കൊല്ലം ജില്ലയില്‍, പത്തനാപുരം താലൂക്കില്‍, അഞ്ചല്‍ ബ്ളോക്കുപരിധിയില്‍
കരവാളൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. വടക്കുകിഴക്കുഭാഗത്ത്
വിളക്കുടി പഞ്ചായത്തും, പുനലൂര്‍ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത്
വെട്ടിക്കവല പഞ്ചായത്തും, തെക്കുഭാഗത്ത് ഇടമുളയ്ക്കല്‍, അഞ്ചല്‍
പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആയിരനെല്ലൂര്‍ നിക്ഷിപ്തവനമുള്‍പ്പെടുന്ന
ഏരൂര്‍ പഞ്ചായത്തുമാണ് കരവാളൂര്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ വരുന്ന
പ്രദേശങ്ങള്‍. ഈ പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങള്‍ കരവാളൂര്‍, മാത്ര,
നരിക്കല്‍, എരിച്ചിക്കല്‍, അടുക്കളമൂല എന്നിവയാണ്. കരവാളൂര്‍
ഗ്രാമപഞ്ചായത്ത് തികച്ചും ഒരു കാര്‍ഷികഗ്രാമമാണ്. കൃഷിയാണ് പ്രധാന
വരുമാനമാര്‍ഗ്ഗം. ജനസംഖ്യയുടെ 75 ശതമാനവും കര്‍ഷകരാണ്. ഉയര്‍ന്ന
മലമ്പ്രദേശങ്ങളും നെല്‍വയലുകളും അടങ്ങിയതും അതേസമയം വലിയ പുഴകളോ തോടുകളോ
ഇല്ലാത്തതുമായ ഒരു പ്രദേശമാണ് കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്. സാമ്പത്തിക
സാമൂഹ്യ സാംസ്കാരികമേഖലകളിലൊക്കെ തൊട്ടടുത്ത വലിയ പട്ടണമായ പുനലൂരുമായി
അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമാണ് കരവാളൂര്‍ ഗ്രാമ പഞ്ചായത്ത്.
തികച്ചും ഗ്രാമീണമായ ഈ പഞ്ചായത്തില്‍ പട്ടണങ്ങളോ വലിയ അങ്ങാടികളോ
പോലുമില്ല. ഒട്ടുമിക്ക കാര്യങ്ങള്‍ക്കും പുനലൂരിനേയോ അഞ്ചലിനേയോ ആണ്
ഇവിടുത്തുകാര്‍ ആശ്രയിക്കുന്നത്.
[ads-post]
സാമൂഹ്യ-സാംസ്കാരികചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍
നെല്‍കൃഷിയില്‍ നിന്നുള്ള ആദായമായിരുന്നു കരവാളൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ
പ്രധാന ജീവിതമാര്‍ഗ്ഗം. നെല്‍പ്പാടങ്ങളുടെ ഉടമസ്ഥത ഏതാനും
കര്‍ഷകകുടുംബങ്ങള്‍ക്കു മാത്രമായിരുന്നു. കര്‍ഷകത്തൊഴിലാളികളും ഉടമസ്ഥനും
തമ്മില്‍ നല്ല ബന്ധം നിലനിന്നിരുന്നുവത്രെ. നാട് സമൃദ്ധമായിരുന്നുവെങ്കിലും
ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് അരിയുടേയും, മറ്റു
ഭക്ഷ്യധാന്യങ്ങളുടെയും ദൌര്‍ലഭ്യം മൂലം ഈ പഞ്ചായത്തിലെ ജനങ്ങള്‍ ഒരു
നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടിയിട്ടുണ്ട്. കരവാളൂര്‍ പീഠിക
ഭഗവതിക്ഷേത്രമാണ് പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം. ഇവിടുത്തെ
ഉത്സവം 6 ദിവസം നീണ്ടുനില്‍ക്കുന്നു. തിരുവാതിര ദിവസം ഇവിടുത്തെ
എഴുന്നള്ളത്തും അതിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകളും കാണുന്നതിനായി
പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും ആയിരക്കണക്കിന് ആള്‍ക്കാര്‍
ഒത്തുകൂടാറുണ്ട്. മാത്ര ആയിരവല്ലിക്ഷേത്രം, വെഞ്ചമ്പ് ശിവക്ഷേത്രം,
വിഷ്ണുക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങളും കെങ്കേമമാണ്. പേന്നട ഉള്‍പ്പടെ
ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങള്‍ മിക്കവാറും എല്ലാ
വാര്‍ഡുകളിലുമുണ്ട്. മാത്രയിലെ ജയഭാരത് വായനശാലയാണ് പഞ്ചായത്തിലെ ഏറ്റവും
മികച്ചനിലയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാല. 1950-ല്‍ ആരംഭിച്ച ഈ
വായനശാലയില്‍ ഇപ്പോള്‍ 1500-ഓളം അംഗങ്ങളും 7000-ത്തോളം പുസ്തകങ്ങളുമുണ്ട്.
വെഞ്ചമ്പ് ദേശസേവിനി വായനശാല 1951-ല്‍ ആരംഭിച്ചതാണ്. ഇപ്പോള്‍ പ്രവര്‍ത്തനം
സജീവമാണ്. 300-ഓളം അംഗങ്ങളും 3000-ത്തിലധികം പുസ്തകങ്ങളും ഇവിടെയുണ്ട്.
പത്തനാപുരം താലൂക്കിലെ തന്നെ അറിയപ്പെടുന്ന ഗ്രന്ഥശാലയായിരുന്ന കരവാളൂര്‍
ഗ്രാമീണ വായനശാല ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. 19-ാം നൂറ്റാണ്ടിന്റെ
അവസാനകാലഘട്ടത്തിലും 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിലും അങ്ങിങ്ങായി ചില
നിലത്തെഴുത്താശാന്മാര്‍ നടത്തിയിരുന്ന വിദ്യാകേന്ദ്രങ്ങളായിരുന്നു
പഞ്ചായത്തില്‍ നിലനിന്നിരുന്നത്. കൃഷിയിലും കാലിവളര്‍ത്തലിലും
ഏര്‍പ്പെട്ടിരുന്ന ഇവിടുത്തെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ഒരാവശ്യമായി
തോന്നിയിരുന്നില്ല. കൂടാതെ ഭൂമിശാസ്ത്രപരമായ കിടപ്പുമൂലം മഴ പെയ്താലുടന്‍
വെള്ളംപൊങ്ങുന്ന തോടുകളും വിദ്യാഭ്യാസത്തിന് കുട്ടികളെ അയക്കുന്നതിന്
തടസ്സമായിരുന്നു. എന്നാല്‍ നാട്ടുപ്രമാണിമാര്‍, വിദ്യാഭ്യാസപ്രമുഖര്‍,
സമുദായികസംഘടനകള്‍ തുടങ്ങിയ പ്രേരകശക്തികളുടെ പ്രവര്‍ത്തനവും
തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ പത്തനാപുരം
താലൂക്കിനെ നിര്‍ബന്ധിതവിദ്യാഭ്യാസ മേഖലയായി വിളംബരം പുറപ്പെടുവിച്ചതും
കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നതിന് രക്ഷകര്‍ത്താക്കളെ
പ്രേരിപ്പിക്കുകയും അത് പഞ്ചായത്തിലെ വിദ്യാഭ്യാസമുന്നേറ്റത്തിനു
വഴിയൊരുക്കുകയും ചെയ്തു.
Post a Comment