Yeroor History - ഏരൂര്‍ ചരിത്രം

ഏരൂര്‍ കൊല്ലം ജില്ലാ പഞ്ചായത്തിലെ പതിമൂന്നു ബ്ളോക്കു പഞ്ചായത്തുകളിലൊന്നായ അഞ്ചല്‍ ബ്ളോക്കില്‍ ഉള്‍പ്പെട്ടതാണ് മലയോരഗ്രാമമായ ഏരൂര്‍ ഗ്രാമപഞ്ചായത്ത്. പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും പതിനാറു കിലോമീറ്റര്‍ തെക്കുകിഴക്കും അഞ്ചല്‍ പട്ടണത്തില്‍ നിന്നും നാലു കിലോമീറ്റര്‍ കിഴക്കുമാറിയുമാണ് ഈ പഞ്ചായത്തിന്റെ സ്ഥാനം. പത്തനാപുരം താലൂക്കില്‍പെട്ട 22.43 ചി.കി.മീ വിസ്തൃതിയുള്ള ഏരൂര്‍ വില്ലേജും 19.7 ച.കി.മീ വിസ്തൃതിയുള്ള ആയിരനെല്ലൂര്‍ വില്ലേജും ആര്യങ്കാവ് വനത്തില്‍പെട്ട 2.61 ച.കി.മീ വനഭൂമിയും ഉള്‍പ്പെടെ ഈ പഞ്ചായത്തിന്റെ മൊത്തം വിസ്തൃതി 44.79 ച.കി.മീ ആണ്.  ഏരൂര്‍ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴില്‍ എന്ന് ഈ പേരു തന്നെ സൂചന നല്‍കുന്നു. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറേ ചരുവിനെ ചുംബിച്ചുനില്‍ക്കുന്ന കുളത്തൂപ്പുഴ പഞ്ചായത്തിന്റെ പടിഞ്ഞാറുവശത്താണ് ഏരൂര്‍ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഏരൂര്‍ പഞ്ചായത്തിന്റെ പടിഞ്ഞാറ് അഞ്ചല്‍, കരവാളൂര്‍ എന്നീ പഞ്ചായത്തുകളും വടക്ക് തെന്മല പഞ്ചായത്തും പുനലൂര്‍ മുനിസിപ്പാലിറ്റിയും തെക്ക് അലയമണ്‍ പഞ്ചായത്തും അതിര്‍ത്തി പങ്കുവയ്ക്കുന്നു. ജനക്ഷേമതല്പരരായിരുന്ന വേണാട്ടരചരും തുടര്‍ന്ന് തിരുവിതാംകൂര്‍ രാജാക്കന്മാരും വാണരുളിയ പഴയകാലത്ത് വനനിബിഡവും അവികസിതവുമായ ഈ ഗ്രാമത്തില്‍ കാര്യമായ വികസനമൊന്നും നടന്നതായി അറിവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തൊട്ടടുത്തുള്ള തമിഴ്നാടിന്റെ പ്രദേശങ്ങളുമായി ഈ ഗ്രാമത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നു. 1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പാണ്  ഏരൂര്‍ പഞ്ചായത്തിന് ജന്മം നല്‍കിയത്. ഇന്നത്തെ തെന്മല പഞ്ചായത്തും കുളത്തൂപ്പുഴ പഞ്ചായത്തും ഏരൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ ഏരൂര്‍ പഞ്ചായത്ത്. സമീപസ്ഥമായ പഞ്ചായത്തുകള്‍ക്ക് ജന്മം നല്‍കുന്നതിന് ഏരൂര്‍ പഞ്ചായത്തിനെ പല തവണ വിഭജിച്ചിട്ടുണ്ട്. അങ്ങനെ വിശാലവും പ്രകൃതിരമണീയവും സഹ്യസാനുക്കളില്‍പെട്ട ഫലഭൂയിഷ്ടവുമായ കിഴക്കും വടക്കുമുള്ള പ്രദേശം മുഴുവന്‍ പുതിയ മൂന്നു പഞ്ചായത്തുകള്‍ക്കു ജന്മം നല്‍കാന്‍ വിട്ടുകൊടുത്തുകൊണ്ട് കല്ലടയാറിന്റെ തെക്കുഭാഗത്തേക്ക് പുതിയ ഏരൂര്‍ പഞ്ചായത്ത് വഴി മാറികൊടുത്തു.

സാമൂഹിക-സാംസ്കാരിക ചരിത്രം

 1953-ല്‍ നടന്ന ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞടുപ്പിനേത്തുടര്‍ന്നാണ് ഏരൂര്‍ പഞ്ചായത്ത് രൂപം കൊള്ളുന്നത്. ഏരൂര്‍ പഞ്ചായത്ത് എന്നു നാമകരണം ചെയ്തുവെങ്കിലും  പഞ്ചായത്തിന്റെ ആസ്ഥാനം  കുളത്തൂപ്പുഴ ആയിരുന്നു. ഇന്നത്തെ ആര്യങ്കാവ് പഞ്ചായത്തില്‍പ്പെട്ട പ്രദേശങ്ങള്‍ അന്ന് പുളിയറ പഞ്ചായത്തിലായിരുന്നു. കഴുതുരുട്ടി മുതല്‍ പടിഞ്ഞാറോട്ടുള്ള പ്രദേശങ്ങളെല്ലാം വെഞ്ച്വര്‍ എസ്റ്റേറ്റ് ഒഴിച്ചുള്ള തോട്ടം മേഖല ഉള്‍പ്പെടുന്ന ഹില്‍ക്കര വാര്‍ഡും ഇന്നത്തെ തെന്മല പഞ്ചായത്തും കുളത്തൂപ്പുഴ പഞ്ചായത്തും ഏരൂര്‍ പഞ്ചായത്തും ചേര്‍ന്നുള്ള മുഴുവന്‍ പ്രദേശങ്ങളും ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ ഏരൂര്‍ പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് ഏരൂര്‍ കെ.രാമചന്ദ്രനായിരുന്നു.  വിസ്തൃതമായ ഭൂപ്രദേശമായിരുന്നു ആദ്യം രൂപം കൊണ്ട ഏരൂര്‍ പഞ്ചായത്ത്. ഏരൂര്‍ പഞ്ചായത്തിന്റെ കിഴക്കും വടക്കുമുള്ള വിശാലമായ ഭൂപ്രദേശത്തെ ഏരൂര്‍ പഞ്ചായത്തില്‍ നിന്നും വകഞ്ഞുമാറ്റി കുളത്തൂപ്പുഴ, തെന്മല എന്നിങ്ങനെ രണ്ടു പുതിയ പഞ്ചായത്തുകള്‍ സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം 1969-ലെ പഞ്ചായത്തുവിഭജനഫലമായി തെന്മല പഞ്ചായത്തിനെ വീണ്ടും തെന്മല, ആര്യങ്കാവ് എന്നീ രണ്ട് പഞ്ചായത്തുകളായി വിഭജിച്ചു. ഏരൂര്‍ ഗ്രാമത്തിന്റെ ചരിത്രം നൂറ്റാണ്ടുകള്‍ക്കുമുമ്പാരംഭിക്കുന്നു. ഏരിന്റെ അതായത് കന്നുജോഡികളുടെ ഊരായതുകൊണ്ടാണ് ഏരൂര് എന്ന് ഈ ഗ്രാമത്തിന് പേരുണ്ടായതെന്ന്  ഐതിഹ്യം. കൃഷിയും കന്നുകാലി വളര്‍ത്തലുമായിരുന്നു ഇവിടുത്തെ ഗ്രാമീണരുടെ മുഖ്യതൊഴില്‍ എന്ന് ഈ പേരു തന്നെ സൂചന നല്‍കുന്നു. പഴയകാലത്ത് വനനിബിഡവും അവികസിതവുമായ ഈ ഗ്രാമത്തില്‍ കാര്യമായ വികസനമൊന്നും നടന്നതായി അറിവില്ല. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ തൊട്ടടുത്തുള്ള തമിഴ്നാടുമായി ഈ ഗ്രാമത്തിനു വ്യാപാര ബന്ധമുണ്ടായിരുന്നു. കിഴക്കേവയല്‍, പഴയേരൂര്‍ പാടങ്ങളില്‍ വലിയ കന്നുകാലിച്ചന്തകള്‍ നടന്നിരുന്നു. മകരക്കൊയ്ത്തു കഴിഞ്ഞ് ഉണങ്ങിക്കിടക്കുന്ന പാടങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് ധാരാളം കന്നുകാലികളെ കൊണ്ടുവന്ന് കച്ചവടം നടത്തിവന്നിരുന്നു. എന്നാല്‍ അരനൂറ്റാണ്ടുമുമ്പുതന്നെ ഈ കാലിച്ചന്തകള്‍ നിലച്ചുപോയി. ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയമാണ് തൃക്കോയിക്കല്‍  ശ്രീനരസിംഹസ്വാമി ക്ഷേത്രം.  തിരു കോവില്‍ കല്‍ എന്നീ മൂന്നു വാക്കുകളുടെ സംയോഗത്തില്‍ നിന്നുത്ഭവിച്ചതാണ് തൃക്കോയിക്കല്‍ എന്ന പദം എന്നാണ് പറയപ്പെടുന്നത്. സാക്ഷാല്‍ ശ്രീപരശുരാമനാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം. ഈ മഹാക്ഷേത്രത്തിനു സമീപം ബ്രാഹ്മണരുടെ ആവാസകേന്ദ്രമായിരുന്നു. തൃക്കോയിക്കല്‍ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളായ ഏരൂര്‍ ഗണപതിക്ഷേത്രവും ആയിരവല്ലിക്ഷേത്രവും പാണ്ഡവന്‍ കുന്നിലെ ദേവീക്ഷേത്രവും സമീപത്തായി സ്ഥിതി ചെയ്യുന്നു. ശ്രീആയിരവല്ലി ക്ഷേത്രത്തിനു സമീപത്തുള്ള ചാവരുകോണമെന്ന സ്ഥലത്ത് ഉണ്ടായിരുന്ന ചാവരുകാവും ചാവരുപാറയും പട്ടികജാതിക്കാരുടെ മാത്രം ആരാധനകേന്ദ്രമായിരുന്നു. അവിടുത്തെ പൂജാരിക്ക് ഊരാളി എന്ന സ്ഥാനപ്പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇന്നും അവിടെ ഊരാളിക്കുടുംബക്കാരുണ്ട്. തൃക്കോയിക്കല്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും 9 ദിവസത്തെ ഉത്സവം ആഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്നു. ഉത്സവകാലത്ത് ബ്രാഹ്മണര്‍ക്കു സദ്യ നടത്തുക പതിവായിരുന്നു. ക്ഷേത്രം വക നെല്ലു സൂക്ഷിച്ചിരുന്നത് അറപ്പുരയിലായിരുന്നു. ബ്രാഹ്മണര്‍ക്ക് ഊട്ട് (സദ്യ) നടത്തിയിരുന്ന സ്ഥലത്തിന് മേലൂട്ട് എന്നും ഇതരജാതിക്കാര്‍ക്ക്  ഭക്ഷണം നല്കി വന്ന സ്ഥലത്തിന് കീഴൂട്ട് എന്നും ബ്രാഹ്മണര്‍ക്കുവേണ്ടി കളമെഴുത്തും പാട്ടും നടത്തിയ സ്ഥാനത്തിന് മേലേപാട്ടുപുര എന്നും കീഴ്ജാതിക്കാര്‍ക്കുവേണ്ടി പാട്ടു നടത്തിവന്ന സ്ഥലത്തിന് കീഴേപാട്ടുപുര എന്നും നാമകരണം ചെയ്തിരുന്നു. അന്നു നിലനിന്നിരുന്ന ബ്രാഹ്മണമേധാവിത്വത്തിന്റെ ചരിത്രസ്മാരകങ്ങളായി ഇന്നും ആ പേരുകളുള്ള കുടുംബക്കാര്‍ ഇവിടെയുണ്ട്. കൃഷിയും കൃഷിരീതികളും വിളവെടുപ്പുമായും ബന്ധപ്പെട്ടാണ് കര്‍ഷകരുടെ നാടായ ഏരൂരിന്റെ സംസ്ക്കാരം വളര്‍ന്നത്. കൃഷിപ്പാട്ടുകളായ ഞാറ്റുപാട്ടുകള്‍, കൊയ്ത്തുപാട്ടുകള്‍, കന്നുകാലിവളര്‍ത്തലുമായി ബന്ധപ്പെട്ട പാട്ടുകള്‍ ഒക്കെ നിറഞ്ഞുനിന്ന ഗ്രാമീണ സംസ്ക്കാരമായിരുന്ന ഇവിടുത്തേത്. നാടന്‍ കലകളായ വേലന്‍ തുള്ളല്‍, കോലംതുള്ളല്‍, പറയന്‍തുള്ളല്‍, ഹരികഥാകാലക്ഷേപം, കമ്പടികളി, കുത്തിയോട്ടം, തിരുവാതിരകളി മുതലായ കലകളും ഉണര്‍ത്തുപാട്ട്, താരാട്ടുപാട്ട്, തിരുവാതിരപ്പാട്ട് മുതലായ നാടന്‍പാട്ടുകളും ഈ ഗ്രാമത്തിന്റെ പ്രധാനവിനോദോപാധികളായി ഇവിടുത്തെ ജന്മിമാരുടെ തറവാട്ടങ്കണത്തില്‍ അരങ്ങേറിയിരുന്നു. തുടര്‍ന്നുള്ള കാലഘട്ടങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാനം, ഭൂവുടമാസമ്പ്രദായത്തിലുണ്ടായ മാറ്റം എന്നിവയുടെ ഫലമായി നാടന്‍കലകളെ പ്രമാണിമാരുടെ പ്രാകാരകെട്ടുകള്‍ക്കുള്ളില്‍ നിന്നും സാധാരണക്കാരന്റെ മുറ്റത്തേക്കാനയിച്ചു. ഇന്ന് കുത്തിയോട്ടമൊഴിച്ചു മേല്‍പറഞ്ഞ നാടന്‍കലകളില്‍ മിക്കവയും ഏതാണ്ട് നാമാവശേഷമായിരിക്കുന്നു. പഴയകാലത്ത് ഈ ഗ്രാമത്തിലെ ഭൂസ്വത്തുക്കള്‍ ഭൂരിഭാഗവും ഏതാനും ജന്മികുടുംബങ്ങളുടെ വകയായിരുന്നു. ഏതാണ്ടര നൂറ്റാണ്ടിനുമുമ്പ് ഭൂമിക്കുവേണ്ടിയും മര്യാദപ്പാട്ടം നടപ്പാക്കികിട്ടുന്നതിനുവേണ്ടിയും പുരോഗമനപ്രസ്ഥാനങ്ങളുടെയും കര്‍ഷകസംഘത്തിന്റെയും നേതൃത്വത്തില്‍ സമരങ്ങള്‍ സംഘടിക്കപ്പെട്ടു. ഈ ഗ്രാമത്തിലെ ഏറ്റവും പഴക്കമുള്ള വിദ്യാലയമായ ഏരൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ഏതാണ്ട് ഒന്നരനൂറ്റാണ്ട് മുമ്പ്  പ്രൈമറി സ്കൂളായിട്ടാണ് ആരംഭിച്ചത്. കേരളത്തിലെ ഇതരഭാഗങ്ങള്‍ വിദ്യാഭ്യാസപരമായി അന്ധകാരത്തിലാണ്ടുകിടന്ന കാലത്ത് ഇവിടെ പ്രാഥമിക വിദ്യാഭ്യാസ സൌകര്യമുണ്ടായിരുന്നു. ഏരൂര്‍ പഞ്ചായത്തില്‍ ഇപ്പോള്‍ നാലുഹൈസ്കൂള്‍ഉള്‍പ്പെടെ 15 വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 1960-കളുടെ ആരംഭത്തോടുകൂടി ഇവിടെ പുരോഗമനപ്രസ്ഥാനങ്ങള്‍ അവഗണിക്കാനാവാത്ത വിധം ജനസ്വാധീനം നേടിക്കഴിഞ്ഞിരുന്നു. തുടര്‍ന്നുവന്ന കാര്‍ഷികബന്ധനിയമവും കര്‍ഷകപ്രസ്ഥാനങ്ങളുടെ സംഘടിത സമരങ്ങളും ഭൂവുടമാസമ്പ്രദായത്തിന്റെ അലകും പിടിയും മാറ്റി. വിദ്യാഭ്യാസമേഖല അതിവേഗം വളര്‍ന്നു.

Yeroor History ,ഏരൂര്‍ ചരിത്രം

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.