
പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ് ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം .KPLAC യുടെ ചരിത്രം എന്നത് ഇവിടെയുള്ള ഓരോരുത്തരുടെയും ചരിത്രമാണെന്ന് തന്നെ പറയാം,കാരണം ഈ പ്രസ്ഥാനവുമായി,ഇതിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലും ബന്ധപ്പെടാത്തവര്‍ ഈ പ്രദേശത്ത് വിരളമാണ്.
KPLAC യുടെ ആദ്യ രൂപമായ വൈ.എം.എ എന്ന സംഘടനക്ക് തുടക്കം കുറിച്ച മഹാരഥന്മാരെല്ലാം കാല യവനികയ്ക്കുള്ളില്‍ മറഞ്ഞു .ഈ പ്രദേശത്തെ ആദ്യ ബിരുധദാരി ആയ
തമ്പി സാര്‍,പയ്യംകുന്നില്‍ രഘുവരന്‍ എന്നറിയപ്പെടുന്ന നാരായണന്‍ സാര്‍,അവരുടെ സുഹൃത്തുക്കള്‍ ആയിരുന്ന ഉഗ്രന്‍കുന്നില്‍ ഗോവിന്ദന്‍,ശ്രീധരന്‍ വൈദ്യര്‍,പുന്നൂസ് അച്ചായന്‍ (മറ്റുള്ളവരുടെ പേരുകള്‍ ലഭ്യമല്ല) തുടങ്ങിയ ഒരു കൂട്ടം ഉല്‍പതിഷ്ണുക്കളുടെ ശ്രമഫലമായി 1954 രൂപം കൊണ്ടതാണ് വൈ.എം.എ. എന്ന റീഡിംഗ് റൂം.ഇപ്പോള്‍ ജീവാ നഴ്സിംഗ് ഹോം സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തിച്ചിരുന്നത്.അവിടെ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ട്യുഷന്‍ എടുത്തിരുന്നതായി ഓര്‍മ്മ ഉള്ളവര്‍ ഉണ്ട്.ഏകദേശം ആറു മാസത്തോളം മാത്രമേ അതിന്റെ പ്രവര്‍ത്തനം ഉണ്ടായിരുന്നുള്ളൂ .അതിനു ശേഷം നിലച്ചു പോകുകയാണ് ഉണ്ടായത്.
അതിന് ശേഷം 10 വര്‍ഷക്കാലം കഴിഞ്ഞു 1964 ല്‍ ആണ് വീണ്ടും ഒരു വായനശാലയുടെ ആശയം ഉടലെടുക്കുന്നത്. 1964 ഒക്ടോബര്‍ 23 ന് ശ്രീ.പി.അര്‍ജുനന്‍, ശ്രീ കുമ്പളം ജോസഫ്, ശ്രീ.കെ.പങ്കജാക്ഷന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു പൊതു യോഗം ചേരുകയും അതില്‍ വെച്ച് പീപ്പിള്‍സ് ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂം,കലയനാട് എന്നാ ഗ്രന്ഥശാലക്ക് തുടക്കം കുറിക്കുകയും ചെയ്തു.അതിന്റെ ആദ്യ ഭാരവാഹികള്‍ ആയി ശ്രീ.പി. അര്‍ജുനന്‍ (പ്രസിഡന്റ്),ശ്രീ.എ.ജോസഫ് (സെക്രട്ടറി ),ശ്രീ.കെ.കെ.ഷൌക്കത്ത് ( വൈസ് പ്രസിഡന്റ് ),ശ്രീ.കെ.പങ്കജാക്ഷന്‍ (ജോയിന്റ് സെക്രട്ടറി), ശ്രീ.കെ.എന്‍.വാസു ദേവന്‍ വൈദ്യന്‍ (ഖജാന്‍ജി ) എന്നിവരെയും അംഗങ്ങളായി ശ്രീ.പി.ഡി.സുഗതന്‍,ശ്രീ.പി.കെ.വാസു, ശ്രീ.ജി.എന്‍.മത്തായി, എന്‍.നീലകണ്ഠനാശാരി,ശ്രീ.എന്‍.ഗംഗാധരന്‍ എന്നിവരെയും പൊതു യോഗം തെരഞ്ഞെടുത്തു. പഴയ വൈ.എം.സി.എ. യില്‍ ഉണ്ടായിരുന്ന 350 ഓളം പുസ്തകങ്ങളും ഒരു മേശയുമായാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത് .ഗാംഗില്‍ ലക്ഷ്മിയമ്മ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്തായിരുന്നു വളരെയേറെ വര്‍ഷക്കാലം ഗ്രന്ധശാല പ്രവര്‍ത്തിച്ചിരുന്നത്. KPLAC യുടെ വളര്‍ച്ചയുടെ ചരിത്രത്തില്‍ ഗാംഗില്‍ ശങ്കരന്‍ അവര്‍കള്‍ക്കും ലക്ഷ്മിയമ്മ എന്ന മഹതിക്കും വളരെ നിര്‍ണ്ണായക പങ്കാണ് ഉള്ളത് .
very good
ReplyDelete