ഹിമലാ ഭായിയും പപ്പുദാസും പുനലൂര്‍ റസലിംഗ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ഇന്നത്തെ പുനലൂര്‍ പ്രൈവറ്റ് ബസ് സ്ടാന്റിന്റെ പുറകില്‍ കടകള്‍ക്ക് പുറകിലുള്ള MMK ഗ്രൗണ്ടില്‍ 1950 ഏപ്രില്‍ 24 ന് പ്രശസ്ത ഗുസ്തിക്കാരിയും ഹരിപ്പാട്ടുകാരിയുമായ ഹിമലാഭായിയും കായംകുളത്തുകാരന്‍ പപ്പുദാസ് ഫയല്‍വാനും തമ്മിലുള്ള ഗുസ്തി മത്സരം നടന്നു. റസലിംഗ് ക്ലബിന്‍റെ പ്രസിഡണ്ട് പ്രമുഖ സ്പോട്സ്മാനും പുനലൂര്‍ പെപ്പര്‍മില്‍ ഉദ്യോഗസ്ഥനുമായിരുന്ന ജോര്‍ജ്ജ് വിക്ടര്‍ ആയിരുന്നു ഈ മത്സരം നടത്തിയത്.
ആ കാലഘട്ടങ്ങളില്‍ ഗുസ്തി പിടിക്കാനും നാടകത്തിലഭിനയിക്കാനും സ്ത്രീകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ തയ്യാര്‍ ആയിരുന്നുള്ളു. തിരുവിതാംകൂറില്‍ ഉടനീളം ഗുസ്തി നടത്തി പല മല്ലന്മാരെയും കീഴ്പെടുത്തിയാണ് ഹിമലാഭായി പുനലുരിലെത്തിയത് . ഇവരുടെ ഗുസ്തി കാണാന്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ എത്തിയിരുന്നു. പപ്പുദാസിനെ ഒരു മണിക്കൂറിനകം അവര്‍ കീഴ്പ്പെടുത്തി. പിന്നീടവര്‍ ഗോദാവില്‍ നിന്ന് വെല്ലു വിളിച്ചു. വെല്ലു വിളി സ്വീകരിച്ചു ആള്‍ കൂട്ടത്തിനിടയില്‍ നിന്നും കായംകുളത്തുകാരി സരസ്വതിയമ്മ ഗോദയിലെക്കിറങ്ങി. കൈ കൊടുത്തു വെല്ലുവിളി സ്വീകരിച്ചു. ഗുസ്തിയിലെ ചില നമ്പര്‍ പ്രകടനം നടത്തിയ ശേഷം ഭാരവാഹികള്‍ ഗുസ്തി മത്സരം മാറ്റിവച്ചു. പിന്നീട് നടന്ന ഗുസ്തിയില്‍ ഹിമലാഭായി സരസ്വതിയമ്മയെ പരാജയപ്പെടുത്തി. അന്ന് ഹിമലാഭായിക്ക് 20 വയസും സരസ്വതിയമ്മക്ക് 21 വയസും ആയിരുന്നു പ്രായം. പുനലൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ കരുണാകരന്‍ നായര്‍ മത്സരത്തിനു നേതൃത്വം നല്‍കിയിരുന്നു. അന്നത്തെ ടിക്കറ്റ് കളക്ഷന്‍ മൂവായിരത്തി അഞ്ഞൂറ് രൂപയായിരുന്നു. പുനലൂരിലെ ഗുസ്തിയില്‍ ഇതൊരു റക്കോര്‍ഡ് വരുമാനമായിരുന്നു.
Post a Comment