
പട്ടാഴി ദേവി ക്ഷേത്രം
കൊല്ലം ജില്ലയിലെ പത്തനാപുരത്തിനടുത്താണ് പുരാതനമായ പട്ടാഴി ദേവി ക്ഷേത്രം. സ്വയംഭുവായ ദേവിയെ ഉഗ്രരൂപിണിയായ ഭദ്രകാളിയായാണ് ആരാധിച്ചുവരുന്നത്.
വാഴക്കുന്ന് എന്ന് പേരുണ്ടായിരുന്ന ഈ പ്രദേശത്ത് നാട്ടുപ്രമാണിമാരായിരുന്നു താമസിച്ചിരുന്നത്. ഇവിടെ താമസിച്ചിരുന്ന കാരണവര്‍ തന്റെ വാഴത്തോപ്പിലൂടെ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ വകഞ്ഞുമാറ്റി സഞ്ചരിക്കുമ്പോള്‍ തന്റെ മുന്‍പില്‍ തേജോസ്വരൂപിണിയായ ഒരു സ്ത്രീ രൂപം കണ്ടു. കാരണവര്‍ അടുത്തെത്തിയപ്പോള്‍ ആ സ്ത്രീരൂപം അപ്രത്യക്ഷ്യമായി. സ്ത്രീരൂപത്തെ കണ്ട ഭാഗത്ത് ആഴത്തിലുള്ള ഒരു കിണറും, കിണറിന്റെ മുകളില്‍ തറയില്‍ മിനുസമേറിയ തളക്കല്ലും, അതില്‍ ചുവന്ന പട്ടും കാണപ്പെട്ടു. കിണറ്റിലേക്കു നോക്കിയ കാരണവര്‍ കണ്ടത് കിണറ്റിനുള്ളില്‍ നീലഛവികലര്‍ന്ന ജലം ഇളകുന്നതാണ്. കരയില്‍ പട്ടും, കിണറ്റില്‍ ആഴിയും. ഇതുകണ്ട കാരണവര്‍ ഉടന്‍തന്നെ അവിടെയുള്ള മഠത്തില്‍ തിരുമേനിയെ വിവരം ധരിപ്പിച്ചു. രണ്ടുപേരും ഉടന്‍തന്നെ വാഴക്കുന്നിലെത്തി. ഭഗവതിയുടെ സാന്നിധ്യമാണെന്ന് തിരുമേനിക്ക് മനസ്സിലായതോടെ പട്ടും ആഴിയും കണ്ട സ്ഥലത്ത് അമ്മയുടെ ഇരിപ്പിടമായി പീഠം സ്ഥാപിച്ചു. പട്ടും ആഴിയും കണ്ട സ്ഥലമായതിനാല്‍ വാഴക്കുന്ന് പ്രദേശത്തിന് ‘പട്ടാഴി’ എന്ന് നാമകരണം ചെയ്യപ്പെട്ടു.
1750-ല്‍ മാര്‍ത്താണ്ഡവര്‍മ്മ തന്റെ സാമ്രാജ്യം ശ്രീ പത്മനാഭന് സമര്‍പ്പിച്ച് പത്മനാഭ ദാസനായതിനെ തുടര്‍ന്ന്, അതിന്റെ ചുവടു പിടിച്ച് കാര്‍ത്തിക തിരുനാള്‍ പട്ടാഴി ദേവിയ്ക്ക് പട്ടാഴി ദേശം ദാനമായി കൊടുത്തുവത്രെ. പട്ടാഴി ദേവിയുടെ മൂലനാമമായ “ഭട്ടാരിക” എന്നതിന്റെ ശബ്ദഭേദമായി പട്ടാഴി എന്ന സ്ഥലനാമമുണ്ടായിയെന്നും പറയപ്പെടുന്നു.
പട്ടാഴിക്ഷേത്രത്തിലെ പ്രധാന ഉല്‍സവങ്ങള്‍ കുംഭ തിരുവാതിരയും, മീന തിരുവാതിരയുമാണ്. കുഭത്തിരുവാതിര ഉത്സവം കുംഭഭരണി മുതല്‍ ഏഴു ദിവസം നീണ്ടു നില്‍ക്കുന്നു. ഭരണി നാളില്‍ ഉത്സവം കൊടിയേറി ആയില്യം നാളില്‍ കൊടിയിറങ്ങും. ഇതില്‍ പ്രധാന ഉത്സവം അമ്മയുടെ ജന്മനാളായ കുംഭത്തിലെ തിരുവാതിരനാളിലാണ്. തിരുവാതിര നാളില്‍ കെട്ടുകാഴ്ചയും എഴുന്നള്ളിപ്പും നടക്കും. കെട്ടുകാഴ്ച നടക്കുമ്പോള്‍ പട്ടാഴിയിലെ എട്ടുചേരിയില്‍ നിന്നുമുള്ള കരക്കാരാണ് ക്ഷേത്രത്തില്‍ എത്തുക. ഓരോ കരക്കാരും അവരവരുടെ കരയിലെ നേര്‍ച്ചവഴിപാടായ കെട്ടുകാളയെ എഴുന്നള്ളിക്കും.
കുംഭത്തിരുവാതിര കഴിഞ്ഞാല്‍ പിന്നെ മീനത്തിരുവാതിര ഉത്സവമാണ് നടക്കുന്നത്. മീനത്തിരുവാതിരയിലാണ് ആള്‍പ്പിണ്ടി വിളക്കെടുപ്പും, വെടിക്കെട്ടും നടക്കുക. മീനത്തിരുവാതിരയിലെ വെടിക്കെട്ടെന്നാല്‍ പട്ടാഴിയിലെ ഓരോ മുക്കിലും മൂലയിലും അത് പ്രകമ്പനം കൊള്ളിക്കുന്നു. വെടിക്കെട്ട് കാണാന്‍ ദേശവാസികളെ കൂടാതെ നാടിന്റെ നാനാഭാഗത്തുനിന്നുമുള്ള ഭക്തജനങ്ങളും എത്തിച്ചേരുന്നു.
പട്ടാഴിയമ്മയുടെ ഇഷ്ടവഴിപാടെന്നു പറയുന്നത്, പൊങ്കാല വഴിപാടാണ്. സര്‍വൈശ്വര്യപ്രദായിനിയായ ദേവിക്ക് എല്ലാ മകരമാസത്തിലെയും അവസാന ഞായറാഴ്ച ദേവി ഭക്തര്‍ പൊങ്കാലയര്‍പ്പിക്കുന്നു. ഇതിനായി 25 ദിവസത്തെ വ്രതശുദ്ധിയോടെ ഭക്തജനങ്ങള്‍ ദേവീസന്നിധിയിലെത്തുന്നു. പ്രകാശരൂപിയും നവഗ്രഹനാഥനുമായ സൂര്യദേവനെ സാക്ഷിനിര്‍ത്തി നടത്തുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് പൊങ്കാല. പൊങ്കാല നിവേദ്യം അമ്മയുടെ തിരുമുന്നില്‍ സമര്‍പ്പിച്ച് സായൂജ്യമടഞ്ഞാണ് ഭക്തര്‍ ഇവിടെ നിന്നു പോകുന്നത്. നിവേദ്യം സ്വീകരിച്ച് സന്തുഷ്ടിയടയുന്ന പട്ടാഴിയമ്മ സമസ്ത ഐശ്വര്യങ്ങളും നല്‍കി തന്റെ ഭക്തരെ അനുഗ്രഹിക്കുന്നു.
പട്ടാഴിയമ്മയുടെ സാന്നിധ്യത്തില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഈ ക്ഷേത്രം കേരളക്കരയുടെ പുണ്യക്ഷേത്രമായി കുടികൊള്ളുന്നു. ഭക്തജനങ്ങളെ സ്നേഹത്തോടെ പരിപാലിക്കുന്ന അമ്മയുടെ സാന്നിധ്യം ഓരോ ഭക്തന്റെ ഉള്ളിലും ഭക്തിയുടെ നിറമാല്യം ചൊരിയുന്നു. ചരിത്രപ്രസിദ്ധമായ പട്ടാഴി ദേവീക്ഷേത്രവും, നാടും ഇനിയും സമ്പല്‍ സമൃദ്ധിയോടെ അമ്മ കാത്തരുളീടട്ടെ.
Post a Comment