സാമൂഹ്യ-സാംസ്കാരിക ചരിത്രം
കൊല്ലം ജില്ലയില്‍ ഗ്രാമീണ സൌന്ദര്യമുള്ള നഗരമാണ് പുനലൂര്‍. തമിഴ് നാടുമായി പുരാതന കാലം മുതല്‍ തന്നെ പുനലൂരിന് ദൃഢമായ വാണിജ്യബന്ധമുണ്ടായിരുന്നു. നഗരഹൃദയത്തിലൂടെയൊഴുകുന്ന കല്ലടയാര്‍ പുനലൂരിന്റെ ജീവനാഡിയാണ്. ഇന്നത്തെ പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന പല പ്രദേശങ്ങളിലും സിന്ധൂനദീതട സംസ്ക്കാരത്തേക്കാള്‍ പഴക്കമേറിയ പുരാതന ശിലായുഗ കാലഘട്ടത്തില്‍ തന്നെ ജനവാസം ഉണ്ടായിരുന്നു എന്ന് തെന്മലയില്‍ നടന്ന ഗവേഷണങ്ങളില്‍ വെളിവായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമേറിയ നദീതടസംസ്ക്കാരത്തിന്റെ അവശിഷ്ടങ്ങള്‍ തെന്മല ചേന്തുരുണിയില്‍ നിന്നും കണ്ടെടുത്തതോടെ ഇവിടം ചിരപുരാതനമായ ഒരു സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നുവെന്ന് വെളിപ്പെട്ടു. എ.ഡി ഒന്നാം നൂറ്റാണ്ടിലെ ആയ് രാജവംശത്തിന്റെ ഭരണകാലത്തു തന്നെ താലൂക്കിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് പുനലൂരിലും പരിസരഗ്രാമങ്ങളിലും ജനവാസമുണ്ടായിരുന്നുവെങ്കിലും, അന്ന് ഭൂരിഭാഗവും ഘോരവനങ്ങളായിരുന്നു. ഇന്ന് വനങ്ങളും എസ്റ്റേറ്റുകളുമായിട്ടുള്ള പല സ്ഥലങ്ങളും അന്ന് ജനപഥങ്ങളുമായിരുന്നതായി കാണാം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മിത്രാനന്ദപുരം, വെള്ളായണി ശാസനങ്ങളില്‍ പുനലൂരിലേയും പട്ടാഴിയിലേയും നാട്ടുരാജാക്കന്മാരെക്കുറിച്ചുള്ള സൂചനകളുണ്ട്. 1734 വരെ പുനലൂരും സമീപപ്രദേശങ്ങളും ഇളയിടത്തു സ്വരൂപം വകയായിരുന്നു.
താലൂക്ക് എന്നുള്ളതിനു പകരം “മണ്ഡപത്തും വാതുക്കല്‍” എന്നാണ് അന്ന് പറഞ്ഞുവന്നിരുന്നത്. താലൂക്ക് കേന്ദ്രം പില്‍ക്കാലത്ത് പത്തനാപുരത്ത് നിന്നും പുനലൂരിലേക്ക് മാറ്റുകയുണ്ടായി. മഹാരാജാവിനും റാണിക്കും എഴുന്നള്ളി കുളിക്കുന്നതിനു വേണ്ടി ഇവിടെ രണ്ട് കുളിക്കടവും ഉണ്ടായിരുന്നു. ഇപ്പോഴും കുളിക്കടവുകളുടെ അവശിഷ്ടങ്ങള്‍ അവിടെ കാണാം. ഇതിനെ കൊട്ടാരം കുളിക്കടവ് എന്ന് അറിയപ്പെട്ടിരുന്നു. വേണാട്ടിലെ ആദ്യത്തെ നാടുവാഴി അയ്യനടികളാണ്. തരിസാപള്ളി ശാസനത്തില്‍ നിന്നും കൊല്ലവര്‍ഷം 24-ാം മാണ്ട് അയ്യനടികള്‍ കേരളചക്രവര്‍ത്തി സ്ഥാണുരവിയുടെ സാമന്തനായി വേണാട് വാണിരുന്നതായി കാണാം. അതിനു ശേഷം അന്ന് ഇളംകൂര്‍ വാഴുകയായിരുന്ന രാമതിരുവടി ഭരണമേറ്റിട്ടുണ്ടാവണം. രാമതിരുവടിക്കു ശേഷം വേണാടിന്റെ 100 വര്‍ഷത്തെ ചരിത്രത്തെക്കുറിച്ച് രേഖകള്‍ ഇല്ല. കൊല്ലവര്‍ഷം 149-ലെ മാമ്പള്ളി ശാസനത്തില്‍ പറയുന്ന ശ്രീവല്ലഭന്‍ കോതയെ പിന്നീട് നമുക്ക് കാണാം. മാമ്പള്ളി ശാസനത്തില്‍ പുനലൂര്‍ക്കാരന്‍ ഇരവിപരന്തരവനെക്കുറിച്ച് പരാമര്‍ശം ഉണ്ട്. മാമ്പള്ളി ശാസനത്തിലാണ് ആദ്യമായി കൊല്ലവര്‍ഷത്തെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത്. പുനലൂര്‍, ചെങ്ങന്നൂര്‍ മുതലായ പ്രദേശങ്ങള്‍ വേണാട്ടില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് ശാസനത്തില്‍ നിന്നും മനസ്സിലാക്കാം. 1552-ല്‍ കൊല്ലത്ത് ആസ്ഥാനമുറപ്പിക്കാന്‍ ശ്രമിച്ച പോര്‍ട്ടുഗീസ് ക്യാപ്റ്റന്‍ റോഡ് ഡ്രിഗ്സ് കുരുമുളക് കൃഷിക്കാരില്‍ നിന്നും മൊത്തമായി കുരുമുളകു വാങ്ങുവാന്‍ ശ്രമിക്കുകയുണ്ടായി. കച്ചവടക്കാര്‍ അതിന് വിസമ്മതിച്ചു. 5000 കാളവണ്ടി നിറയെ കുരുമുളക് കയറ്റി തമിഴ്നാട്ടിലേക്ക് പോയ വ്യാപാരികളെ റോഡ് ഡ്രിഗ്സിന്റെ പടയാളികള്‍ ആക്രമിച്ചു. വ്യാപാരികള്‍ ആക്രമിക്കപ്പെട്ടത് പുനലൂരിലും പരിസരപ്രദേശത്തും വെച്ചായിരുന്നു. പല വ്യാപാരികളുടേയും തല വെട്ടിയെടുത്ത് പടയാളികള്‍ റോഡ് ഡ്രിഗ്സിനു സമര്‍പ്പിച്ചു. ഓരോ തലയ്ക്കും വന്‍തുക റോഡ് ഡ്രിഗ്സ് അവര്‍ക്ക് പ്രതിഫലം നല്‍കി. പശ്ചിമഘട്ടത്തിലെ ചുരങ്ങളില്‍ കൂടിയാണ് അന്ന് തമിഴരും വ്യാപാരികളും തമ്മില്‍ കച്ചവടം നടന്നിരുന്നത്. ചരക്കുഗതാഗതത്തിന് കാളവണ്ടികളും, പൊതിക്കാളകളും ഉപയോഗിക്കപ്പെട്ടിരുന്നു.

1901-ല്‍ പുനലൂര്‍ വഴി കൊല്ലം തിരുനെല്‍വേലി മീറ്റര്‍ഗേജ് റെയില്‍വേ ലൈന്‍ ആരംഭിച്ചു. 1877-ല്‍ തൂക്കുപാലവും, 1888-ല്‍ പേപ്പര്‍മില്ലും, 1901-ല്‍ റെയില്‍വേസ്റ്റേഷനും പുനലൂരില്‍ സ്ഥാപിക്കപ്പെട്ടു. 1943-ല്‍ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവ് ട്രാവന്‍കൂര്‍ പ്ളൈവുഡ് ഫാക്ടറി സ്ഥാപിച്ചു. കല്ലടയാറിനു കുറുകെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള പുനലൂര്‍ തൂക്കുപാലം ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ്. ഈ നാടിന്റെ വികസനം ത്വരിതപ്പെടുത്തിക്കൊണ്ട് നദിയുടെ മറുകരയിലേക്ക് വ്യാപിച്ചതും, വാണിജ്യബന്ധങ്ങള്‍ വിപുലപ്പെട്ടതും തൂക്കുപാലം നിര്‍മ്മിക്കപ്പെട്ടതോടെയാണ്. ഏതാണ്ട് ഒരു നൂറ്റാണ്ടുകാലം ഈ പാലത്തിലൂടെയുള്ള ഗതാഗതം നിലനിന്നിരുന്നു.

1872-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് അനുമതി നല്‍കിയതോടെ ആല്‍ബര്‍ട്ട് ഹെന്‍ട്രി എന്ന ബ്രിട്ടീഷ് എഞ്ചിനീയറുടെ നേതൃത്വത്തില്‍, 2212 ദിവസം (1872 മുതല്‍ 1877 വരെ) നീണ്ടുനിന്ന പാലം പണി ആരംഭിച്ചു. പ്രതിദിനം 200-ല്‍ പരം തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മൊത്തം 3 ലക്ഷം രൂപയായിരുന്നു ചെലവ്. പാലത്തിന് 400 അടി നീളമുണ്ട്, ആര്‍ച്ചുകള്‍ക്കിടയില്‍ 200 അടിയും ആര്‍ച്ചുകള്‍ക്ക് ഇരുവശവും 100 അടി വീതവും. 7 ആനകളെ ഒരേ സമയം നടത്തിച്ചാണ് പാലത്തിന്റെ ഉറപ്പ് പരിശോധിച്ചത്. ആനകള്‍ കാക്കാഴം ബാവ (മുളകു രാജന്‍) എന്ന വ്യാപാരിയുടേതായിരുന്നു. 53 കണ്ണികള്‍ വീതമുള്ള 2 ചങ്ങലകളിലാണ് പാലം തൂക്കിയിട്ടിരിക്കുന്നത്. കൊല്ലം ജില്ലയില്‍ ആദ്യമായി ഒരു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആരംഭിച്ചത് പുനലൂരിലാണ്. പൈനാപ്പിള്‍ കൃഷിക്ക് പണ്ടുമുതലേ പ്രസിദ്ധമാണിവിടം. ക്യൂ (കെ.ഇ.ഡബ്ള്യൂ) എന്ന മുള്ളില്ലാത്തയിനം പൈനാപ്പിള്‍ ലാറ്റിന്‍ അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവിടങ്ങളില്‍ നിന്നും കൊണ്ടുവന്ന് കേരളത്തില്‍ ആദ്യമായി കൃഷി തുടങ്ങിയത് പുനലൂരിലാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പുനലൂരും അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ട്. തിരുനെല്‍വേലി കളക്ടറായിരുന്ന ഹാഷ് എന്ന വെള്ളക്കാരനെ വെടിവെച്ചു കൊല്ലുവാന്‍ തീരുമാനിച്ചപ്പോള്‍ ആ ചുമതല ഏറ്റെടുത്തത് ചെങ്കോട്ട വാഞ്ചിനാഥന്‍ എന്ന രാജ്യസ്നേഹിയായിരുന്നു. ദൌര്‍ഭാഗ്യമെന്നു പറയട്ടെ, കൃത്യം നടത്തിയതിനു ശേഷം വാഞ്ചിനാഥന്‍ സ്വയം വെടിവെച്ചു മരിച്ചു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന കമ്മ്യൂണിക്കേഷന്‍ കാര്‍ഡിലെ കോഡ് വാക്കുകളില്‍ നിന്നും അനേകം പേരെ പറ്റിയുള്ള  വിവരങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്നുള്ള റെയ്ഡില്‍ പുനലൂരിന് സമീപത്തുള്ള ചെങ്കുളത്തെ വെടിവെയ്പ്പ് പരിശീലനകേന്ദ്രം പോലീസ് കണ്ടുപിടിച്ചു. റെയില്‍വേ പാലത്തിനു സമീപം ഇന്നും നിലനില്‍ക്കുന്നതും അന്ന് കോണ്‍ഗ്രസ് ആഫീസ് ആയി പ്രവര്‍ത്തിച്ചിരുന്നതുമായ കുമാരസ്വാമിപിള്ള എന്ന വാപ്പുപിള്ളയുടെ രണ്ടുനില കെട്ടിടം കണ്ടുപിടിച്ച് റിക്കാര്‍ഡുകള്‍ സീലു ചെയ്ത് ഇതിനൊരു സാക്ഷിയേയും കൊല്ലം പേഷ്ക്കാര്‍ കണ്ടുപിടിച്ചു. ഒടുവില്‍ തെളിവില്ലാത്തതിന്റെ പേരില്‍ കേസ് വെറുതേ വിട്ടു. പ്രതികള്‍ തൂക്കുമരത്തില്‍ നിന്ന് രക്ഷപ്പെട്ടു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന സി.കേശവന്റെ ഒരു രാഷ്ട്രീയ താവളമായിരുന്നു പുനലൂര്‍. റ്റി.ബി.ജംഗ്ഷനില്‍ ഉണ്ടായിരുന്ന മുതിരവിള വൈദ്യരുടെ (രാമന്‍കേശവന്‍) വൈദ്യശാലയില്‍ അദ്ദേഹം പതിവായി വരികയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു.

ഫ്യൂഡലിസവും ജന്മിത്തവും നിലനിന്നിരുന്ന ഒരു പ്രദേശമാണിത്. പാട്ടവും പാതിവാര വ്യവസ്ഥയും, കുടികിടപ്പും ഉണ്ടായിരുന്നു. കുത്തകപ്പാട്ടഭൂമിയും, ദേവസ്വഭൂമിയും കൈവശം വച്ചിരുന്ന കൃഷിക്കാരും കുറവല്ലായിരുന്നു. കുത്തകപ്പാട്ടഭൂമിക്ക് അടിസ്ഥാന നികുതിക്കു പുറമെ തെങ്ങിന് 2 രൂപയും കമുക്, പ്ലാവ്, മുളകുകൊടി, പറങ്കിമാവ്, മാവ്, പുളി എന്നിവയ്ക്ക് 1 രൂപ വീതവും വൃക്ഷക്കരം ഈടാക്കിയിരുന്നു. കൃഷിക്കാര്‍ സംഘടിച്ച് കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങളുടെ ഫലമായി അശാസ്ത്രീയവും അന്യായവുമായ കുത്തകപ്പാട്ടക്കരം നിര്‍ത്തലാക്കി. കേരളത്തില്‍ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന് ബീജാവാപം നല്‍കിയ പ്രദേശങ്ങളിലൊന്നാണ് പുനലൂര്‍.

പേപ്പര്‍മില്‍
1888-ല്‍ സ്ഥാപിക്കപ്പെട്ട പേപ്പര്‍മില്ലിലെ ജീവനക്കാരാണ് കേരളത്തിലെ ആദ്യത്തെ സംഘടിത തൊഴിലാളിവര്‍ഗ്ഗം. കേരളത്തില്‍ രണ്ടാമതായി രജിസ്റ്റര്‍ ചെയ്ത യൂണിയനാണ് പുനലൂര്‍ പേപ്പര്‍മില്‍ വര്‍ക്കേഴ്സ് യൂണിയന്‍. ഐതിഹാസികങ്ങളായ എണ്ണമറ്റ സമരങ്ങള്‍ പേപ്പര്‍മില്‍ തൊഴിലാളികള്‍ നടത്തിയിട്ടുണ്ട്. രാജവാഴ്ചയ്ക്കും സര്‍ സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണത്തിനുമെതിരായി പേപ്പര്‍മില്ലിലെ ധീരന്മാരായ തൊഴിലാളികള്‍, പോലീസിന്റെ കണ്ണു വെട്ടിച്ച് അസംബ്ലിക്കകത്തു കടന്ന്, മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്തത് കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ ഒരു അവിസ്മരണീയ സംഭവമാണ്.

പുനലൂരിലെ ആദ്യത്തെ ക്ഷേത്രം വാഴമണ്‍ ശിവക്ഷേത്രമാണ്. പുലയ വംശജനായ വാഴമണ്‍ വേലത്താനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇദ്ദേഹം രാജാവിന്റെ പ്രതിനിധി ആയിരുന്നു. മറവന്‍മാരുമായുള്ള യുദ്ധത്തില്‍ വേലത്താന്‍ മരിച്ചതിനെതുടര്‍ന്ന്, മൃതദേഹം കലയനാട് അടിവയലില്‍കാവ് എന്ന സ്ഥലത്ത് അടക്കം ചെയ്തു. അപമൃത്യു വരിച്ച വേലത്താന്റെ കോപം ഉണ്ടാകാതിരിക്കാന്‍ ഈ കാവില്‍ ആട്, കോഴി ഇവയെ കുരുതി നടത്തി വന്നിരുന്നു. ഇപ്പോള്‍ അത് നിറുത്തല്‍ ചെയ്തിരിയ്ക്കുകയാണ്. തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം പുനലൂരിന്റെ വലിയ അമ്പലം എന്നറിയപ്പെടുന്നു. 400 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നദിക്കരയില്‍ നിന്നും എത്തിച്ച കരിങ്കല്ലുകളുപയോഗിച്ചാണ് പണിതിരിക്കുന്നത്. കല്ലുകളാല്‍ തീര്‍ത്ത ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മത്തിന് ആയിരത്തിയെട്ടുപാറ പുഷ്പങ്ങള്‍ ഉപയോഗിച്ചിരുന്നു എന്ന വിവരം അന്നത്തെ പാലി ഭാഷയില്‍ രേഖപ്പെടുത്തിയ ശീവേലിക്കല്ല് ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത് ഇന്നും കാണപ്പെടുന്നുണ്ട്. ഇളയിടത്തു രാജാവിന്റെ പടനായകന്‍ കോത എന്ന സ്ത്രീയുടെ ഭര്‍ത്താവായിരുന്നു. യുദ്ധത്തില്‍ ഭര്‍ത്താവ് മരിച്ചതോടെ വിധവയായ കോതയ്ക്ക് ഇന്ന് ക്ഷേത്രം നില്‍ക്കുന്ന സ്ഥലത്തു നിന്ന് നോക്കിയാല്‍ കാണാവുന്നത്ര സ്ഥലം രാജാവ് ദാനമായിക്കൊടുത്തു. കോത നിര്‍മ്മിച്ച ഈ ക്ഷേത്രം പില്‍ക്കാലത്ത് തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. വാഴമണ്‍ ശിവക്ഷേത്രം, തൃക്കോതേശ്വരം മഹാദേവര്‍ ക്ഷേത്രം, ഭരണിക്കാവ് ക്ഷേത്രം, കൃഷ്ണന്‍ കോവില്‍, നെല്ലിപ്പള്ളി ശിവക്ഷേത്രം, അഷ്ടമംഗലം ശ്രീമഹാവിഷ്ണു ക്ഷേത്രം, ആലഞ്ചേരി ജമാ-അത്ത് പള്ളി, എന്‍.എം.എ.എച്ച് ജമാ-അത്ത് പള്ളി, വാളക്കോട് ജമാ-അത്ത് പള്ളി, ഭരണിക്കാവിലെ മൊഹിയദ്ദീന്‍ പള്ളി, ഭരണിക്കാവ് റോമന്‍ കാത്തലിക് പള്ളി, വാളക്കോട് യാക്കോബാ പള്ളി, തെളിക്കോട് മാര്‍ത്തോമാ പള്ളി, ചെന്മന്തൂര്‍ യാക്കോബാ പള്ളി എന്നിവയാണ് ഇവിടുത്തെ പ്രധാന ആരാധനാലയങ്ങള്‍.

പുനലൂര്‍ ബാലന്‍

പുനലൂരിലെ കലാ സാഹിത്യരംഗത്തിന്റെ ചരിത്രത്തില്‍ എന്നുമെന്നും ജീവിക്കുന്ന വ്യക്തികളാണ് പുനലൂര്‍ ബാലനും, എന്‍.രാജഗോപാലന്‍ നായരും. സാമൂഹിക പ്രതിബദ്ധത തെളിയിച്ച മഹാകവിയായിരുന്നു പുനലൂര്‍ ബാലന്‍. പുനലൂരിലൂടെ ബാലനും, ബാലനിലൂടെ പുനലൂരും പ്രശസ്തിയിലേക്ക് ഉയര്‍ന്നു. നാടക പ്രസ്ഥാനത്തിന് ഒരു പുതിയ അവതരണ ശൈലി സംഭാവന ചെയ്തുകൊണ്ട് സാമൂഹിക പരിവര്‍ത്തനത്തിന് കളമൊരുക്കിയ കെ.പി.എ.സി.ക്ക് ജന്മം
കൊടുത്തത് പുനലൂരാണ്. ഇതിന്റെ മുഖ്യശില്‍പ്പികളായിരുന്നുഎന്‍.രാജഗോപാലന്‍ നായരും, പുനലൂര്‍ ബാലനും. പേപ്പര്‍മില്‍ തൊഴിലാളിയായിരുന്ന കെ.എസ്.ജോര്‍ജിനെ പ്രമുഖ വിപ്ലവഗായകനാക്കി വളര്‍ത്തിയതും ഈ പ്രദേശമാണ്. 1940-കളില്‍ പുനലൂരിന്റെ ഭരണം നടത്തിയിരുന്നത് അഞ്ച് അംഗങ്ങളടങ്ങിയ വില്ലേജ് യൂണിയനായിരുന്നു. 1971 ഏപ്രില്‍ ഒന്നാം തിയതി പുനലൂര്‍ പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തപ്പെട്ടു.


എന്‍.രാജഗോപാലന്‍ നായര്‍
ഒന്നാം കേരളനിയമസഭയിൽ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എൻ. രാജഗോപാലൻ നായർ (10 മേയ് 1925 - 2 ജനുവരി 1993). കമ്മ്യൂണിസ്റ്റ് പ്രതിനിധിയായാണ് രാജഗോപാലൻ നായർ കേരള നിയമസഭയിലേക്കെത്തിയത്. 1925 മെയ് 10ന് ജനിച്ചു. നിയമ ബിരുദധാരിയായിരുന്ന ഇദ്ദേഹം 1940-ൽ കോൺഗ്രസിൽ ചേർന്നു. വിദ്യാർത്ഥിരാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗോപാലൻ നായർ പിന്നീട് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥനായി ജോലിയിൽ പ്രവേശിച്ചു. എന്നാൽ അധികം വൈകാതെ ഈ തൊഴിലിൽ നിന്നു പിരിച്ചുവിടപ്പെടുകയും 1949-50 കാലഘട്ടത്തിൽ ജയിൽവാസം അനുഭവിക്കേണ്ടതായും വന്നു. പുനലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രേഡ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിച്ച രാജഗോപാലൻ നായർ സർവോപരി ഒരു ഹരികഥാ കലാകാരനുമായിരുന്നു.വിവരണം
വില്ലേജ്   : പുനലൂര്‍
താലൂക്ക്‌ : പത്തനാപുരം
അസംബ്ലി മണ്ഡലം : പുനലൂര്‍
പാര്‍ലമെന്റ് മണ്ഡലം : അടൂര്‍
അതിരുകള്‍
പടിഞ്ഞാറ്: വിളക്കുടി, കിഴക്ക്: ഇടമണ്‍, തെക്ക്: കരവാളൂര്‍, വടക്ക്: പിറവന്തൂര്‍
ഭൂപ്രകൃതി
കുന്നും മലയും താഴ്വരയും നിറഞ്ഞ ഭൂപ്രകൃതിയാണ്. ഈ പ്രദേശത്ത് ഉയര്‍ന്ന കുന്നും, കുന്നിന്‍ മുകളില്‍ നിരപ്പും, കീഴ്ക്കാം തൂക്കായ ചരിവും താഴ്വാരവും ഉള്‍പ്പെടുന്നു. ചരല്‍, പശിമരാശിമണ്ണ്, ചെളിമണ്ണ്, വെട്ടുകല്ല്, മണല്‍ മണ്ണ് എന്നിവയാണ് ഇവിടെ കാണുന്ന മണ്ണിനങ്ങള്‍.
ആരാധനാലയങ്ങള്‍ / തീര്‍ത്ഥാടന കേന്ദ്രങ്ങള്‍
പുനലൂരിലെ ആദ്യക്ഷേത്രമായ വാഴമണ്‍ ശിവക്ഷേത്രം, തൃക്കോനേശ്വം മഹാദേവര്‍ക്ഷേത്രം, ഭരണിക്കാവ് ക്ഷേത്രം, കൃഷ്ണന്‍ കോവില്‍, നെല്ലിപ്പള്ളി ശിവക്ഷേത്രം, അഷ്ടമംഗലം ശ്രീമഹാവിഷ്ണുക്ഷേത്രം എന്നീ ഹിന്ദു ആരാധനാലയങ്ങളും, ആലഞ്ചേരി ജമാഅത്ത് പള്ളി, എന്‍.എം.എ.എച്ച് ജമാഅത്ത് പള്ളി, ഭവ്നി ജമാഅത്ത് പള്ളി, വാളക്കോട് ജമാഅത്ത് പള്ളി, ഭരണിക്കാവിലെ മൊഹിയദ്ദീന്‍ പള്ളി എന്നീ മുസ്ലീം ആരാധനാലയങ്ങളും, ഭരണിക്കാവ് റോമാ പള്ളി, വാളക്കോട് യാക്കോബാ പള്ളി, തെളിക്കോട് മാര്‍ത്തോമാ പള്ളി, ചെന്മന്തൂര്‍ യാക്കോബാ പള്ളി,പേപ്പര്‍ മില്‍,ചെമ്മന്തൂര്‍ ഇന്ത്യന്‍ പെന്തകോസ്ത് ചര്‍ച്ച് ,ചര്‍ച്ച് ഓഫ് ഗോഡ് ടി.ബി ജങ്ക്ഷന്‍ , ബെഥേല്‍ ബൈബിള്‍ സെമിനാരി,ഫസ്റ്റ് ഏ.ജി ചര്‍ച്ച് ,   എന്നീ കൈസ്ത്രവ ആരാധനാലയങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

എത്തിച്ചേരാനുള്ള വഴികൾ

ഏറ്റവും അടുത്തുള്ള വിമാനത്താവളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ആണ്. കൊല്ലം-ചെങ്കോട്ട റെയിൽ‌വേ പാതയിൽ ആണ് പുനലൂർ റെയിൽ‌വേ സ്റ്റേഷൻ. കേരളത്തേയും തമിഴ്‌നാടിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 265 കി.മീ ദൈർഘ്യമുള്ള ദേശീയ പാത ആണു് ദേശീയപാത 220'. ഇത് കൊല്ലത്ത് നിന്നും ആരംഭിച്ചു പുനലൂർ വഴി കടന്നു പോകുന്നു. ഇവിടെ നിന്നും കായംകുളം, കുളത്തൂപ്പുഴ, തിരുവനന്തപുരം സംസ്ഥാന പാതകളും ഉണ്ട്. പുനലൂരിന് അടുത്തുള്ള ചില പ്രധാന സ്ഥലങ്ങൾ കൊട്ടാരക്കര, അഞ്ചൽ, കുളത്തൂപ്പുഴ, പത്തനാപുരം, അടൂർഎന്നിവയാണ്.

വിനോദസഞ്ചാരം

പുനലൂരിന് അടുത്തുള്ള പ്രശസ്ത വിനോദസഞ്ചാര സ്ഥലങ്ങൾ ആണ് തെൻ‌മല(21 കിലോമീറ്റർ അകലെ), പാലരുവി വെള്ളച്ചാട്ടം (35 കിലോമീറ്റർ അകലെ),അമ്പനാടൻ മലനിരകൾ (40കിലോമീറ്റർ അകലെ )എന്നിവ. അഗസ്ത്യമല വന്യജീവി സംരക്ഷണകേന്ദ്രത്തിന് പടിഞ്ഞാറേ അറ്റത്തായി ആണ് പുനലൂർ സ്ഥിതിചെയ്യുന്നത്.
പുനലൂർ മുനിസിപ്പാലിറ്റിയിലെ വിളക്കുവെട്ടത്തിനടുത്തുളള തേൻ പാറ തേനിച്ചകളുടെ കൂടുകളാൽ സമൃദ്ധമാണ്.
മനോഹരമായ വനപ്രദേശങ്ങൾ പുനലുരിന് സമീപം ഏറെയുണ്ട്. പലതും പുറംലോകം അധികം അറിയപ്പെടാതെ കിടക്കുന്നു.
Labels: ,

Post a Comment

Classifieds

[Classified][featured1]

Author Profile

{facebook#https://www.facebook.com/joypkripa}

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്

Punalur Plywood - പുനലൂര്‍ പ്ലൈവുഡ്
പുനലൂരിന്റെയടുത്ത് കല്ലടയാറ്റിന്റെ തീരത്ത്‌ കുര്യോട്ട് മലയില്‍ 1943 നവംബര്‍ 11 ന് മാര്‍ത്താണ്ഡവര്‍മ്മ ഇളയരാജ ആണ് കമ്പനി ഉത്ഘാദാനം ചെയ്തത്.പിന്നീട് ട്രാവന്കോര്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് ആയി തീര്‍ന്നു.പത്ത് ലക്ഷം രൂപ ആയിരുന്നു കമ്പനി സ്ഥാപിച്ചപ്പോള്‍ ഉള്ള മൂലധനം 51% ഓഹരി തിരുവിതാംകൂര്‍ സര്‍ക്കാരിനു ആയിരുന്നു.49% ഓഹരി സ്വകാര്യ കമ്പനി ആയ ചിന്നു ഭായി ആന്‍ഡ് സണ്‍സിനും.

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur

പുനലൂരും സ്വാതന്ത്ര്യ സമരവും - Freedom Fighters in Punalur
വഞ്ചിനാഥയ്യര്‍ എന്ന സ്വാതന്ത്ര്യ സമരസേനാനി പുനലൂര്‍ കേന്ദ്രീകരിച്ച് വൈദേശിക ശക്തികള്‍ക്കെതിരെയുള്ള ദേശീയപ്രസ്ഥാനം ശക്തിപ്പെടുത്തി.നിരവധി കള്ളകേസുകളില്‍ കുടുക്കി അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി മാറ്റി.പോലീസ് അദ്ദേഹത്തെ വെട്ടയാടികൊണ്ടിരുന്നു.ജനിച്ചു വളര്‍ന്ന തമിഴ്നാട്ടില്‍ നിന്നും വഞ്ചിനാഥയ്യര്‍ പുനലൂരില്‍ വന്നു താമസമുറപ്പിച്ചു.

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു

പുനലൂര്‍ 150 വര്‍ഷം മുന്‍പ് എങ്ങനെ ആയിരുന്നു
ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ? തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം

Punalur Hanging Bridge - പുനലൂര്‍ തൂക്കുപാലം 1872 ലെ അന്നത്തെ മദ്രാസ് ഗവർണർ 'ഫയർ ധ്വര' തിരുവിതാംകൂർ സന്ദർശനം നടത്തി. മാൾട്ട് എന്ന ധ്വരയായിരുന്നു. ഗവർണറുടെ പൊളിറ്റിക്കൽ സെക്രട്ടറി. തിരുവിതാംകൂർ ദിവാൻജി സർ ടി. മാധവറാവു ആയിരുന്നു. മദ്രാസിൽ നിന്നും ഗവർണർ തിരുവിതാംകൂർ സന്ദർശിച്ചപോൾ പോളിറ്റിക്കൽ സെക്രട്ടറി ദിവാൻജി മാധവറാവുവിനോട് ഒരാവശ്യം ഉന്നയിച്ചു. 'കല്ലടയാറിനു കുറുകെ ഒരു പാലം പണിയുക'.

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍

Punalur Papper Mill - പുനലൂര്‍ പേപ്പര്‍ മില്‍ 1200 തൊഴിലാളികൾ ജോലി ചെയ്യുന്ന പുനലൂർ പേപ്പർമിൽ തിരുവിതാംകൂറിലെ ആദ്യത്തെ സം‌യോജിത ഓഹരി കമ്പനിയാണ് (ജോയിന്റ് സ്റ്റോക്ക് കമ്പനി). 1885-1888 ൽ ബ്രിട്ടീഷ് പൗരനായ ഐ. എച്ച്. കാമറൂൺ കല്ലടയാറിന്റെ തീരത്തായി മിൽ സ്ഥാപിച്ചു. കടലാസ് നിർമ്മാണ രംഗത്ത് ഈറ്റ കൊണ്ട് കടലാസ് നിർമിക്കുന്ന ഇന്ത്യയിലെ ആദ്യ സ്ഥാപനമായിരുന്നു.

Punalur Boys School

Punalur Boys School പുനലൂര്‍ ബോയ്സ് ഹൈസ്കൂളിന്‍റെ ചരിത്രം ചുരുക്കം ചില വാക്കുകളില്‍... പത്തനാപുരം താലുക്കിന്‍റെ സമഗ്ര വികസനത്തിനും അഭിവൃദ്ധിക്കും ഉതകുന്ന സ്കൂളുകള്‍, വായനശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍,എന്നിവ സ്ഥാപിക്കുക,ഉന്നത വിദ്യാഭ്യാസത്തിനും, സാങ്കേതിക വിദ്യാഭ്യാസത്തിനും ആവശ്യമായ സ്ഥാപനങള്‍ നടത്തുക എന്നീ ഉദ്ദേശ ലക്ഷ്യങ്ങളോടെ രൂപം കൊണ്ട സംഘടന ആണ് പത്തനാപുരം താലുക്ക് സമാജം.

Punalur Railway History

Punalur Railway History ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണു് കൊല്ലത്തുനിന്നും പുനലൂർ - ഇടമൺ- ഭഗവതിപുരം - ചെങ്കോട്ട വഴി തിരുനെൽ‌വേലി വരെ മീറ്റർഗേജ് വീതിയിൽ പണികഴിച്ച ഈ പാത പണി നിർമ്മിക്കപ്പെട്ടതു്. ദുർഘടമായ മലമ്പ്രദേശങ്ങളിലൂടെ കടന്നുപോവുന്ന പാതയ്ക്കു് അന്നത്തെ കണക്കിൽ 1,12,65,637 രൂപയായിരുന്നു നിർമ്മാണച്ചെലവു്.

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി

കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി പുനലൂരിന്റെ കിഴക്കന്‍ മേഖലയില്‍ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്ന ഒരു മഹത് പ്രസ്ഥാനമാണ് കലയനാട് പീപ്പിള്‍സ്‌ ലൈബ്രറി, സ്പോര്‍ട്സ് ആന്‍ഡ് ആര്‍ട്സ് ക്ലബ്. കഴിഞ്ഞ 60 വര്‍ഷക്കാലമായി ഈ പ്രദേശത്തിന്റെ വികാസ പരിണാമങ്ങളുടെ ചരിത്രം കെ.പി.എല്‍.എ.സി. യുടെ ചരിത്രവുമായി ഇഴചേര്‍ന്നിരിക്കുന്നുവെന്ന് പറയാം

Contact Form

Name

Email *

Message *

Powered by Blogger.