ചരിത്രം
എ.ഡി 16-ാം നൂറ്റാണ്ടു വരെ ദക്ഷിണേന്ത്യയുടെ തെക്കുഭാഗത്ത് പമ്പാനദിക്കും
കന്യാകുമാരിക്കുമിടയ്ക്ക് നിലനിന്നിരുന്ന അയോയി എന്നു വിളിക്കപ്പെട്ടിരുന്ന ആയ്
രാജ്യത്തിന്റെ ഭാഗമായിരുന്നു ഇന്നത്തെ ചടയമംഗലം പ്രദേശമെന്ന് കരുതാവുന്നതാണ്.
അന്നത്തെ സ്ഥലനാമങ്ങള്‍ ഊര്‍, മംഗലം, കുളം,
കോട്, കര എന്നിങ്ങനെ
അവസാനിക്കുന്നവയായിരുന്നു. ചടയമംഗലത്തിന്റെ അയല്‍ഗ്രാമമായ ആയൂര്‍ എന്ന
പ്രദേശത്തിന് ആയ് രാജവംശവുമായി നേരിട്ടു ബന്ധമുണ്ടായിരുന്നതിന്റെ തെളിവാണ്
പ്രസ്തുത സ്ഥലനാമം. എ.ഡി 765-നും, 815-നും
മധ്യേ പാണ്ഡ്യരാജ്യം ഭരിച്ചിരുന്ന ജടിലപരാന്തക നെടുംചടയന്‍ എന്ന രാജാവ് ആയ് രാജ്യം
ആക്രമിച്ച് കീഴ്പ്പെടുത്തിയപ്പോള്‍ പാണ്ടിപ്പട താവളമടിച്ച സ്ഥലമാണ് പില്‍ക്കാലത്ത്
ചടയമംഗലം എന്നറിയപ്പെട്ടത്. ചടയമംഗലത്തിന് ജടായുവുമായി ബന്ധമുണ്ടെന്ന കഥ ഐതിഹ്യം
മാത്രമാണ്. അതുപോലെ പറയസമുദായാംഗമായിരുന്ന ചടയന്‍ മംഗലം പൂകിയ (മോക്ഷം പ്രാപിച്ച)
സ്ഥലമാണ് ചടയമംഗലമായതെന്നുള്ളതും ഐതിഹ്യമാണ്. ഐതിഹ്യങ്ങളും ചില സ്ഥലപ്പേരുകള്‍ക്ക്
നിദാനമായിത്തീരാറുണ്ട്. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊടുംകാടായിരുന്നു
ഇന്നത്തെ ചിതറ ഗ്രാമപ്രദേശം. പാണ്ഡ്യദേശത്തെ നാട്ടുരാജ്യങ്ങള്‍ തമ്മില്‍
അടിയ്ക്കടിയുണ്ടായിക്കൊണ്ടിരുന്ന യുദ്ധങ്ങളില്‍ തോറ്റോടിയ പടയാളികളാണ് ഇവിടെ
കുടിയേറിപ്പാര്‍ത്തത്. ഇതില്‍ ഭൂരിപക്ഷവും മുസ്ളീങ്ങളായിരുന്നു. അവര്‍ ഈ
പ്രദേശത്തു വരുമ്പോള്‍ ഗിരിവര്‍ഗ്ഗക്കാരായ ആദിവാസികളായിരുന്നു ഇവിടുത്തെ
തദ്ദേശവാസികള്‍. പുതുതായി എത്തിച്ചേര്‍ന്നവര്‍ കാര്‍ഷികരംഗത്ത് ശ്രദ്ധിക്കുകയും
വനം വെട്ടിത്തെളിച്ച് കൃഷിഭൂമിയാക്കുകയും ചെയ്തു. നെല്‍പ്പാടങ്ങളും അവര്‍
വെട്ടിത്തെളിച്ചുണ്ടാക്കിയെടുത്തു.
ക്രമേണ ഇവിടം കാര്‍ഷികസമൃദ്ധമായൊരു
പ്രദേശമായിത്തീര്‍ന്നു. സാംസ്കാരികമായി അഭിവൃദ്ധി പ്രാപിച്ച വിവിധ ജനപദങ്ങള്‍ 12-ാം നൂറ്റാണ്ടുവരെ ഈ പ്രദേശത്ത് പാര്‍ത്തിരുന്നതായി കാണാം. ഇന്നത്തെ
ഇട്ടിവാ ഗ്രാമപ്രദേശത്തിനും കോട്ടുക്കല്‍ ഗുഹാ ക്ഷേത്രത്തിനും നൂറ്റാണ്ടുകളുടെ
ചരിത്രമുണ്ട്. വെളിന്തറയിലെ അതിശയമംഗലം ക്ഷേത്രം, ക്ഷത്രിയ
വംശജരായ പണ്ടായല്‍മാര്‍ സ്ഥാപിച്ച ഇടയനൂരിലെ അര്‍ത്തകണ്ടപ്പന്‍ ക്ഷേത്രം തുടങ്ങിയവ
ഈ പ്രദേശത്തിന്റെ പൌരാണിക സംസ്കൃതിയിലേക്ക് വിരല്‍ ചൂണ്ടുന്നു. കൊട്ടാരക്കര
(ഇളയിടത്തു സ്വരൂപം) രാജാവിന്റെ അധീനതയിലായിരുന്നതിനാല്‍ ഇളയനാട് എന്ന്
വിളിക്കപ്പെട്ടിരുന്ന പ്രദേശമാണ് ഇന്ന് ഇളമാട് എന്നറിയപ്പെടുന്നത്. സ്വന്തം
ബുദ്ധിശക്തിയാലും തന്ത്രങ്ങളാലും കൈവശപ്പെടുത്തിയ ഈ പ്രദേശം ഇളയിടത്തു
സ്വരൂപത്തിന്റെ ഇളയനാട് തന്നെയാണെന്ന് രാജാവ് കല്പിച്ചു. ഈ പേരാണ് ലോപിച്ച്
ഇളമാടായതെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു. 1500 വര്‍ഷങ്ങള്‍ക്കു
മുമ്പ് “ആകുന്ന് മുറി” എന്നറിയപ്പെട്ടിരുന്ന
സ്ഥലമാണ് ഇന്നത്തെ അര്‍ക്കന്നൂര്‍. വെളിയം രാജ്യത്തിന്റെ ഭരണാധികാരിയായ വെളിയന്റെ
അധീനതയിലായിരുന്ന പ്രദേശമാണ് വെളിയന്നൂര്‍. ഇതാണ് ഇന്നത്തെ വെളിനല്ലൂര്‍.
വെളിയന്നൂര്‍ നിന്നും മാറി ഏതാനും ബ്രാഹ്മണര്‍ മറ്റൊരിടത്ത് താമസമാക്കിയ
സ്ഥലമാണത്രെ ചെറിയ വെളിനല്ലൂര്‍. കരിങ്ങന്മാര്‍ അഥവാ അധ:കൃതര്‍
താമസിച്ചിരുന്നിടമാണ് കരിങ്ങന്നൂര്‍. ശ്രീരാമ - സുഗ്രീവ കൂടിക്കാഴ്ചയും
ബാലിനിഗ്രഹവും നടന്ന ഇതിഹാസമണ്ണിലാണ് വെളിനല്ലൂര്‍ ക്ഷേത്രം സ്ഥാപിതമായതെന്ന്
ഐതിഹ്യം പറയുന്നു. വലിയാന്‍ കുന്നിനെയും സുഗ്രീവന്‍ കുന്നിനെയും വേര്‍തിരിച്ചുകൊണ്ടൊഴുകുന്ന
ഇത്തിക്കരയാറിന്റെ കൈവഴിയെപ്പറ്റിയുള്ള ഐതിഹ്യങ്ങള്‍,
ആലുംമൂട്ടിലെ പ്രാചീനമായ കിണറ്റില്‍ക്കൂടി മലഞ്ചുഴിയില്‍ എത്താന്‍ ഭൂഗര്‍ഭമാര്‍ഗമുണ്ടായിരുന്നുവെന്ന
വിശ്വാസം എന്നിവയെല്ലാം ഇനിയും കൂടുതല്‍ പഠനവിധേയമാക്കേണ്ടതുണ്ട്. വെളിനല്ലൂര്‍
ഗ്രാമത്തിലാകെ ബുദ്ധമതത്തിന്റെ അതിശക്തമായ സ്വാധീനമുണ്ടായിരുന്നുവെന്നതിന് പല
തെളിവുകളുമുണ്ടെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. നിലമേല്‍ പ്രദേശത്തെ
ആദിമനിവാസികള്‍ ഗിരിവര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരായിരുന്നു. പില്‍ക്കാലത്ത് ഇവിടെ
വന്നെത്തിയ ഉയര്‍ന്ന ജാതിക്കാര്‍ അടിസ്ഥാനവര്‍ഗ്ഗജനതയെ ആട്ടിയോടിക്കുകയും അവരുടെ
കൃഷിയിടമാകെ സ്വന്തമാക്കുകയും കാട് തെളിച്ച് നാടാക്കുകയും ചെയ്തു. മലബാറിലെ
ആഴ്വാഞ്ചേരിയില്‍ നിന്നും ഇവിടെ കുടിയേറിയ മാടമ്പിമാരായിരുന്നു നിലമേല്‍
ഉണ്ണിത്താന്മാര്‍. “നിലമേല്‍ വീട്” എന്നായിരുന്നു
അവരുടെ കുടുംബപേര്. ഇവരുടെ കങ്കാണിയായിരുന്ന വടക്കന്‍ എന്നയാളുടെ ക്രൂരതകളില്‍
പൊറുതിമുട്ടിയ നാട്ടുകാരായ അടിയാന്മാര്‍ വടക്കന്‍ കങ്കാണിയെ വധിച്ചു. വടക്കനെ
കൊന്ന പച്ച എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് ഇന്നത്തെ ചാറയം. പഴയ തിരുവിതാംകൂറിലെ
വേണാടിന്റെ ഒരു തായ് വഴിയായിരുന്ന ഇളയിടത്തു സ്വരൂപത്തിന്റെ കിഴക്കന്‍
മലയോരപ്രദേശത്തെ പ്രധാനപ്പെട്ട ആവാസകേന്ദ്രമായിരുന്നു കടയ്ക്കല്‍. ഒരു കാലത്ത്
ചെട്ടിയാന്മാരുടെ എണ്ണ വ്യാപാരം വമ്പിച്ച രീതിയില്‍ ഇവിടെ നടന്നിരുന്നു. പനയുടെയും
ആലിന്റെയും ചുവട്ടില്‍ വച്ചായിരുന്നു എണ്ണക്കച്ചവടം നടന്നിരുന്നത്. ആല്‍ച്ചുവട്ടില്‍
നിന്നും എണ്ണ വാങ്ങിയ ബ്രാഹ്മണന്‍ കടയ്ക്കല്‍ നിന്നും എണ്ണ വാങ്ങിയതായി പറയുകയും
കടയ്ക്കല്‍ നിന്നും എണ്ണ വാങ്ങാന്‍ ധാരാളംപേര്‍ പോവുകയും അങ്ങനെ ആ സ്ഥലനാമം തന്നെ
കടയ്ക്കല്‍ ആയിത്തീരുകയും ചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ
ക്ഷേത്രങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കവും ഐതിഹ്യപ്പെരുമയുമുണ്ട്. ബ്ളോക്ക്
മേഖലയില്‍ പെടുന്ന എല്ലാ ഗ്രാമങ്ങള്‍ക്കും അതിപ്രാചീനമായ ചരിത്രവും
സംസ്കാരവുമുള്ളതായി കാണാം. ദേശീയ പ്രസ്ഥാനവുമായി ഈ പ്രദേശത്തിന് ഗാഢമായ
ബന്ധമാണുണ്ടായിരുന്നത്. 1938-ലെ കടയ്ക്കല്‍ വിപ്ളവം
കേരളചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ടൊരു സംഭവമാണ്. 1938
സെപ്റ്റംബര്‍ മാസം 21-ാം തിയതി തിരുവനന്തപുരത്തെ ശംഖുമുഖത്ത്
നടന്ന സ്റ്റേറ്റ് കോണ്‍ഗ്രസ് സമ്മേളനം പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവയ്പില്‍
മൂന്നു പേര്‍ മരിച്ചു. അതേ ദിവസം തന്നെ ആറ്റിങ്ങല്‍ നടന്ന സമ്മേളത്തിനു നേരെയും
പോലീസ് നിറയൊഴിച്ചു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ സമ്മേളനത്തില്‍ പങ്കെടുത്ത ചില
സമരസേനാനികളാണ് കടയ്ക്കല്‍ വിപ്ളവത്തിന് നേതൃത്വം നല്‍കിയത്. ജടായുമംഗലം പാറ എന്നു
വിളിക്കപ്പെടുന്ന ചടയമംഗലം പാറയ്ക്ക് രാമകഥയുമായി ബന്ധപ്പട്ട ഐതിഹ്യം
പ്രചാരത്തിലുണ്ട്. പുരാതനകാലത്ത് വ്യാപാര സംസ്കാരം ഉന്നത നിലയില്‍
എത്തിയിരുന്നുവെന്നതിന്റെ തെളിവാണ് നൂറ്റാണ്ടുകളായി തുടരുന്ന വെളിനല്ലൂര്‍
പഞ്ചായത്തിലെ വയല്‍വാണിഭം. ടൂറിസ്റ്റുകളെ ആകര്‍ഷിക്കുവാന്‍ പര്യാപ്തമായ നിരവധി
സ്ഥലങ്ങള്‍ ഈ ബ്ളോക്കിലുണ്ട്. ജടായുമംഗലം പാറ, വെളിനല്ലൂര്‍
വയല്‍ വാണിഭം, ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രം, നിത്യവും മണലും കക്കയും ഉയര്‍ന്നുവരുന്ന പാറങ്കോടു ചിറ, കോട്ടുക്കല്‍ ഗുഹാക്ഷേത്രം എന്നിവ ഈ ബ്ളോക്കിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാണ്.
നാടന്‍ കലകള്‍ക്കും മറ്റു ക്ളാസിക്കല്‍ കലകള്‍ക്കും ഏറെ പ്രാധാന്യം നല്‍കിപോന്ന
പ്രദേശമാണ് ഈ ബ്ളോക്ക്. വില്ലുപാട്ട്, കമ്പടികളി, തുമ്പിതുള്ളല്‍, ഉറിയടി, കരിതുകാള
കെട്ടല്‍, കുത്തിയോട്ടം തുടങ്ങിയ അനവധി നാടന്‍ കലാരൂപങ്ങളില്‍
താല്‍പര്യവും പാരമ്പര്യവുമുള്ള ജനങ്ങള്‍ ഇവിടെ ഇന്നുമുണ്ട്. കാക്കാരിശ്ശി നാടകം,
പടയണി, ഓട്ടന്‍തുള്ളല്‍ എന്നീ ജനസമ്മിതി
ഏറെയുള്ള കലാരൂപങ്ങള്‍ അറിയാവുന്ന നിരവധി പേര്‍, കോട്ടുക്കല്‍, മതിര എന്നീ സ്ഥലങ്ങളിലുണ്ട്. നാടകാചാര്യനായ വയലാ വാസുദേവന്‍ പിള്ള,
മടവൂര്‍ ഭാസി, ഭാരതീയ ഇതിഹാസ സാഹിത്യത്തില്‍
ഈടുറ്റ സംഭാവനകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പ്രശസ്ത സാഹിത്യകാരനായ തുളസി
കോട്ടുക്കല്‍, ചരിത്ര ഗവേഷകനായ കടയ്ക്കല്‍ ഗോപിനാഥപിള്ള,
പ്രശസ്ത കവിയായ കുരീപ്പുഴ ശ്രീകുമാര്‍, ഓട്ടന്‍തുള്ളലില്‍
ആചാര്യനായ പാറങ്കോട്ട് ഗോവിന്ദനാശാന്‍, കഥകളി നടനായ ഓയൂര്‍
കൊച്ചുഗോവിന്ദനാശാന്‍, കഥകളി സംഗീതജ്ഞനായ കലാമണ്ഡലം ഗംഗാധരന്‍, ക്ളാസിക്കല്‍ സംഗീതത്തില്‍ പ്രതിഭയായ സി.കെ.വേലുക്കുട്ടി ഭാഗവതര്‍
എന്നിവര്‍ ഈ മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന പ്രശസ്ത വ്യക്തികളാണ്.
Post a Comment