പുനലൂരിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്‍പ് "പൂവണ്ണും മൂട് ബസ്സ് സ്റ്റാന്റ് " എന്നും "മാവും മൂട് ബസ്സ് സ്റ്റാന്റ്" എന്നും വിളിച്ചിരുന്നു.ഇപ്പോഴത്തെ ഫാഷന്‍ ജ്യുവലറിക്കും പി.എന്‍.എസ് ടെക്സ്റ്റല്‍സിനും മദ്ധ്യേ റോഡ് സൈഡില്‍ നില്‍ക്കുന്ന പൂവണ്ണിന്റെ പേര് ചേര്‍ന്നാണ് അന്ന് പൂവണ്ണും മൂട് ബസ്സ് സ്റ്റാന്റ് എന്ന് പേര് വിളിച്ചിരുന്നത്.ഈ പൂവണ്ണിന് ഏതാണ്ട് അറുപതിലധികം വര്‍ഷത്തെ പഴക്കം ഉണ്ട്.അത് പോലെ സുപ്രിയ മെഡിക്കല്‍ സ്റ്റോറിനു മുന്‍പില്‍ ഒരു കപ്പ മാവു നിന്നിരുന്നു. കിഴക്കോട്ടു പോകുന്ന ബസ്സുകള്‍ ഹാജി അബ്ദുള്‍ ഖാദറുടെ മെഡിക്കല്‍ സ്റ്റോറിനു മുന്‍വശം തുടങ്ങി പൂവണ്ണും മൂട് വരെ നിരന്നു കിടന്നിരുന്നു. പടിഞ്ഞാറോട്ട് വരുന്ന ബസ്സുകള്‍, മാവിന്‍ മൂട്ടില്‍ പാര്‍ക്ക് ചെയ്യുമായിരുന്നു.ആദ്യകാലത്ത് പരിമിതമായ സര്‍വീസേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാം ലോക മഹായുദ്ധത്തില്‍ പെട്രോള്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ ആവി കൊണ്ട് പ്രവര്‍ത്തിക്കുന്ന ബസ്സുകള്‍ രംഗത്ത് വന്നു. നാല് സൈഡും തുറസ്സായിരുന്ന ബസ്സിനുള്ളില്‍ ബഞ്ചുകള്‍ പോലെ സീറ്റുകള്‍ ഘടിപ്പിച്ച് യാത്രക്കാര്‍ക്ക് ഇരിപ്പിടം ഒരുക്കിയിരുന്നു.മുപ്പതിലധികം പേര്‍ക്ക് യാത്ര ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല.ബസ്സിന്റെ പുറകില്‍ കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന ട്രെയിനിന്റെ ആവി കുഴല്‍ പോലെയുള്ള ഒരു ആവിക്കുഴലുണ്ടായിരുന്നു.ആവിയുടെ ശക്തി കൊണ്ടാണ് ബസ് പ്രവര്‍ത്തിച്ചിരുന്നത്.ബസിന്റെ മുന്നിലുള്ള ദ്വാരത്തില്‍ കൂടി കമ്പി കടത്തി ആണ് ബസിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ടാക്കിയിരുന്നത്.

ആദ്യമായി പീറ്റര്‍ പെരേരയുടെ ബര്‍മ്മ സര്‍വീസ് കൊല്ലം പുനലൂര്‍ സര്‍വീസ് നടത്തി. സദാനന്ദപുരം ആശ്രമത്തിലെ സ്വാമിയുടെ കുളത്തൂപ്പുഴ കൊല്ലം സര്‍വീസ് തുടങ്ങി.തുടര്‍ന്ന് ഹമീദിയ സര്‍വീസും ഈ റൂട്ടുകളില്‍ ബസ് ഓടിച്ചു.കോഴഞ്ചേരി,പുനലൂര്‍ വഴി തിരുവനന്തപുരത്തേക്ക് സെന്റ് ജോര്‍ജ് സര്‍വീസ് ആരംഭിച്ചു.ബാലഗോപാലനും,മനോഹരനും കോന്നി കൊല്ലം തുടങ്ങി ഉദയ പ്രസ് ഭാസ്കരന്‍ പിള്ളയുടെ ഉദയ ബസ് കൊട്ടാരക്കര ചെങ്കോട്ട ആരംഭിച്ചു.എം.വൈ.എസ്.എന്നാ പേരില്‍ എം.യൂസഫ് ജാന്‍ ഭായിയുടെ ഇരുപതോളം ബസ് സര്‍വീസ് വിവിധ റൂട്ടുകളില്‍ ഓടി തുടങ്ങി.ബ്രിട്ടാനിയക്കാരുടെ കുളത്തുപ്പുഴ കായംകുളവും,കൊല്ലം കുളത്തുപ്പുഴയും ഓടി.സി.കെ.കുഞ്ഞിന്റെ വക ഹാരീസ് സര്‍വീസും പുനലൂരില്‍ നിന്നും പുറപ്പെട്ടിരുന്നു.ചന്ദ്രിക ബസ് സര്‍വീസും മുന്നില്‍ തന്നെ ഉണ്ടായിരുന്നു നെല്‍സന്‍ മോട്ടേഴ്സ്,സ്വരാജ് മോട്ടേഴ്സ്, ഇന്ദിര,പങ്കജ,കന്നി മോട്ടോഴ്സുകളും സര്‍വീസ് നടത്തിയിരുന്നു.
പിന്നീട് ഹാജി യാക്കൂബ് സേട്ടിന്റെ പെട്രോള്‍ ബസുകള്‍ സര്‍വീസ് നടത്തനാരംഭിച്ചു. അദ്ധേഹത്തിനു എല്ലാ ജില്ലയിലും സര്‍വീസ് ഉണ്ടായിരുന്നു.പുനലൂരിലെ ആദ്യത്തെ പെട്രോള്‍ പമ്പും ഇദ്ധെഹത്തിന്റെത് ആയിരുന്നു.സി.ഓണര്‍,പ്രഭാത് മോട്ടേഴ്സ് എന്നീ സര്‍വീസുകളും നടത്തിയിരുന്നു.
പീറ്റര്‍ പെരെരയുടെയും,ഉദയഭാസ്കരന്‍ പിള്ളയും,എം.യുസഫ് ജാന്‍ ബായിയും,ബോസ് കുറുപ്പും, ശ്രീ കൃഷ്ണ വിജയന്‍ പിള്ളയും,ഷാജഹാന്‍ മോട്ടോര്‍ ഉടമ ഷാജഹാനും,സി.കെ.എം.എസ്.ഉടമ ഹുസ്സന്‍ ഖാനും,പുനലൂര്‍ സ്വദേശികളായിരുന്നു.അക്കാലത്തുണ്ടായിരുന്ന ലോറികളും,കരി ഗ്യാസിലാണ് ഓടിയിരുന്നത്.ലോറിയുടെ ക്യാബിന്റെ വലത്തായിട്ടായിരുന്നു കരി ബാരല്‍ ഫിറ്റു ചെയ്തിരുന്നത് .