്ടുചെടികൾക്കിടയിലൂടെ മുകളിലേക്ക് നടക്കുമ്പോൾ അതൊരു മോഹഭംഗമായി മനസ്സിലുണ്ടാകും.
ഇനിയാണ് ശരിയായ കയറ്റം തുടങ്ങുന്നത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ മുകളിലേക്ക് കയറാം. കയറ്റം തുടങ്ങുന്ന ഭാഗത്ത് കുറച്ച് കഠിനമാണെങ്കിലും, മുകളിലേക്ക് കയറുംതോറും അത് ആയാസരഹിതമാകുന്നുണ്ട്.
കുടിക്കാനായി ശുദ്ധജലം കരുതുന്നത് വളരെ നല്ലതാണ് എന്ന് അനുഭവം പഠിപ്പിക്കുന്നു, ഇതിനുള്ളിൽ കച്ചവടസ്ഥാപനങ്ങളോ , സ്റ്റാളുകളോ ഒന്നും തന്നെയില്ല. തികച്ചും നൈസർഗ്ഗികമായ ഭൂപ്രകൃതിമാത്രം, അതുകൊണ്ട് ആനക്കുളം ജംഗ്ഷനിൽ നിന്നുതന്നെ വെള്ളം കരുതുന്നതാണ് നല്ലത്.
ഒപ്പം ഒരപേക്ഷകൂടി വെള്ളകുപ്പികൾ ഉൾപ്പെടെയുള്ള ഒരു പ്ളാസ്റ്റിക്ക് വസ്തുക്കളും ദയവായി ഈ ജൈവസമൃദ്ധിയിൽ വലിച്ചെറിയരുത്.
മുകളിൽ നമുക്കുവേണ്ടി കാത്തിരിക്കുന്നത് അവിസ്മരണീയമായ കാഴ്ചകളാണ്. കുടുക്കത്ത്പാറ എന്നത് ആകാശം മുട്ടെ ഉയർന്നുനില്ക്കുന്ന ഒരു കൂറ്റൻ കരിമ്പാറയാണ്, അജയ്യമായി അതങ്ങ് ഉയർന്ന് നില്ക്കുന്നു, അതിനരികിലേക്കാണ് നമ്മുടെ യാത്ര.
അവിടേക്ക് കയറിയെത്താൻ അല്പം പ്രയത്നം ആവശ്യമാണ്. എത്തിയാലോ, സമുദ്രനിരപ്പിന് വളരെ മുകളിൽ ആകാശത്തേക്ക് തലയുയർത്തി നില്ക്കുന്ന പടുകൂറ്റൻപാറയുടെ വശങ്ങളിലായി ചിറകുകൾ വിടർത്തിയപോലെ മറ്റനേകം പാറകൾ.അവയ്ക്കിടയിൽ അപൂർവ്വങ്ങളായ വൃക്ഷങ്ങൾ പലതും പുഷ്പിച്ചുനില്ക്കുന്നു. നമ്മളിതുവരെ കണ്ടിട്ടില്ലാത്ത പൂക്കൾ, വിവിധ വർണങ്ങളിൽ കാണാം.
അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ കുടുക്കത്തു പാറക്കു മുകളിലെ
"ഗന്ധര്‍വന്‍ പാല"
പാറകൾക്ക് മുകളിൽ ഇക്കോടൂറിസത്തിന്റെ ഭാഗമായി നിർമ്മിച്ച സുരക്ഷാവേലികൾ, അവയ്ക്കിടയിലൂടെ സൂക്ഷിച്ച് വശങ്ങളിലേക്ക് നീങ്ങി നിന്ന് , താഴ് വരയിൽ നിറഞ്ഞ കാടിന്റെ വന്യത കാണാം.
വീശിയടിക്കുന്ന കാറ്റിൽ ഇരുകൈകളും വശങ്ങളിലേക്ക് വിടർത്തി അവർണനീയമായ അനുഭൂതിയിലേക്ക് ഉയരുമ്പോൾ, ഉറക്കെ ആരവം മുഴക്കാൻ തോന്നും. തണുത്ത കാറ്റിൽ വസ്ത്രങ്ങൾ ശരീരത്തോടൊട്ടുകയും, ഒരു തൂവൽ പോലെ നിങ്ങളുടെ മനസ്സും ശരീരവും ഭാരരഹിതമായിത്തീരുകയും ചെയ്യും.