പത്തനാപുരം ചരിത്രം Pathanapuram History

കൊല്ലം ജില്ലയില്‍, പുനലൂര്‍ ആസ്ഥാനമായ പത്തനാപുരം താലൂക്കില്‍ പത്തനാപുരം ബ്ളോക്കില്‍ പത്തനാപുരം, പട്ടാഴി വടക്കേക്കര എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് പത്തനാപുരം. 28.8 ച.കി.മീ വിസ്തീര്‍ണ്ണമുള്ള പത്തനാപുരം പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കലഞ്ഞൂര്‍ പഞ്ചായത്തും തെക്കുഭാഗത്ത് കല്ലടയാറും, തലവൂര്‍ പഞ്ചായത്തും കിഴക്കുഭാഗത്ത് പിറവന്തൂര്‍ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പട്ടാഴി വടക്കേക്കര, പട്ടാഴി തെക്കേക്കര പഞ്ചായത്തുകളുമാണ്. ഈ പഞ്ചായത്ത് ഉള്‍പ്പെടുന്ന അസംബ്ളി മണ്ഡലത്തിന്റെ പേരും പത്തനാപുരമെന്നാണ്. 1970-കളുടെ ആരംഭം മുതല്‍ ദ്രുതഗതിയിലുള്ള സാമ്പത്തികവികസനവും പട്ടണരൂപവും ആര്‍ജ്ജിച്ച പത്തനാപുരത്തിന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സാമൂഹ്യ-സാംസ്കാരിക പൈതൃകത്തിന്റെ ചരിത്രമുണ്ട്. ഇന്നത്തെ പത്തനാപുരത്തിന്റെ പഴയ പേരു കാട്ടുപത്തനാപുരം എന്നായിരുന്നുവത്രെ. പാണ്ടിനാട്ടില്‍നിന്ന് പുനലൂരെത്തി(പുനല്‍ എന്നാല്‍ വെള്ളം; പുനലൂര്‍ എന്നാല്‍ വെള്ളമുള്ള നാട്) കച്ചവടം ചെയ്തശേഷം പത്തനാപുരത്തേക്കും അതുവഴി പടിഞ്ഞാറുള്ള കച്ചവടകേന്ദ്രങ്ങളിലേക്കും സഞ്ചരിച്ചിരുന്ന തമിഴുവണിക്കുകള്‍ ഇവിടെ ഉണ്ടായിരുന്ന പത്തനങ്ങള്‍ (ശില്പചാരുതയും മോടിയുമുള്ള ഭവനങ്ങള്‍) കണ്ട്, ഇവിടം വ്യാപാരത്തിനുള്ള ഇടത്താവളമാക്കിയിരിക്കാം. അക്കാലത്ത് പത്തനാപുരവും പത്മനാഭപുരവും സാമ്യമുള്ള പേരുകളായിരുന്നതിനാല്‍ പത്തനാപുരത്തേക്കു വന്നിരുന്ന എഴുത്തുകുത്തുകള്‍ ഭൂരിഭാഗവും പത്മനാഭപുരത്ത് ചെന്നുകിടക്കുമായിരുന്നു. അങ്ങനെ പത്തനാപുരവും പത്മനാഭപുരവും തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കിയ സാഹചര്യത്തില്‍ പത്തനാപുരത്തേക്കുള്ള എഴുത്തുകളില്‍ കാട്ടു എന്നുകൂടി എഴുതിച്ചേര്‍ത്തുതുടങ്ങിയതോടെ കാട്ടുപത്തനാപുരം എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങി. പത്തനാപുരത്തെ കാട്ടുപത്തനാപുരം എന്ന് ആദ്യം വിളിച്ചത് അന്നത്തെ തപാല്‍വകുപ്പുകാരാണോ തമിഴുകച്ചവടക്കാരായ സഞ്ചാരികളാണോ എന്ന് നിശ്ചയമില്ല. എന്തായാലും പത്തനാപുരം പഞ്ചായത്തിന്റെ അന്നത്തെ ഭൂരിഭാഗം പ്രദേശങ്ങളും കാടായിരുന്നു എന്നതാവാം പ്രധാനകാരണമെന്ന് അനുമാനിക്കാം. പത്തനാപുരത്ത് ആലുവാ ശിവരാത്രിയോളം പഴക്കമുള്ള ശിവരാത്രിമഹോത്സവം കുണ്ടയം മഹാദേവര്‍ക്ഷേത്രത്തില്‍ കൊണ്ടാടിവന്നിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും പഴക്കം ചെന്ന മാര്‍ക്കറ്റാണ് പത്തനാപുരം.
സാമൂഹിക-സാംസ്കാരിക ചരിത്രം
കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കുള്ളിലാണ് ദ്രുതഗതിയിലുള്ള സാമ്പത്തികവികസനവും പട്ടണരൂപവും പത്തനാപുരത്തിന് കൈവരുന്നതെങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സാമൂഹ്യ-സാംസ്കാരിക പൈതൃകം പത്തനാപുരത്തിനുണ്ട്. കഴിഞ്ഞ ഒരു നൂറ്റാണ്ടുകള്‍ക്കുള്ളിലുള്ള കേട്ടറിവുകളും നാട്ടറിവുകളും വിശകലനം ചെയ്യുമ്പോള്‍ നടുക്കുന്ന്, മഞ്ചള്ളൂര്‍, കുണ്ടയം, കല്ലുംകടവ്, ഇടത്തറ, പാതിരിക്കല്‍, ഇന്നത്തെ പട്ടണകേന്ദ്രം എന്നീ പ്രദേശങ്ങളില്‍ പൂര്‍വ്വികരുമായി ബന്ധപ്പെട്ട ദ്രാവിഡസംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. പത്തനാപുരത്തിന്റെ സ്ഥലനാമനിര്‍ണ്ണയത്തില്‍ വ്യത്യസ്താഭിപ്രായങ്ങള്‍ ഇപ്പോഴും അവശേഷിക്കുന്നു. ഇന്നത്തെ പത്തനാപുരത്തിന്റെ പഴയ പേരു കാട്ടുപത്തനാപുരം എന്നായിരുന്നു. ചിരപുരാതനകാലം മുതല്‍ പാണ്ടിനാടുമായി(ഇന്നത്തെ തമിഴ്നാട്) വാണിജ്യ വ്യാപാരബന്ധമുണ്ടായിരുന്നതിനാലും മറ്റും ഈ നാട്ടിലെ ചില പ്രമുഖരുടെ പേരില്‍ എഴുത്തുകള്‍ വരുമായിരുന്നു. അഞ്ചലോട്ടം, കുതിരത്തപാല്‍ തുടങ്ങിയവയായിരുന്നു അന്നത്തെ വാര്‍ത്താവിനിമയമാര്‍ഗ്ഗങ്ങള്‍. എഴുത്തുകുത്തുകളെല്ലാം തമിഴിലായിരുന്നു. പത്തനാപുരത്തേക്കു വന്നിരുന്ന എഴുത്തുകള്‍ ഭൂരിഭാഗവും പത്മനാഭപുരത്ത് ചെന്നുകിടക്കുമായിരുന്നു. അങ്ങനെ പത്തനാപുരവും പത്മനാഭപുരവും തിരിച്ചറിയാന്‍ വുദ്ധിമുട്ടു വന്ന സാഹചര്യത്തില്‍ പത്തനാപുരത്തേക്കുള്ള എഴുത്തുകളില്‍ കാട്ടു എന്നുകൂടി എഴുതിച്ചേര്‍ത്തു എന്നും അങ്ങനെ കാട്ടുപത്തനാപുരം എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പത്തനാപുരത്തെ കാട്ടുപത്തനാപുരം എന്ന് ആദ്യം വിളിച്ചത് അന്നത്തെ തപാല്‍ വകുപ്പുകാരോ അല്ലെങ്കില്‍ തമിഴ്കച്ചവടക്കാരായ സഞ്ചാരികളോ ആവാം. എന്തായാലും പത്തനാപുരം പഞ്ചായത്തിന്റെ അന്നത്തെ ഭൂരിഭാഗം പ്രദേശവും കാടായിരുന്നു എന്നതാവാം പ്രധാന കാരണമായത് എന്നതില്‍ തര്‍ക്കമില്ല. പത്തനങ്ങള്‍ ഉള്ള പുരമായതിനാലാണ് പത്തനാപുരമായി മാറിയതെന്നും, അതല്ലാ, പാണ്ടിനാടുമായുണ്ടായിരുന്ന വ്യാപാരബന്ധം കാരണം ഇവിടെ പട്ടാണികള്‍ (പത്താന്‍ വംശജര്‍) വന്നു താമസിച്ചിരുന്നതിനാല്‍ പത്താന്‍പുരം എന്നു ആദ്യകാലത്ത് വിളിക്കപ്പെട്ടത് രൂപാന്തരം സംഭവിച്ച് പിന്നീടു പത്തനാപുരമായി മാറിയതാണെന്നും പുര്‍വ്വികമൊഴികള്‍ സൂചന നല്‍കുന്നു. ഇന്നത്തെ പോലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പത്ത് ആനകളെ മെരുക്കുവാനുള്ള മൂന്ന് ആനക്കൂടുകള്‍ ഉണ്ടായിരുന്നു. പത്ത് ആനകള്‍ ഉള്ള പുരമായിരുന്നതുകൊണ്ടാണത്രെ പത്തനാപുരം എന്ന പേരു ലഭിച്ചതെന്നും പറയപ്പെടുന്നു. എന്നാല്‍ പാണ്ടിനാട്ടില്‍ നിന്ന് കല്ലടയാറിന്റെ തീരത്തുള്ള പുനലൂരെത്തി (പുനല്‍ അഥവാ വെള്ളം ഉള്ള ഊര്) കച്ചവടം ചെയ്ത ശേഷം പത്തനാപുരത്തേക്കും അതുവഴി പടിഞ്ഞാറുള്ള കച്ചവടകേന്ദ്രങ്ങളിലേക്കും സഞ്ചരിച്ചിരുന്ന തമിഴ് വണിക്കുകള്‍ ഇവിടെ ഉണ്ടായിരുന്ന പത്തനങ്ങള്‍ (ശില്പചാരുതയും മോടിയുമുള്ള ഭവനങ്ങള്‍) കണ്ട് ഇവിടം വ്യാപാരത്തിനുള്ള ഇടത്താവളമാക്കിയിരിക്കാം. അവര്‍ പത്തനങ്ങളുള്ള ഈ പുരത്തെ ആദ്യം പത്തനപുരം എന്നു വിളിച്ചു. കാലാന്തരത്തില്‍ അത് പത്തനാപുരം ആയതായി കരുതാം. ഒരു കാലത്ത് പത്തനാപുരം താലൂക്കിന്റെ ആസ്ഥാനം നടുക്കുന്നിനും മഠത്തില്‍ ദുര്‍ഗ്ഗാക്ഷേത്രത്തിനുമിടയ്ക്കുള്ള തുരുത്തിയില്‍ എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. പ്രവര്‍ത്തിയാരാഫീസ്, ഠാണാപടി (പോലീസ് സ്റ്റേഷന്‍), സബ്രജിസ്ട്രാര്‍ ആഫീസ്, തപാലാഫീസ് എന്നിവയും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. കുറ്റവാളികള്‍ക്കു ശിക്ഷ നല്‍കി താല്‍കാലികമായി തടവിലിടാനുള്ള ജയില്‍സൌകര്യവും ഠാണാപടിയിലുണ്ടായിരുന്നു. ഈ താലൂക്കുകേന്ദ്രം പില്‍ക്കാലത്ത് മണ്ഡപത്തിന്‍വാതില്‍ എന്ന പേരിലും അറിയപ്പെട്ടിരുന്നു. വടക്കേവീട്ടില്‍ അമിനാതാര്‍ ആയിരുന്നു അന്നത്തെ അധികാരി. ഇന്നുള്ളതില്‍ പി.ഡബ്ള്യു.ഡി ആഫീസായി പ്രവര്‍ത്തിക്കുന്ന പഴക്കം ചെന്ന കെട്ടിടമാണ് ആദ്യത്തെ ഗവണ്‍മെന്റുസ്ഥാപനം. ആനകളും കുതിരവണ്ടികളും വില്ലുവണ്ടിയും സ്വന്തമായുണ്ടായിരുന്ന മുസ്ളീം ജന്മിമാരുടെ കുടുംബങ്ങള്‍ നടുക്കുന്നിലുണ്ടായിരുന്നു. രാജഭരണകാലത്ത് രാജാക്കന്മാര്‍ തലവൂര്‍, പട്ടാഴി, മണ്ണടി, കുണ്ടയം എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി മഞ്ചള്ളൂര്‍ വഴി പോകുമായിരുന്നുവെന്നും, ആ സമയം ഇന്നത്തെ ജംഗ്ഷനു തെക്കുകിഴക്കുമാറിയുള്ള വഴിവക്കില്‍ മഞ്ചല്‍ ഇറക്കിവച്ച് പ്രജകളെ മുഖം കാണിക്കുമായിരുന്നുവെന്നും, മഞ്ചല്‍ ഇറക്കിയ ഊരായതിനാല്‍ മഞ്ചള്ളൂര്‍ എന്നു പേരുണ്ടായി എന്നും പറയപ്പെടുന്നു. ഇന്നത്തെ കുണ്ടയത്തിന്റെ യഥാര്‍ത്ഥ പേര് വൈകുണ്ഠം എന്നായിരുന്നു. പാണ്ടിനാട്ടിലെ വൈകുണ്ഠം സ്വദേശികളായ വെങ്കിടേശ്വര സ്വാമിയുടെ വംശപരമ്പര ഇന്നത്തെ മണികണ്ഠന്‍ചിറ പ്രദേശത്തു താമസിച്ചിരുന്നതിനാല്‍ വൈകുണ്ഠമായി. സാക്ഷാല്‍ കൈലാസനാഥനായ പരമശിവന്റെ ആദിപ്രതിഷ്ഠകളിലൊന്നായ (ശിവലിംഗ പ്രതിഷ്ഠ) കുണ്ടയം ശ്രീമഹാദേവര്‍ ക്ഷേത്രത്തിന് 700-ല്‍ കൂടുതല്‍ വര്‍ഷം പഴക്കമുണ്ടത്രെ. ഒരു ഭാഗത്ത് പൂര്‍വ്വികരായ ബ്രാഹ്മണരും മറുഭാഗത്ത് തമ്പ്രാക്കന്മാരായ നായര്‍ പ്രഭുക്കളും ഇവിടം വാണിരുന്ന കാലഘട്ടത്തിനിടയിലെന്നോ നല്ലൂര്‍ വീട്ടുകാരുടെയും കടയ്ക്കാടി വീട്ടുകാരുടെയും വംശത്തിലെ തമിഴ് മുസ്ളീങ്ങള്‍ ഇവിടെയെത്തി താമസമായതാവണം. ഇന്നത്തെ മഞ്ചള്ളൂര്‍ കുണ്ടയം ജമാഅത്ത് പള്ളി വെറും പുല്ലുമേഞ്ഞ നിസ്ക്കാരപള്ളിയായി ഉദ്ദേശം 250-300 കൊല്ലങ്ങള്‍ക്ക് മുമ്പ് കണിയാന്‍കുണ്ട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്തിരുന്നതാണ്. കാലം മാറിക്കൊണ്ടിരുന്നതിനിടയില്‍ അവശേഷിച്ച പൂര്‍വ്വ കുടുംബക്കാരും വന്നുചേര്‍ന്നവരും ചേര്‍ന്നുണ്ടായ സമ്മിശ്രസംസ്ക്കാരം ബോധപൂര്‍വ്വം ഈ പ്രദേശത്തെ കുണ്ടയം എന്നു വിളിച്ചു തുടങ്ങിയതാകണം. 60 കൊല്ലങ്ങള്‍ക്കു മുന്‍പ് ഇന്നത്തെ കല്ലുംകടവു ജംഗ്ഷന്‍ ഒരു പ്രധാന ജനസമ്പര്‍ക്കകേന്ദ്രമായിരുന്നു. കല്ലുംകടവ് വിവിധ കച്ചവടക്കാരും യാത്രക്കാരും തങ്ങുന്ന ഒരു താവളമായിരുന്നു. പത്തനാപുരം താലൂക്ക് മദ്യനിരോധന മേഖല ആയിരുന്നതിനാല്‍ അതിര്‍ത്തികേന്ദ്രമായ കല്ലുംകടവില്‍ ചെക്കിംഗ് സ്റ്റേഷനും ചെക്കുപോസ്റ്റുമുണ്ടായിരുന്നു. പത്തനാപുരം പട്ടണത്തില്‍ ആനക്കൂടുകള്‍ ഒഴികെ ചിരപുരാതനമായ മറ്റെന്തെങ്കിലും ഉണ്ടായിരുന്നതായി അറിവില്ല. വടക്കേക്കാരുടെ കെട്ടിടവും പഴയ സ്റ്റേറ്റ് ബാങ്ക് കെട്ടിടവും പിന്നീടുണ്ടായി. ഇന്നത്തെ തൈയ്ക്കാവു പള്ളിക്കു സമീപവും, പട്ടണകേന്ദ്രത്തില്‍നിന്നു തെക്കോട്ടു തിരിയുമ്പോള്‍ ഇടതുഭാഗത്തായും ആകെ ഏഴെട്ടു കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. ജവുളി, പുകയില, പലചരക്ക്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ അവിടെ കച്ചവടം ചെയ്യപ്പെട്ടിരുന്നു. ആനക്കൂടുപുരയിടത്തും ഇന്നത്തെ റേഞ്ചാഫീസിനു സമീപത്തുമായി 50-60 കൊല്ലം പഴക്കമുള്ള നാലോ അഞ്ചാ കുടുംബങ്ങള്‍ താമസിച്ചിരുന്നു.
ആധുനികജനപഥത്തിലേക്ക്
മുന്‍കാലത്ത് പത്തനാപുരംചന്ത, പ്രധാന ജംഗ്ഷനില്‍ തെക്കോട്ടും പടിഞ്ഞാറോട്ടുമുള്ള റോഡുകളിലേക്ക് വ്യാപിച്ചുകിടന്ന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ചില പരിശ്രമശാലികളുടെ ശ്രമഫലമായി വനം വകുപ്പിന്റെ വക ഒരേക്കര്‍ ഇരുപതു സെന്റ് ഭൂമി പഞ്ചായത്തിനു ലഭിക്കുകയും ഇന്നത്തെ വിശാലമായ മാര്‍ക്കറ്റ് സ്ഥാപിതമാവുകയും ചെയ്തു. ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരായി ഇവിടുത്തെ ജനങ്ങള്‍ കര്‍മ്മനിരതമായിരുന്നുവെങ്കിലും സ്വാതന്ത്ര്യസമരത്തില്‍ നേരിട്ടു പങ്കെടുത്തവരാരുമില്ല. പത്തനാപുരത്തിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായുള്ള ഉയര്‍ച്ചയ്ക്ക് വിദ്യാലയങ്ങള്‍ നല്‍കിയ സംഭാവന വിലമതിക്കാനാവാത്തതാണ്. പത്തനാപുരത്തെ പ്രഥമ വിദ്യാഭ്യാസസ്ഥാപനം നടുക്കുന്ന് ഗവ.പ്രൈമറി സ്കൂളാണ്. ആലപ്പുഴ മുതലാളിവക ഒരു സ്കൂളും പിന്നീട് നടുക്കുന്നില്‍ സ്ഥാപിക്കപ്പെട്ടു. പെണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനമുണ്ടായിരുന്നതിനാല്‍ പ്രസ്തുതസ്കൂള്‍ പെണ്‍പള്ളിക്കൂടം എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഈ രണ്ടു സ്ഥാപനങ്ങള്‍ കൂടാതെ കുണ്ടയം മുസ്ളീം എല്‍.പി.എസ്, ഇടത്തറ മുഹമ്മദന്‍സ് എല്‍.പി.എസ് എന്നിവ പരേതനായ മുഹമ്മദ് ഹുസൈന്‍ സാഹിബ് സര്‍ക്കാരിനു വിട്ടുകൊടുക്കുകയായിരുന്നു. പത്തനാപുരത്തിന്റെ സാമൂഹ്യമനസ്സില്‍ വിദ്യാഭ്യാസസംസ്കാരത്തിന്റെ അടിസ്ഥാനശില പാകിയത് സെന്റ് സ്റ്റീഫന്‍സ് സ്ഥാപനവും വ്യക്തി എന്ന നിലയില്‍ കാലം ചെയ്ത മാര്‍തോമ ദിവന്യാസ്യോസ്തിരുമേനിയുമാണ്. ഇന്നത്തെ സെന്റ് സ്റ്റീഫന്‍സ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്ത് എബ്രഹാം എന്നയാള്‍ സ്ഥാപിച്ച ഒരു സ്കൂള്‍ നേരത്തെ ഉണ്ടായിരുന്നു. ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ആയിരുന്നു അത്. അവിടെ പ്രിപ്പററ്റേറി, ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് എന്നീ ക്ളാസുകളാണുണ്ടായിരുന്നത്. 1925-ല്‍ പത്തനാപുരത്തെത്തിയ കല്ലുംപുറത്തു തോമസ് ശെമ്മാശ്ശന്‍ (കാലം ചെയ്ത തിരുമേനി) 1937-38 ല്‍ അവിടെ ഒരു ഹൈസ്കൂള്‍ സ്ഥാപിച്ചു. മതമൈത്രിയും സാഹോദര്യവും പരിപാലിക്കുന്നതില്‍ പത്തനാപുരത്തെ ക്രൈസ്തവദേവാലയങ്ങള്‍ ദൃഷ്ടാന്തമായി നില്‍ക്കുന്നു. പത്തനാപുരത്തെ ആദ്യത്തെ ക്രൈസ്തവ ദേവാലയം സെന്റ് സ്റ്റീഫന്‍സ് സ്കൂളിനോടുചേര്‍ന്നുള്ള ഗദ്ശീമോന്‍ ഇടവക ചാപ്പല്‍ ആയിരുന്നു. പിന്നീടത് സെന്റ് സ്റ്റീഫന്‍സ് ചാപ്പല്‍ ആവുകയും ഇപ്പോള്‍ മൌണ്ട് താബോര്‍ ദയറ ചാപ്പല്‍ ആയിത്തീരുകയും ചെയ്തിരിക്കുന്നു. ഇവിടെ വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന റാസ ശാന്തിയുടേയും സമാധാനത്തിന്റെയും പ്രവാഹമായിട്ടാണ് അനുഭവപ്പെടുന്നത്. പുതുവലില്‍ നിന്നാരംഭിക്കുന്ന റാസ അടുക്കും ചിട്ടയുമുള്ളതും വര്‍ണാഭമായതും ജാതിമതഭേദമെന്യേ ജനശ്രദ്ധ ആകര്‍ഷിക്കുന്നതുമാണ്. സാമുദായിക സൌഹാര്‍ദ്ദത്തിന്റെ വിളനിലമായ പത്തനാപുരത്ത് ആലുവാ ശിവരാത്രിയോളം പഴക്കമുള്ള ശിവരാത്രിമഹോത്സവം കുണ്ടയം മഹാദേവര്‍ക്ഷേത്രത്തില്‍ കൊണ്ടാടിവന്നിരുന്നു. കെട്ടുകുതിരകളും, കാളകളും, കാവടിയാട്ടവും ഇവിടുത്തെ പ്രത്യേകതകളാണ്. ഉദ്ദേശം 500-ല്‍ കുടുതല്‍ വര്‍ഷം പഴക്കമുള്ള കവലയില്‍ ഭഗവതീക്ഷേത്രവും 400 കൊല്ലം പഴക്കമുള്ള നടുക്കുന്നു മുസ്ളീം പള്ളിയും ഇന്നും നില കൊള്ളുന്നു. ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കുന്ന എടുപ്പുകുതിരകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു ചാഞ്ചാടണമെങ്കില്‍ എടുപ്പു കുതിരയുടെ ഒരു മൂലയില്‍ മുസ്ളീങ്ങള്‍ കൂടി തോള്‍ കൊടുക്കണമായിരുന്നു. കൊല്ലം ജില്ലയിലെ തന്നെ പ്രധാന വാണിഭമേളകളില്‍ ഒന്നും ആഘോഷവുമായിരുന്ന നടുക്കുന്നുപള്ളിയിലെ ചന്ദനക്കുടമഹോത്സവം പത്തനാപുരത്തിന്റെ ദേശീയോത്സവമായി പുകഴ്പ്പെറ്റിരുന്നു. വിവിധ ജനവിഭാഗങ്ങളായ പതിനായിരങ്ങള്‍ ഒത്തുകൂടുന്ന ചന്ദനക്കുട മഹോത്സവം മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. തീണ്ടലും തൊടീലും മൂര്‍ച്ചയേറിയ ആയുധമാക്കി സവര്‍ണ്ണമേധാവിത്വം അവര്‍ണരെ വിളിപ്പാടകലെ നിര്‍ത്തിയിരുന്നു. സവര്‍ണ്ണരുടെ നിലനില്പിനുവേണ്ടി ഔദാര്യമെന്നാണം അവര്‍ണന് കാടിന്റെ ഒരംശം ചൂണ്ടിക്കാണിച്ചുകൊടുത്തു. അവന്‍ അവിടെ വിളക്കു കത്തിച്ചു. അവന്റെ മലദൈവങ്ങളോ കുലദൈവങ്ങളോ ആയ കുണ്ടയത്തെ മാടത്താന്‍ മൂര്‍ത്തി കുടികൊള്ളുന്ന മാടത്താന്‍ മലയായ മലങ്കാവ് അങ്ങനെയുള്ളതാണ്. മഞ്ചള്ളൂര്‍ പ്രദേശത്തുള്ള വലിയ മഠംകാവും ഈ ആചാരങ്ങള്‍ ഏറ്റു വാങ്ങുന്നു. കാവുകളിലെ മലജടയും ഉച്ചാരവുമെല്ലാം മറ്റു ജനവിഭാഗങ്ങളുടെ സഹകരണവും സഹായവും കൊണ്ടാണ് നടക്കുന്നത്. ഇവിടെയും മതമൈത്രിഭാവത്തിന് ഭംഗമേല്‍ക്കുന്നില്ല. മുഖ്യ പൂജാരി (ഊരാളി) അവര്‍ണന്‍ തന്നെയാണ്. ആരോഗ്യരംഗത്ത് സര്‍ക്കാര്‍ ഡിസ്പെന്‍സറിയാണാദ്യമുണ്ടായിരുന്നത്. പിന്നീടത് പി.എച്ച്.സി.യും ഇപ്പോള്‍ സി.എച്ച്.സി.യുമായി. ആദ്യത്തെ സ്വകാര്യ ആശുപത്രി രക്ഷാസൈന്യം ആശുപത്രി എന്ന പേരിലുള്ളതായിരുന്നു. പത്തനാപുരത്തെ സ്വകാര്യ ആശുപത്രികള്‍ സാധാരണ ജനത്തിന് താങ്ങാവുന്ന തരത്തിലുള്ളതല്ല. ഗതാഗതത്തിന് ഇന്നത്തെ കായംകുളം-പുനലൂര്‍ റോഡുഭാഗത്ത് കഷ്ടിച്ചുണ്ടായിരുന്ന ഊടുവഴിയാണ് ഉപയോഗിച്ചിരുന്നത്. കാളവണ്ടികളിലായിരുന്നു കായംകുളത്തു നിന്നും ചരക്കുകള്‍ കൊണ്ടു വന്നിരുന്നത്. കഴുതപ്പുറത്തു പൊതിമാടായും തലച്ചുമടായും ചരക്കുകള്‍ വന്നിരുന്നു. കല്ലടയാറില്‍ മുട്ടത്തുകാവില്‍ വലിയ ചങ്ങാടവള്ളങ്ങള്‍ ഉണ്ടായിരുന്നു. കൊല്ലത്തുനിന്ന് പലചരക്കു സാധനങ്ങള്‍ വള്ളങ്ങളില്‍ കൊണ്ട് വന്ന് മുണ്ടയം കൊച്ചിക്കടവിലിറക്കി കാളവണ്ടികളില്‍ മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുമായിരുന്നു. കൊല്ലങ്ങള്‍ക്കു മുമ്പ് ആലപ്പുഴ മുതലാളിയുടെ വക അഞ്ചോ ആറോ പേര്‍ക്ക് ഇരിക്കാന്‍ സൌകര്യമുള്ള ഒരു കരിവണ്ടിയാണ് ഇന്നത്തെ ആദ്യകാലറോഡിലൂടെ ഓടിത്തുടങ്ങിയത്. വ്യവസായരംഗത്ത് സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കല്ലുംകടവിലുള്ള കെ.ഇ.എം ഇന്‍ഡസ്ട്രി പില്‍ക്കാലത്ത് പ്രവര്‍ത്തനക്ഷമമല്ലാതാവുകയും പഴയ കെട്ടിടം പൊളിച്ചു മാറ്റപ്പെടുകയും ചെയ്തു. 1950 നടുത്ത് കല്‍ക്കട്ടാ സ്വദേശിയായ ബാബു എന്നയാളിന്റെ ഉടമസ്ഥതയില്‍ മഞ്ചള്ളൂര്‍ ചീനി ആഫീസ് (മൊഡാകെമിക്കല്‍സ് ലിമിറ്റഡ്) തുറന്നു പ്രവര്‍ത്തിച്ചു എങ്കിലും പിന്നീടവിടെ തൊഴില്‍ത്തര്‍ക്കങ്ങളും സമരങ്ങളുമായി ആ തൊഴില്‍ശാല പൂട്ടുകയും നശിക്കുകയും ചെയ്തു. പത്തനാപുരം പഞ്ചായത്തിന്റെ ആദ്യരൂപം കേരളത്തില്‍ അന്നു പൊതുവായുണ്ടായിരുന്ന വില്ലേജ് യൂണിയന്‍ ആയിരുന്നു. 1952-ല്‍ ഇന്നത്തെ പിറവന്തൂര്‍, പത്തനാപുരം പഞ്ചായത്തുകള്‍ ചേര്‍ന്നതായിരുന്നു ആ വില്ലേജ് യൂണിയന്‍. വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് പരേതനായ ഹാജി.എം.ബാവാസാഹിബ് അവര്‍കളായിരുന്നു. ആദ്യത്തെ പഞ്ചായത്താഫീസ് ഠൌണ്‍ മുസ്ളീം പള്ളിക്കു സമീപമുള്ള ചന്ദ്ര സ്റുഡിയോ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വാടകയ്ക്കായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഇന്നത്തെ പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ഹാജി.എം. ബാവാസാഹിബ് അവര്‍കള്‍ ദാനമായി നല്‍കിയതിനെ തുടര്‍ന്ന് 1.1.1964-ല്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തുകയും 12.11.1965-ല്‍ ആഫീസ് തുറന്നുള്ള പ്രവര്‍ത്തനം പട്ടം താണുപിള്ള അവര്‍കള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പത്തനാപുരം പഞ്ചായത്തിലുണ്ടായിരുന്ന കമുകംചേരി, കിഴക്കേ ഭാഗം വാര്‍ഡുകള്‍ പിറവന്തൂര്‍ പഞ്ചായത്തിലേക്കു പോകുകയും പട്ടാഴി പഞ്ചായത്തില്‍ പെട്ടതായിരുന്ന ഇന്നത്തെ മൂലക്കട, കുണ്ടയം വാര്‍ഡുകള്‍ (പഴയ കുണ്ടയം വാര്‍ഡ്) പത്തനാപുരം പഞ്ചായത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 1953-ല്‍ നടന്ന തെരഞ്ഞെടുപ്പിലും 1966-ല്‍ നടന്ന തെരഞ്ഞെടുപ്പിലും അധികാരത്തില്‍ വന്ന സമിതിയുടെ പ്രസിഡന്റ് ഹാജി.എം.ബാവാസാഹിബായിരുന്നു.
അതിരുകൾ
പത്തനാപുരം പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കലഞ്ഞൂർ പഞ്ചായത്തും തെക്കുഭാഗത്ത് കല്ലടയാറും, തലവൂർ പഞ്ചായത്തും കിഴക്കുഭാഗത്ത് പിറവന്തൂർ പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് പട്ടാഴി വടക്കേക്കര, പട്ടാഴി തെക്കേക്കര പഞ്ചായത്തുകളുമാണ്.
വാർഡുകൾ
ഇടത്തറ
നെടുമുരുപ്പ്
വാഴപ്പാറ
ചിതൽ‌വെട്ടി
മാങ്കോട്
പൂങ്കുളഞ്ഞി
നെടുമ്പറമ്പ്
നടുക്കുന്ന് വടക്ക്
നടുക്കുന്ന് തെക്ക്
ഠൌൺ തെക്ക്
മഞ്ചളളൂർ
കാരംമൂട്
മൂലക്കട
കുണ്ടയം
മാർക്കറ്റ്
കല്ലുംകടവ്
ഠൌൺ സെൻട്രൽ
ഠൌൺ വടക്ക്
പാതിരിക്കൽ
സ്ഥിതിവിവരക്കണക്കുകൾ
ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 26.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 29161
പുരുഷന്മാർ 14350
സ്ത്രീകൾ 14811
ജനസാന്ദ്രത 1094
സ്ത്രീ : പുരുഷ അനുപാതം 1032
സാക്ഷരത 89.33%
കടപ്പാട്:

പത്തനാപുരം ചരിത്രം Pathanapuram History

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.