Punalur 150 years before

ഒന്നര നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള പുനലൂര്‍ എങ്ങനെയായിരുന്നിരിക്കണം ?
തൂക്കുപാലമോ പേപ്പര്‍ മില്ലോ ഇല്ല.(അത് രണ്ടും ഇന്നും ഇല്ലാത്ത സ്ഥിതി ആണ് ! )റെയില്‍വേയോ റെയില്‍വേ സ്റ്റേഷനോ ഇല്ല .ബസ്‌ സര്‍വീസ് ഒന്നും തന്നെ ഇല്ല പാലത്തിന്റെ സ്ഥാനത്ത് കടത്ത് വള്ളമുണ്ടായിരുന്നു.കാളവണ്ടിക്ക് യാത്ര ചെയ്യാനാവുന്ന പാത കിഴക്ക് ചെങ്കോട്ട നിന്നും വന്നു പാലത്തിനു കിഴക്ക് വെച്ച് തിരിഞ്ഞു പത്തനാപുരം വഴി പോകുന്നു . മണ്‍കുടം, മണ്‍ചട്ടി തുടങ്ങിയ മണ്‍പാത്രങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും കാളവണ്ടിയില്‍ പുനലൂര്‍ എത്തുന്നു .വള്ളത്തില്‍ പാലത്തിന് പടിഞ്ഞാറെക്കരയിലേക്ക് കൊണ്ട് പോകുന്നു .ചില വണ്ടികള്‍ പത്തനാപുരം, പറക്കോട് ,അടൂര്‍ വഴി കായംകുളത്തേക്ക് പോകും .കടുത്ത ഉണക്ക് കാലങ്ങളില്‍ കാളവണ്ടി ആറു വഴി പടിഞ്ഞാരെക്കരയിലും കടത്തിയിരുന്നു .പേപ്പര്‍ മില്ലിന്റെ അണക്കെട്ട് ഇല്ലാത്തത് കൊണ്ട് ഇവിടെ ഉണക്ക് കാലത്ത് മുട്ടൊപ്പം വെള്ളമേ ഉണ്ടാകു .അതും ചിലപ്പോള്‍ ഒരു ചാല് മാത്രം.
                       ആറിനു കിഴക്കേ കര മുഴുവന്‍ കൊടും വനമാണ് ആന ,മ്ലാവ് ,കാട്ടു പോത്ത്,കേഴമാന്‍ ,കരടി ,പുലി,കടുവ,പന്നി,മുതലായ വന്യ ജീവികള്‍ ഈ കാട്ടില്‍ സുലഭം .പാലത്തിനു പടിഞ്ഞാറെക്കരയില്‍  കുറെ ആള്‍ത്താമസമുണ്ട് . ഈ ജനവാസം തെക്കോട്ട്‌ കൃഷ്ണന്‍ കോവില്‍ വരെയും പടിഞ്ഞാറോട്ട് ചെമ്മന്തൂര്‍ ഭാഗം വരെയും ഉണ്ട് .വഴിയോരത്തും മറ്റുമുള്ള വീടുകള്‍ മണ്‍ഭിത്തി കെട്ടി ,പുല്ലു മേഞ്ഞവയാണ് .ഓടിട്ട വീടുകള്‍ ഇല്ല .ഓല മേഞ്ഞവ പോലും ഇല്ല .പ്രമാണിമാരുടെ വീടുകള്‍ പോലും പുല്ലു മേഞ്ഞവയാണ്.ആറിന്കിഴക്കേ കരയിലുള്ള വനത്തില്‍ പുല്ലു സുലഭമായിരുന്നു .കമ്പും കാലുകളുമാണ്  വീടിന്റെ ചട്ടകൂട് .തടിപ്പണി ചെയ്തവ വളരെ ദുര്‍ലഭം. മണ്‍ഭിത്തികള്‍  പലതും ചാണകം മെഴുകിയവ ആണ്.തറയും തഥൈവ.അപൂര്‍വ്വം ചിലര്‍ തറയില്‍ കുമ്മായം ഇട്ടിരുന്നു.ഭിത്തിയില്‍ കുമ്മായം തേച്ചിരുന്നില്ല.കുമ്മായം തേച്ച വീട് വയ്ക്കാനുള്ള അന്ന് രാജാക്കന്മാര്‍ക്കെയുള്ളൂ.(സുധ എന്നാല്‍ കുമ്മായം എന്നും അര്‍ഥം ഉണ്ട്.സുധ തേച്ച വീടിനു സൗധം എന്നും പറഞ്ഞിരുന്നു
                   അക്കാലത്ത് കച്ചവടക്കാരും തീര്‍ഥാടകരും മറ്റും തമിഴ്നാട് വഴി ഇവിടെ എത്തി ചേര്‍ന്നിരിന്നു.ചിലര്‍ ഇവിടെ സ്ഥിരതാമസക്കാരായി.മല്ലി,മുളക്,തുടങ്ങിയ പലചരക്ക് തമിഴ് നാട് വഴി ഇങ്ങോട്ടും ,കുരുമുളക്,ചുക്ക്,അങ്ങാടി മരുന്നുകള്‍,നാളീകേരം,അടക്ക,വെറ്റില,എന്നിവ ഇവിടെനിന്ന് അങ്ങോട്ടും കൊണ്ട് പോയിരുന്നു.കാട്ടു മൃഗങ്ങളെ വെടി വെച്ചിട്ട്  ആളുകള്‍ യഥേഷ്ടം കാട്ടിറച്ചി ഭക്ഷിച്ചിരുന്നു.അന്ന് കാട്ടില്‍ നിന്ന് വെടി വെക്കുന്നതിനു നിരോധനം ഉണ്ടായിരുന്നില്ല.തോക്കിനു ലൈസന്‍സും വേണ്ടായിരുന്നു.ഈഴവന്മാര്‍,നായന്മാര്‍ മുതല്‍ മുകളിലോട്ടുള്ള ജാതിക്കാര്‍ മാട്ടിറച്ചി ഭക്ഷിച്ചിരുന്നില്ല.ആരെങ്കിലും കഴിച്ചാല്‍ അയിത്തം കല്പിച്ചിരുന്നു.അയിത്താചാരം പരക്കെയുണ്ടായിരുന്നു.ചില ‘ഹീന’ ജാതിക്കാരെ ‘മേലാളന്മാര്‍’ കാണുന്നത് തന്നെ അയിത്തമായിരുന്നു.
               ‘തൊട്ടുകൂടാത്തവര്‍ തീണ്ടികൂടാത്തവര്‍  ദൃഷ്ടിയില്‍ പെട്ടാലും ദോഷമുള്ളവര്‍ ‘ എന്ന് ആശാന്‍ പാടിയത് അതിശയോക്തിപരമല്ല .ഹരി ജനങ്ങള്‍ ആഡ്യന്മാരുടെ മുറ്റത്ത് പോലും കയറാന്‍ പാടില്ല കിണറ്റില്‍ നിന്നും അവര്‍ വെള്ളം കോരുന്നതും നിഷേധിച്ചിരുന്നു.പാടത്ത് പണിയെടുക്കുന്നവര്‍ക്ക് നെല്ലായിരുന്നു കൂലി.
               ജനങ്ങളുടെ വേഷവിധാനങ്ങളും ശ്രദ്ധേയമായിരുന്നു.ഷര്‍ട്ടും കൊട്ടുമോന്നുമില്ല .സായിപ്പന്മാരുടെ വരവോടെയാണ് ഷര്‍ട്ടും കോട്ടും ഒക്കെ ജനം കാണുന്നത് .ചില മാടമ്പിമാരും രാജാക്കന്മാരും കിന്നരിക്കുപ്പയം ധരിച്ചിരുന്നു.സാധാരണ പുരുഷന്മാര്‍ ഒറ്റമുണ്ടുടുത്ത് തോര്‍ത്തോ നേരിയതോ
മുണ്ടോ ധരിച്ചിരുന്നു.മേല്‍ സ്ത്രീകളാണെങ്കില്‍ മുണ്ടുമുടുത്ത് മുലക്കച്ചകെട്ടി നടന്നിരുന്നു.നായര്‍ക്കു താഴെയുള്ള താണ ജാതിയിലെ പെണ്ണുങ്ങള്‍ മാറു മറച്ച് നടന്നിരുന്നില്ല.മാറു മറക്കുന്നത് കുറ്റകരമായിരുന്നു.! അന്ന് ആരും ചെരുപ്പ് ധരിച്ചിരുന്നില്ല.അപൂര്‍വ്വം ചിലര്‍ കരിഞ്ഞോട്ടത്തടിയില്‍ തീര്‍ത്ത തടിചെരുപ്പ് (മെതിയടി ) ഉപയോഗിച്ചിരുന്നു.മഞ്ഞക്കടമ്പുക്കൊണ്ടും മെതിയടി ഉണ്ടാക്കിയിരുന്നു.കൊച്ചു കുട്ടികള്‍ പാളയുടെ അള്ളൂരി കൊണ്ട് കോണകം ഉണ്ടാക്കി ധരിക്കും.പുരുഷന്മാരെല്ലാം തന്നെ തുണികൊണ്ടുള്ള കോണകം (കൌപീനം) ധരിക്കുമായിരുന്നു.കൌപീനത്തിന് പുനലൂര്‍ പ്രദേശത്ത് തോര എന്ന് പേരുണ്ടായിരുന്നു.മഴക്കാലത്ത് മഴ നനയാതിരിക്കാന്‍ ഓലക്കുട,വട്ടികുട,മടക്കുപാള മുതലായവയായിരുന്നു.ഇന്നത്തെ ശീലക്കുട അന്ന് കണികാണാനില്ല .ഉയര്‍ന്ന ജാതിക്കാരായ പുരുഷന്മാര്‍ കാതില്‍ കടുക്കന്‍ (ഒരു തരം കമ്മല്‍) ധരിക്കുമായിരുന്നു.സ്ത്രീകള്‍ സ്വര്‍ണ്ണാഭരണങ്ങളും വെള്ളിയാഭരണങ്ങളും ധാരാളമായി ഉപയോഗിച്ചിരുന്നു.

        ആചാര വിശ്വാസങ്ങളും അന്ന് വിചിത്രമായിരുന്നു.ക്ഷേത്രങ്ങളില്‍,ശാസ്താംപാട്ട്,ഭദ്രകാളിപ്പാട്ട് ,മാവാരതം പാട്ട് മുതലായവ പാടിയിരുന്നു.കുറവ സമുദായക്കാര്‍ കുറവരുകളിയും,കമ്പടികളിയും കാവുകളിലും മലദൈവങ്ങളെ ധ്യാനിച്ച്‌ നടത്തി വന്നു.പുള്ളുവന്മാര്‍ വീടുകളില്‍ കയറി ഇറങ്ങി കൊച്ചു വീണ മീട്ടി സര്‍പ്പ ദോഷം തീര്‍ക്കാന്‍ സര്‍പ്പപ്പാട്ട് പാടുമായിരുന്നു.വേലന്മാര്‍ കണ്ണ് ദോഷം മാറാന്‍ പാഞ്ചി,പാല തോലുകള്‍ ഉഴിഞ്ഞ് വേലന്‍ പാട്ട് പാടുമായിരുന്നു.കണ്ണ് പെടുക,നാക്ക് പെടുക മുതലായവയില്‍ ജനങ്ങള്‍ വിശ്വസിച്ചിരുന്നു.നാട്ടുമാന്ത്രികന്മാര്‍  മന്ത്രം ജപിച്ച് ഭാസ്മമിട്ട് ദോഷപരിഹാരം വരുത്തും ! ദഹനക്കേട് വന്നാല്‍ കൊതിപെട്ടതാണെന്ന് വിശ്വസിക്കും.അതിനും പരിഹാരം മന്ത്രങ്ങള്‍  തന്നെ.ശകുനം,പക്ഷിശാസ്ത്രം,ഗൌളിശാസ്ത്രം,എന്നിവയില്‍ ജനങ്ങള്‍ക്ക്‌ വലിയ വിശ്വാസം ഉണ്ടായിരുന്നു.ഒരു വീട്ടില്‍ ഒരു ആണ്‍കുട്ടി ജനിച്ചാല്‍ കുരവയിടും,പെണ്‍കുട്ടി ജനിച്ചാല്‍ തെങ്ങിന്‍ മടലെടുത്ത് തറയിലടിച്ചു ശബ്ദമുണ്ടാക്കിയും പരിസരവാസികളെ അറിയിച്ചിരുന്നു.ഈ ശബ്ദം അരമുക്കാല്‍ നാഴിക ദൂരം വരെ കേള്‍ക്കാം.കാരണം ഇന്നത്തെ ഫാക്ടറികളുടെയോ,വാഹനങ്ങളുടെയോ,റേഡിയോയുടെയോ,ഉച്ചഭാഷിണിയുടെയോ ശബ്ദങ്ങള്‍ അന്തരീക്ഷത്തെ അലങ്കൊലപ്പെടുത്തിയിരുന്നില്ല.രാത്രികാലങ്ങളില്‍ രാക്കുയിലിന്റെയും മൂങ്ങയുടെയും ചീവിടിന്റെയും ശബ്ദം മാത്രം പലപ്പോഴുമുണ്ടാകും.പട്ടി കുരയ്ക്കുന്നതും കുറുക്കന്‍ ഓലിയിടുന്നതും പലപ്പോഴും കേള്‍ക്കാം.     
 ഓലക്കുട

വല്ലം: പുല്ല് അറത്തു കൊണ്ട് പോകാനും ,കരിയില വാരാനും ഉപയോഗിച്ചിരുന്നു

വല്ലം ഉള്‍വശം  
 കൊട്ട
Labels: ,

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.