ലത്തീൻ സമുദായം : Latins in Punalur

യൂറോപ്യൻ മിഷണറിമാരുടെ മൂന്നു വ്യത്യസ്തധാരകളിലൂടെ വളർന്നുവന്ന്, ഭാരതത്തിന്റെ ചരിത്രം തിരുത്തിയ പോർച്ചുഗീസ് കാലഘട്ടത്തിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറെപ്പോലുള്ള ഉജ്ജ്വല സഭാ താരങ്ങളാൽ പരിപോഷിപ്പിക്കപ്പെട്ട് ശക്തി പ്രാപിച്ച ഒരു ജനവിഭാഗമാണ് മലയാളികളായ ലത്തീൻ സമുദായം. കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവും ആത്മീയവുമായ നവോത്ഥാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഈ സമുദായം ‘പിന്നാക്ക’മെന്ന ലേബലിൽ നിന്നും കെട്ടുപൊട്ടിച്ച് ഐക്യത്തോടെ കുതിച്ചുയരാൻ-ആത്മീയമായും ഭൗതികമായും ഉയർന്നു വരാൻ കാലമായിരിക്കുന്നു. ഈ വളർച്ച നടക്കണമെങ്കിൽ നാം നമ്മുടെ വേരുകൾ ശരിയാം വിധം തിരിച്ചറിയണം. അതിനായി നമ്മുടെ പ്രൗഢമായ ചരിത്രത്തിലേക്ക് നമുക്കൊരു എത്തി നോട്ടം നടത്താം. സമുദായത്തിലെ സകല വിഭാഗങ്ങൾക്കും ഒരേപോലെ അവകാശപ്പെട്ടതാണീ ചരിത്രം.

കൊല്ലം മുതൽ കെ.ആർ.എൽ.സി.സി.വരെ
ലത്തീൻ സമുദായത്തിന്റെ വളരെ വിശദമായ ചരിത്രം ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി, ഡോ. ജോൺ ഓച്ചന്തുരുത്ത് തുടങ്ങിയ പലപ്രഗത്ഭരും രചിച്ചിട്ടുണ്ട്. സമുദായത്തിന്റെ ഉന്നതി സ്വപ്‌നംകണ്ട് മഹത്തായ ത്യാഗങ്ങൾ അനുഷ്ഠിച്ച ഇവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പക്ഷേ, അവരുടെ പ്രൗഢഗ്രന്ഥങ്ങൾ നമ്മോടൊപ്പമുണ്ട്; കോപ്പികൾ തീർന്നുപോയവ ലഭ്യമാക്കാൻ ശ്രമം നടന്നുവരുന്നു. ഇവരെക്കൂടാതെ മറ്റു പലരും സമുദായചരിത്രരചന നടത്തിയിട്ടുണ്ട്. എല്ലാവരെയും നമുക്ക് നന്ദിപൂർവം ഓർമിക്കാം.
ജീവിച്ചിരിക്കുന്ന ചരിത്ര പണ്ഡിതരിൽ അദ്വിതീയനാണ് ഷെവലിയർ അബ്രഹാം അറയ്ക്കൽ. എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗവുമായിരുന്നു ഈ ആലപ്പുഴ സ്വദേശി. വിഷയം ഫിസിക്‌സ് ആയിരുന്നുവെങ്കിലും അതിനെയും വെല്ലുന്ന പാണ്ഡിത്യം അദ്ദേഹം കേരളചരിത്രത്തിലും വിശിഷ്യാ, ലത്തീൻ സമുദായചരിത്രത്തിലും നേടി! ആലപ്പുഴ ശവക്കോട്ടപ്പാലത്തിനടുത്തുള്ള വസതിയിൽ ഭാര്യ റീനിയോടൊപ്പം വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ വിശദമായൊരു ചരിത്രപ്രഭാഷണം വൈകാതെ ലഭ്യമാക്കും.
1. വ്യത്യസ്തധാരകൾ — കൊല്ലം

വാസ്‌കോ ഡി ഗാമയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് യൂറോപ്യർ നേരിട്ടുള്ള കടൽമാർഗം കണ്ടുപിടിക്കുന്നതിനു മുൻപേ യൂറോപ്യൻ മിഷണറിമാർ ചെറിയ തോതിൽ ഇവിടെയെത്തിയിരുന്നു. കത്തോലിക്കാ സഭയുമായി ബന്ധമില്ലാതെ ഹൈന്ദവാചാരങ്ങളിൽ കുരുങ്ങിക്കിടന്ന ക്രൈസ്തവസമൂഹങ്ങളുടെ ഇടയിൽ അവർ മിഷണറിപ്രവർത്തനം നടത്തി. കേരളത്തിൽ അങ്ങനെ കൊല്ലം കേന്ദ്രീകരിച്ച് സാമാന്യം വലിയൊരു കത്തോലിക്കാസമൂഹം 13,14 നൂറ്റാണ്ടുകളിലായി രൂപപ്പെട്ടുവന്നു. ഫ്രാൻസിസ്‌കൻ (ഒഎഫ്എം), ഡൊമിനിക്കൻ (ഒപി), എന്നീ പാശ്ചാത്യസന്യാസസഭകളുടെ പുരാതനരേഖകൾ ഇതു വ്യക്തമാക്കുന്നുണ്ട്.
ഫ്രാൻസിൽ ജനിച്ച് ഡൊമിനിക്കൻ സന്യാസിയായി ചൈനയിലും മംഗോളിയയിലും മറ്റും മിഷണറിവേല നടത്തി ഭാരതത്തിലെത്തിയ ജോർദാനൂസ് കത്തലാനി ഒ.പി. ആയിരുന്നു ഈ മിഷണറിമാരിൽ മുഖ്യൻ. 1320 ൽ സൂറത്തിലെത്തിയ ഇദ്ദേഹം മൂന്നു വർഷങ്ങൾക്കുശേഷം കൊല്ലത്തുമെത്തി. അദ്ദേഹത്തിന്റെ സേവനങ്ങളെ ആദരിച്ചുകൊണ്ട് 1329 ഓഗസ്റ്റ് ഒൻപതിന് കൊല്ലം ആസ്ഥാനമാക്കി പോപ്പ് ജോൺ 22-ാമൻ ഒരു രൂപത സ്ഥാപിച്ചു; ആഗസ്റ്റ് 21 ന് അദ്ദേഹത്തെ മെത്രാനായും പ്രഖ്യാപിച്ചു. പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്തരൂപതയായിരുന്ന കൊല്ലത്തിനു കീഴിൽ പഴയ ഇന്ത്യ മുഴുവൻ അക്കാലത്ത് ഉൾപ്പെട്ടിരുന്നു. (പക്ഷേ, യൂറോപ്പിലെ രാഷ്ട്രീയപ്രശ്‌നങ്ങൾമൂലം വത്തിക്കാനിൽനിന്നു മാറി അവിഞ്ഞോണിൽ താമസിക്കുകയായിരുന്നു പോപ്പ്.)
മെത്രാനായശേഷവും അരമനയും മറ്റും ഉണ്ടാക്കി അതിൽ അധിവസിക്കാതെ വേദപ്രചാരണവേല തുടർന്ന കത്തലാനി 1336 ൽ ബോംബെയിൽവെച്ച് മുസ്ലിംങ്ങളാൽ കൊല്ലപ്പെട്ട് രക്തസാക്ഷിയായി. സെന്റ് ജോർജ് കത്തീഡ്രൽ എന്ന ഒരു ദൈവാലയം അദ്ദേഹം കൊല്ലത്തു സ്ഥാപിച്ചിരുന്നു. തുടർന്നും പല മിഷണറിമാരും കൊല്ലത്തെത്തിയെങ്കിലും പുതിയ മെത്രാന്മാർ ഉണ്ടായില്ല. മലയാളി ലത്തീൻ സമുദായത്തിന്റെ ദുര്യോഗങ്ങളിലൊന്നായ ആരംഭശൂരത്വം ഈ ആദ്യരൂപതയെയും ബാധിച്ചിരിക്കണം.
2. പോർച്ചുഗീസ് കൊച്ചി

കൊച്ചി രൂപതയിലാരംഭിക്കുന്ന ലത്തീൻ സമുദായചരിത്രത്തിന്റെ ഉജ്ജ്വലമായ രണ്ടാംഘട്ടത്തെക്കുറിച്ച് വിശദീകരിക്കുംമുൻപ് ആഗോളകത്തോലിക്കാ മിഷനിലെ ഒരു സുപ്രധാനസംഭവം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്- ലോകമിഷൻ പോർച്ചുഗീസ്, സ്പാനിഷ് എന്നീ രണ്ട് വൻശക്തികൾക്കായി പോപ്പ് വിഭജിച്ചുകൊടുത്തു എന്ന സംഭവം. നാവികശക്തിയിൽ മുന്നിട്ടുനിന്നിരുന്ന പോർച്ചുഗൽ 14-ാം നൂറ്റാണ്ടിൽ ആഗോള മിഷൻ പ്രവർത്തനങ്ങളിൽ മേൽക്കൈ ആഗ്രഹിച്ചിരുന്നു. എന്നാൽ, പിന്നാലെ ഉയർന്നുവന്ന സ്‌പെയ്ൻ അത് അംഗീകരിച്ചില്ല. ഈ തർക്കം രമ്യതയിൽ തീർക്കാൻ സ്‌പെയ്ൻകാരനായ പോപ്പ് അലക്‌സാൺഡർ ആറാമൻ ലോകഭൂപടത്തിൽ ഒരു അതിർത്തിരേഖ വരച്ചുചേർത്തുകൊണ്ട് ആഗോളമിഷനെ രണ്ടായി വിഭജിച്ചു!

1494 ൽ ഉണ്ടാക്കിയ ടോർഡൺഡില്ലാസ് കരാർ എന്ന ഈ സുപ്രധാനസംഭവംവഴിയായി ഏഷ്യൻഭൂഖണ്ഡം പോർച്ചുഗീസുകാരുടെ മിഷൻ ചുമതലയിലായി. ഈ മേഖലയിൽ കണ്ടുപിടിക്കുന്ന രാജ്യങ്ങളിൽ അധികാരം സ്ഥാപിക്കാനും കത്തോലിക്കാവിശ്വാസം പ്രചരിപ്പിക്കാനും അതുവഴിയുണ്ടാകുന്ന രൂപതകളിൽ മെത്രാന്മാരെ നാമനിർദേശം ചെയ്യാനും രൂപതകൾക്ക് സാമ്പത്തികസഹായം ചെയ്യാനും പോർച്ചുഗീസ് ചക്രവർത്തിക്ക് അവകാശവും കടമയും ലഭിച്ചു. ഇതാണ് ചരിത്രപ്രസിദ്ധമായ ‘പാദ്രുവാദോ’ അധികാരം. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിച്ച്, 1950 ജൂലൈ 18 ന് പന്ത്രണ്ടാം പിയൂസ് പാപ്പയാൽ റദ്ദു ചെയ്യപ്പെടുംവരെ ഇതു നിലനിന്നു.
ഇന്ത്യയിലേക്ക് നേരിട്ടുള്ള കടൽമാർഗം കണ്ടുപിടിക്കുന്നതിൽ വിജയിച്ച യുവപോർച്ചുഗീസ് നാവികൻ വാസ്‌കോ ഡി ഗാമ 1498 ന് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിച്ചേരുന്നതോടെയാണ് ഭാരതകത്തോലിക്കാസഭയുടെ ഊർജസ്വലമായ നവചരിത്രം ആരംഭിക്കുന്നത്. പ്രാഥമികമായും മലഞ്ചരക്കുകളുടെ കച്ചവടമായിരുന്നു ലക്ഷ്യമെങ്കിലും മിഷണറി തീക്ഷ്ണതയുള്ള ഒരു ഗണം സന്യാസവൈദികരെയും അദ്ദേഹം സുരക്ഷിതരായി കേരളത്തിലെത്തിച്ചു. ഗാമതന്നെ ഒരു അൽമായ മിഷണറിസഭാംഗമായിരുന്നു എന്നോർക്കുക — പോർട്ടുഗൽ രാജാവ് സ്ഥാപിച്ച ‘ഓർഡർ ഓഫ് ക്രൈസ്റ്റ്’ സഭാംഗം! ആ സഭയുടെ പതാകകളായിരുന്നു ഗാമയുടെ കപ്പൽവ്യൂഹത്തിൽ പാറിക്കളിച്ചിരുന്നത്.
വിശ്വാസവും പാരമ്പര്യങ്ങളുമനുസരിച്ച് 52-ാം ആണ്ടുമുതലും ചരിത്രമനുസരിച്ച് നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നടന്ന കാനായിത്തൊമ്മന്റെ വരവുമൂലം കേരളത്തിൽ ക്രിസ്തുമതവിശ്വാസികളുണ്ടെങ്കിലും ഹൈന്ദവാചാരങ്ങളിലും മറ്റും കുരുങ്ങിക്കിടക്കുകയായിരുന്നു അവർ. ഉന്നതജാതിക്കാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അവർ ക്രിസ്തുവിന്റെ സുപ്രധാനകൽപ്പനയായ സുവിശേഷപ്രചാരണം ഒട്ടുതന്നെ നടത്തിയിരുന്നില്ല. ‘അധഃസ്ഥിത’ സമൂഹങ്ങളെ മനുഷ്യജാതിയായിപ്പോലും കണക്കാക്കാത്ത കാലമായിരുന്നു അത്! ഈ ദുഷ്പ്രവണതകളെയെല്ലാം തൂത്തെറിഞ്ഞുകൊണ്ട് പോർച്ചുഗീസ് മിഷണറിമാർ കേരളത്തിൽ ശക്തമായ സുവിശേഷപ്രചാരണം തുടങ്ങി.ഗാമ കാണിച്ചുകൊടുത്ത പാതയിലൂടെ 1500 നവംബർ 26 ന് 18 മിഷണറിവൈദികരുമായി 13 കപ്പലുകളെ നയിച്ച് കൊച്ചിയിലെത്തിയ പോർച്ചുഗീസ് ക്യാപ്റ്റൻ അൾവാരെസ് കബ്രാൾ ആണ് കേരളസഭയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചത്. കൊച്ചിയെ നിരന്തരം ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്ന കോഴിക്കോട് സാമൂതിരിയെ അമർച്ച ചെയ്യാൻ സഹായിച്ച പോർച്ചുഗീസ് സൈന്യത്തിന് പ്രത്യുപകാരമായി കൊച്ചിയിൽ പള്ളി സ്ഥാപിക്കാൻ അനുവാദം കിട്ടി.
അങ്ങനെ 1503 നവംബർ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാൾദിനത്തിൽ കൊച്ചിയിലാദ്യമായി ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. അതോടെ ഫ്രാൻസിസ്‌കൻ, ഡൊമിനിക്കൻ മിഷണറിമാർ പരിസപ്രദേശങ്ങളിൽ സുവിശേഷപ്രചാരണം ശക്തമാക്കി. രണ്ടു വർഷത്തിനുശേഷം ഫോർട്ടുകൊച്ചിയിൽ ഇന്നത്തെ സാന്താക്രൂസ് ബസിലിക്കയുടെ ആദ്യമന്ദിരത്തിന് തറക്കല്ലിടുകയും ചെയ്തു.
1542 ൽ ഗോവയിൽ കപ്പലിറങ്ങിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ കാലത്താണ് ഇന്ത്യയിൽ ലത്തീൻ സഭ അതിശക്തമായി വളർന്നത്. വിശുദ്ധ ഇഗ്നേഷ്യസ് ലയോളാ സ്ഥാപിച്ച ഈശോസഭയുടെ ഏറ്റവും ഉജ്ജ്വല താരമായിരുന്നു കേരളത്തിലെത്തിയ മഹപണ്ഡിതനായിരുന്ന ഫ്രാൻസിസ് സേവ്യർ. കൊച്ചിയിൽ അഞ്ചു മാസത്തോളം ചെലവഴിച്ച അദ്ദേഹം ഫ്രാൻസിസ്‌കൻ സഭക്കാർ സ്ഥാപിച്ച സെന്റ് ആന്റണീസ് ദൈവാലയത്തിൽ (ഇന്ന് സി.എസ്.ഐ. സഭക്കാരുടെ കീഴിലുള്ള ലന്തപ്പള്ളി) താമസിച്ച് ദിവ്യബലി അർപ്പിച്ചിട്ടുണ്ട്.
വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ വരവിനും മുൻപ് 1514 ജൂൺ 12 ന് ലിയോ പത്താമൻ പാപ്പ ഗോവയെയും കൊച്ചിയെയും മദീരയിലെ ഫുഞ്ചൽ രൂപതയുടെ കീഴിലുള്ള മിഷൻ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു. 1534 ൽ ഗോവയെ രൂപതയായി ഉയർത്തി. അതോടെ ഗോവയുടെ ഭാഗമായ കൊച്ചിയിലെ മിഷണറി പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമുള്ളതായിത്തീർന്നു.
ഫ്രാൻസിസ്‌കൻ, ജസ്യൂട്ട്, ഡൊമിനിക്കൻ, അഗസ്റ്റീനിയൻ സഭകളിൽപ്പെട്ട സന്യാസിമാർ കൊച്ചി കേന്ദ്രീകരിച്ച് കേരളമെമ്പാടും ശക്തമായ മിഷണറിവേല നടത്താൻ തുടങ്ങി. അവർ കാൽലക്ഷത്തോളം മാർത്തോമാ ക്രിസ്ത്യാനികളെയും പിന്നെ ദലിതർ തുടങ്ങി നമ്പൂതിരിവരെയുള്ള ഹിന്ദുക്കളിലെ സകലജാതിയിൽപ്പെട്ടവരെയും മുസ്ലിങ്ങളെയും ബൗദ്ധരെയുമൊക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവന്നു. കൂടാതെ, തദ്ദേശീയ സ്ത്രീകളെ വിവാഹം കഴിച്ച യൂറോപ്യരുടെ സന്തതിപരമ്പരകളുടെ ഒരു സങ്കരവിഭാഗവും ഇവിടെ ഉടലെടുത്തു. അവരാണ് ആംഗ്ലോ ഇന്ത്യക്കാർ.
ഇതോടെ കൊച്ചിയുടെ പ്രാധാന്യം വർധിച്ചുതുടങ്ങി. ഇതു തിരിച്ചറിഞ്ഞപ്പോൾ പോൾ നാലാമൻ പാപ്പ 1557 ഫെബ്രുവരി നാലിന് കൊച്ചിയെ രൂപതയായി ഉയർത്തുകയും ഗോവയെ അതിന്റെ അതിരൂപതയാക്കുകയുംചെയ്തു. പാദ്രുവാദോ അധികാരപ്രകാരം പോർച്ചുഗീസുകാരനും ഡൊമിനിക്കൻ സഭാംഗവുമായ ദോം ജിയോർജിയോ തെമുദോ ഒ.പി.യെ പോർച്ചുഗീസ് രാജാവ് കൊച്ചി മെത്രാനായി നാമനിർദേശം ചെയ്യുകയും പോപ്പ് അംഗീകരിച്ച് വാഴിക്കുകയും ചെയ്തു. തെക്കേയിന്ത്യയും കിഴക്കേയിന്ത്യയും ബർമ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കൊച്ചി രൂപതയുടെ കീഴിലായി.

ഉദയംപേരൂർ സൂന്നഹദോസ്‌
കൊച്ചി ആസ്ഥാനമായുള്ള കേരളകത്തോലിക്കാസഭയുടെ വളർച്ചാചരിത്രത്തിലെ ഒരു സുപ്രധാനസംഭവമായിരുന്നു ഉദയംപേരൂർ സൂന്നഹദോസ്. ഗോവ ആർച്ച്ബിഷപ്പ് അലക്‌സി മെനെസിസ് 1599 ജൂൺ 20 ന് തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂർ ഗ്രാമത്തിലെ ഒരു ദൈവാലയത്തോടനുബന്ധിച്ചുള്ള വിശാലമായ ഹാളിൽ വിളിച്ചുകൂട്ടിയ പ്രതിനിധിസമ്മേളനമാണാ സംഭവം. സുറിയാനി പാത്രിയാർക്കീസിന്റെ കീഴിൽ, ഹൈന്ദവ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുരുങ്ങിക്കിടന്ന ‘പാരമ്പര്യക്രിസ്ത്യാനി‘കളെ കത്തോലിക്കാസഭയിലേക്ക് ആനയിച്ചത് ഉദയംപേരൂർ സൂന്നഹദോസാണ്.
സെന്റ് തോമസ് ക്രിസ്ത്യാനികളെ ‘അടിച്ചമർത്തിയ’ സംഭവമെന്ന് സുറിയാനി പാരമ്പര്യമുള്ള വിവിധസഭക്കാർ ഇന്നും കുറ്റപ്പെടുത്താറുണ്ടെങ്കിലും ആ സൂന്നഹദോസിൽ അംഗീകരിച്ച നിയമങ്ങളും നിരോധിച്ച രേഖകളും പരിശോധിച്ചാൽ എത്രമാത്രം ദുരാചാരങ്ങളായിരുന്നു അക്കൂട്ടരിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. ജാതകം മോശമായ കുഞ്ഞുങ്ങളെ കൊന്നുകളയുകവരെ അവയിൽ ഉൾപ്പെട്ടിരുന്നു എന്നോർക്കണം! ഇത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആർച്ച്ബിഷപ്പ് മെനെസിസ് സവിശേഷമായ കൽപ്പനകളും സംവിധാനങ്ങളും ആ സൂന്നഹദോസിൽവെച്ച് ഉണ്ടാക്കിയിരുന്നു. ഡോ. ജോൺ ഓച്ചന്തുരുത്ത് രചിച്ച ‘The road to Diamper’ എന്ന ഉജ്ജ്വലഗ്രന്ഥത്തിൽ ഈ സൂന്നഹദോസിന്റെ യഥാർത്ഥചരിത്രം വിശദീകരിച്ചിട്ടുണ്ട്.
സൂന്നഹദോസിനു മുൻപും പിൻപും മെനെസിസ് മെത്രാപ്പോലീത്ത കേരളമെമ്പാടും സഞ്ചരിച്ച് മാർത്തോമാ ക്രൈസ്തവരുടെ പള്ളികൾ സന്ദർശിക്കുകയും റോമാസഭയുടെ ചരിത്രപരമായ പ്രാധാന്യം ബോധ്യപ്പെടുത്തുകയും റോമാസഭയുടെ തലവനായ പോപ്പിന്റെ മേലധികാരം അംഗീകരിക്കേണ്ടതിന്റെ ആവശ്യം ഈശോയുടെ വചനത്തിന്റെതന്നെ അടിസ്ഥാനത്തിൽ വിശദീകരിക്കുകയും ചെയ്തു. കേരളസഭയിലെ സ്ഖലിതങ്ങൾ നീക്കം ചെയ്തതോടൊപ്പം പല അനാചാരങ്ങളിൽനിന്നും സഭയെ മോചിപ്പിച്ച ഉദയംപേരൂർ സൂന്നഹദോസ് സഭാചരിത്രത്തിലെ ഏറ്റവും സുപ്രധാനസംഭവമാണ്. സാമൂഹികപരിഷ്‌ക്കരണ കാനോനകളെ അന്നത്തെ ക്രൈസ്തവസഭയിലെ വരേണ്യവിഭാഗം സംശയത്തോടെയാണ് വീക്ഷിച്ചത്. എതിർക്കാൻ ധൈര്യമില്ലാതിരുന്നതുകൊണ്ട് അവർ തക്കംപാർത്ത് കഴിയുകയായിരുന്നു. കേരളക്രൈസ്തവരുടെ സാംസ്‌കാരികത്തനിമ അംഗീകരിച്ച് അങ്കമാലി രൂപത അംഗീകരിച്ച് നൽകിയത് അവരെ തൃപ്തിപ്പെടുത്തിയില്ല. ജസ്യൂട്ട് വൈദികനായിരുന്ന ഫ്രാൻസിസ് റോസ് എസ്.ജെയെ മെത്രാനായി നിയമിച്ചത് അവരിൽ പലർക്കും ഇഷ്ടപ്പെട്ടില്ല.
ഉദയംപേരൂർ സൂന്നഹദോസിന്റെ സദ്ഫലങ്ങളോട് ഏതാണ്ട് അരനൂറ്റാണ്ടുകൊണ്ട് നസ്രാണികളിൽ ബഹുഭൂരിപക്ഷവും പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ മുൻപു സൂചിപ്പിച്ച വരേണ്യവർഗം മധ്യപൗരസ്ത്യദേശത്തുനിന്ന് ഒരു മെത്രാനെ കൊണ്ടുവരുന്നതിനുള്ള രഹസ്യശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു. അവരുടെ ശ്രമഫലമായി എത്തിയ അഹത്തുള്ള എന്ന നെസ്‌തോറിയൻ മെത്രാൻ മൈലാപ്പൂരിലെത്തിയതായും പോർച്ചുഗീസുകാർ അവിടെ ഇറങ്ങാനനുവദിക്കാതെ, കൊച്ചിക്ക് പടിഞ്ഞാറു കടലിൽവെച്ച് അദ്ദേഹത്തെ വധിച്ചതായും ഒരു വാർത്ത പ്രചരിച്ചത് എതിർപ്പിനു നേതൃത്വം നൽകിയവരെ സംബന്ധിച്ച് എരിതീയിൽ എണ്ണയായി.
അവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ മട്ടാഞ്ചേരിയിൽ ഒത്തുചേർന്ന നസ്രാണികൾ അവിടെയുണ്ടായിരുന്ന, പിന്നീടു കൂനൻകുരിശെന്നറിയപ്പെട്ട കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ച് റോമാ മാർപാപ്പായുടെ കീഴിലിരിക്കുകയില്ലെന്നു സത്യം ചെയ്തു. ഇതാണ് 1653 ൽ നടന്ന കൂനൻകുരിശു സത്യം).
കത്തോലിക്കാവിരുദ്ധരായ ഡച്ചുകാർ കേരളത്തിൽവന്ന് 1663 ൽ പോർച്ചുഗീസുകാരെ തോൽപ്പിച്ചതോടെ കൊച്ചിയുടെ വളർച്ച ഇല്ലാതായി. ഡച്ചുകാർ രൂപതാ ആസ്ഥാനമായ സാന്താക്രൂസ് ബസിലിക്ക ആയുധപ്പുരയാക്കി. പിന്നീട് 1795 ൽ ഡച്ചുകാരെ തോൽപ്പിച്ച പ്രൊട്ടസ്റ്റന്റുകാരായ ബ്രിട്ടീഷുകാർ അത് തകർത്തുകളഞ്ഞു. പോർച്ചുഗീസ് മെത്രാന്മാർ കേരളത്തിനു പുറത്തു താമസിച്ച് രൂപതയെ ഭരിക്കേണ്ട ദുരവസ്ഥയുമായി. ഇതോടൊപ്പം ആഗോളതലത്തിൽ ജസ്യൂട്ട്-ഫ്രാൻസിസ്‌കൻ-കർമലീത്താ തുടങ്ങിയ സന്യാസസഭകൾ തമ്മിലും കത്തോലിക്കാ ഭരണാധികാരികളും പോപ്പും തമ്മിലുമൊക്കെയുണ്ടായ പ്രശ്‌നങ്ങളും കൊച്ചിരൂപതയുടെ മുരടിപ്പിന് കാരണമായിത്തീർന്നു. ഇവയുടെയെല്ലാം ഫലമായി 1838 ഏപ്രിൽ 24 ന് കൊച്ചി രൂപതയെ വരാപ്പുഴ വികാരിയത്തിനോടു ചേർത്തുകൊണ്ട് പോപ്പ് ഉത്തരവായി.
3. വരാപ്പുഴയുടെ ഉദയം

കൊച്ചി രൂപതയുടെ മെത്രാന്മാർക്ക് ഫലപ്രദമായി അജപാലനധർമം നിർവഹിക്കാൻ സാധിക്കാതെവന്നതോടെ കേരളത്തിലെ കത്തോലിക്കാസഭയിൽ പലതരം ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഉളവായി. മാർത്തോമാ ക്രിസ്ത്യാനികൾ കലാപക്കൊടി ഉയർത്തി. വിശ്വാസംതന്നെ ക്ഷയിക്കുന്ന അവസ്ഥ വന്നു. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിച്ചതോടെ ‘പാദ്രുവാദോ‘യ്ക്ക് കാര്യമായ പ്രസക്തിയില്ലാതായി. (എങ്കിലും നിയമപരമായി അത് നിലനിന്നിരുന്നു.) ഈ അവസ്ഥയിൽ കേരളസഭയിൽ നേരിട്ട് ഇടപെടാൻ പോപ്പ് നിർബന്ധിതനായി. അക്കാലത്ത് വത്തിക്കാനിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന കർമലീത്താ നിഷ്പാദുക സഭ (ഒ.സി.ഡി) വഴിയാണ് പരിശുദ്ധ സിംഹാസനം ഈ ഇടപെടൽ നടത്തിയത്.
പ്രാഥമികമായും സുറിയാനിക്കാരുടെ ഇടയിലെ പ്രശ്‌നങ്ങൾ തീർത്ത് കത്തോലിക്കാസഭയുമായി ചേർത്തു നിർത്തുകയായിരുന്നു ഈ ഇടപെടലിന്റെ ലക്ഷ്യം. അങ്ങനെ ഫാ. ഹയസിന്ത്, ഫാ. ജോസഫ് ഓഫ് സെന്റ് മേരി (ജോസഫ് സെബസ്ത്യാനി) തുടങ്ങിയ വലിയ മിഷണറി ചൈതന്യവും ഭരണനൈപുണ്യവുമുള്ള ഒ.സി.ഡിക്കാരെ പോപ്പ് അലക്‌സാൺഡർ ഏഴാമൻ കേരളത്തിലേക്കയച്ചു. ഫാ. ഹയസിന്ത് ഒ.സി.ഡി. ആയിരുന്നു അവരുടെ നേതാവ് അഥവാ അപ്പോസ്തലിക് കമ്മീഷണർ. തുടർന്ന് 1657 ൽ ‘മലബാർ വികാരിയത്ത്’ സ്ഥാപിച്ചു. ജസ്യൂട്ട് സഭക്കാരായ മെത്രാന്മാരെ യാതൊരു വിധത്തിലും അംഗീകരിക്കില്ലെന്നു ശഠിച്ചിരുന്ന സുറിയാനിക്കാരിൽ മിക്കവരെയും കത്തോലിക്കാവിശ്വാസത്തോടു ചേർത്തുനിർത്താൻ ഈ കർമലീത്താക്കാർക്കായി.
ഫാ. ജോസഫ് സെബസ്ത്യാനിയെയാണ് ഈ പുതിയ വികാരിയത്തിന്റെ ‘വികാർ അപ്പസ്തലിക്ക’യായി നിയമിച്ചത്. സുറിയാനിക്കാർക്കായി സ്ഥാപിച്ചിരുന്ന കൊടുങ്ങല്ലൂർ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റർ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. (‘പാദ്രുവാദോ’ നിലനിന്നിരുന്നതിനാൽ പോർച്ചുഗലിന്റെ അംഗീകാരമില്ലാതെ മെത്രാനായി വാഴിക്കാൻ പോപ്പിന് സാധിക്കുമായിരുന്നില്ല.) വരാപ്പുഴ ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ ആസ്ഥാനം. ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തിയതോടെയാണ് ലത്തീൻ കത്തോലിക്കരുടെ അജപാലനചുമതലയും കർമലീത്താ മിഷണറിമാർക്ക് ലഭിച്ചത്.
1709 മാർച്ച് 13 ന് ക്ലെമന്റ് പതിനൊന്നാമൻ പാപ്പ മലബാർ വികാരിയത്ത് റദ്ദുചെയ്ത് ‘വരാപ്പുഴ വികാരിയത്ത്’ സ്ഥാപിച്ചു. ബിഷപ്പ് ആൻജെലോ ഫ്രാൻസിസ് ഒ.സി.ഡിയെ ‘അപ്പോസ്തലിക് വികാർ’ ആയി വാഴിച്ചതോടെ കേരളസഭയിൽ പുതിയൊരു യുഗത്തിന്റെ ആരംഭമായി; കുറെയധികം ആശയക്കുഴപ്പങ്ങൾക്കും ഇത് കാരണായിത്തീർന്നു. കാരണം, വത്തിക്കാന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ‘വേദപ്രചാരണത്തിനായുള്ള തിരുസംഘ’ത്തിന്റെ (‘പ്രൊപഗാന്ത’ കോൺഗ്രിഗേഷൻ) കീഴിലായി കേരളസഭ. ഇത് പാദ്രുവാദോ –പ്രൊപഗാന്ത ചേരിതിരിവിനും വഴിതെളിച്ചു. വൈദികരും ഇടവകകളുംതന്നെ ‘ഞങ്ങൾ പാദ്രുവാദോക്കാർ’, ‘ഞങ്ങൾ പ്രൊപഗാന്തക്കാർ’ എന്നിങ്ങനെ പക്ഷംപിടിക്കാൻവരെ ഇടയായി! ഇത് അന്നത്തെ സാഹചര്യത്തിൽ തികച്ചും സ്വാഭാവികമായിരുന്നു എന്നു മനസ്സിലാക്കാം.
1795 ഒക്‌ടോബർ 20 ന് ബ്രിട്ടീഷുകാർ കൊച്ചി പട്ടണം കീഴടക്കി ഡച്ചുകാരെ തുരത്തുകയും അവർ ആയുധപ്പുരയാക്കിയിരുന്ന സാന്താക്രൂസ് ബസിലിക്ക തകർത്തുകളയുകയും ചെയ്തതോടെ തീർത്തും ദുർബലാവസ്ഥയിലായിരുന്ന കൊച്ചി രൂപതയെ 1838 ഏപ്രിൽ 24 ന് പോപ്പ് ഗ്രിഗറി പതിനാറാമൻ വരാപ്പുഴ വികാരിയത്തിനോടു ചേർത്തു. ഇതോടൊപ്പം സുറിയാനിക്കാർക്കായി രൂപീകരിച്ചിരുന്ന കൊടുങ്ങല്ലൂർ രൂപതയും വരാപ്പുഴയുടെ ഭാഗമായി. ഏഴു വർഷത്തിനുശേഷം, നേരത്തേ കൊച്ചി രൂപതയുടെ ഭാഗമായിത്തീർന്നിരുന്ന കൊല്ലം രൂപതയെ ‘കൊല്ലം വികാരിയത്താക്കി’ വരാപ്പുഴയുടെ സാമന്തസ്ഥാനത്തു പ്രതിഷ്ഠിച്ചു.
പുതിയ ചരിത്രത്തിലേക്ക്‌
തങ്ങൾ സ്ഥാപിച്ച കൊച്ചി രൂപതയെ ‘പാദ്രുവാദോ’ കരാറിനു വിരുദ്ധമായി വരാപ്പുഴ വികാരിയത്തിനോടു ചേർത്ത് ‘പ്രൊപഗാന്താ’ തിരുസംഘത്തിനു കീഴിലാക്കിയത് പോർച്ചുഗീസുകാർ അംഗീകരിച്ചില്ല. ഇത് പോർട്ടുഗൽ രാജാവും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനു വഴിതെളിച്ചു. അവസാനം, കത്തോലിക്കാസഭയുടെ രീതിയനുസരിച്ച് ‘ഇന്ത്യൻ ഹയരാർക്കി’ സ്ഥാപിച്ചുകൊണ്ട് പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാൻ വത്തിക്കാൻ തീരുമാനിച്ചു. കാരണം, പോർച്ചുഗീസുകാർ തങ്ങളുടെ പ്രാബല്യത്തിന്റെ കാലത്ത് ഭാരതസഭയെ വളർത്തി എന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം ഇപ്പോൾ അവർക്ക് അവരുടെ ‘പാദ്രുവാദോ’ ദൗത്യം നിർവഹിക്കാനുള്ള ശക്തിയില്ല എന്ന വസ്തുതയും പോപ്പിന് കണക്കിലെടുക്കേണ്ടിയിരുന്നു.
അങ്ങനെ 1886 സെപ്തംബർ ഒന്നിന് ‘ഇന്ത്യൻ ഹയരാർക്കി’ സ്ഥാപിച്ചുകൊണ്ട് ലിയോ പതിമൂന്നാമൻ പാപ്പ ഉത്തരവായി. ഇതുപ്രകാരം ഗോവയും വരാപ്പുഴയും അതിരൂപതകളായി. ഗോവയ്ക്ക് കിഴക്കിന്റെ പാത്രിയർക്കീസ് എന്ന സ്ഥാനവും ലഭിച്ചു. കൊച്ചിയും കൊല്ലവും പഴയതുപോലെ സ്വതന്ത്രരൂപതകളായി. എങ്കിലും പാദ്രുവാദോ അധികാരമനുസരിച്ച് കൊച്ചിയിൽ പോർച്ചുഗീസുകാർതന്നെയാണ് മെത്രാന്മാരെ നാമനിർദേശം ചെയ്തിരുന്നതും സാമ്പത്തികപിന്തുണ കൊടുത്തിരുന്നതും. വത്തിക്കാനും ലിസ്ബണും തമ്മിൽ ഉണ്ടാക്കിയിരുന്ന പാദ്രുവാദോ കരാർ അവസാനം, 1950 ജൂലൈ 18 ന് റദ്ദുചെയ്തതോടെയാണ് ഭാരതമെമ്പാടും കത്തോലിക്കാസഭ ഒരൊറ്റ ഭരണത്തിന്റെ കീഴിലായത്. അതോടെ 1952 ജൂൺ 19 ന് കൊച്ചി രൂപതയെ വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിക്കുകയും ഇരുരൂപതകൾക്കും സ്വദേശിമെത്രാന്മാരെ വത്തിക്കാൻ നേരിട്ട് വാഴിക്കുകയും ചെയ്തു.
കേരളത്തിനു പുറത്ത് ഗോവയ്ക്കു പുറമെ വേറെയും അതിരൂപതകളും രൂപതകളുമുണ്ടായിരുന്നു എന്നോർക്കണം — എല്ലാം ലത്തീൻ റീത്ത് പിന്തുടരുന്നവ. (പിൽക്കാലത്ത് കേരളത്തിലെ സീറോ മലബാർ സഭയ്ക്ക് ഭാരതത്തിന്റെ വിവിധഭാഗങ്ങളിൽ മിഷൻ കേന്ദ്രങ്ങൾ അനുവദിച്ചു. പിന്നീട് അവ രൂപതകളാക്കിയപ്പോൾ ലത്തീൻ റീത്തുതന്നെ പിന്തുടരേണ്ടിയിരുന്നു എങ്കിലും സുറിയാനിക്കാർ മെത്രാന്മാരായി. കുറെക്കാലം കഴിഞ്ഞ് മഹാരാഷ്ട്രയിലെ കല്യാൺ രൂപതയാണ് ആദ്യമായി കേരളത്തിനു പുറത്ത് സീറോ മലബാർ സഭയ്ക്ക് ആ റീത്തിൽത്തന്നെ രൂപതയായി നൽകിയത്. അവസാനം, അടുത്തിടെ ഏറെക്കാലം നീണ്ടുനിന്ന ശീതസമരങ്ങൾക്കുശേഷം ഡൽഹി അതിരൂപതയിൽനിന്നും സീറോ മലബാർകാരെ വേർപെടുത്തി ഫരീദാബാദ് സുറിയാനി രൂപതയും അനുവദിച്ചു. ഇന്ത്യയ്ക്കു പുറത്തും ഇതേപോലെ സുറിയാനി വൈദികർ മിഷനുകൾ നടത്തിയിരുന്നു. അവയിൽ സീറോ മലബാർ റീത്തിൽ രൂപതയായി മാറിയത് അമേരിക്കയിലെ ‘ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപത’യാണ്. വിദേശങ്ങളിൽ ലത്തീൻസഭയുടെ ക്ഷീണിതാവസ്ഥ കാരണം ഇനിയും ഇത്തരം മാറ്റങ്ങൾ വരാനാണ് ഇട).

കേരളത്തിനു പുറത്തുണ്ടാക്കിയ രൂപതകൾ താഴെപ്പറയുന്നു:
ആഗ്ര അതിരൂപത (അലഹബാദ്, ലാഹോർ രൂപതകൾ)
ബോംബെ അതിരൂപത (പൂന രൂപത)
കൽക്കട്ട അതിരൂപത (കൃഷണനഗർ, ധാക്ക രൂപതകൾ)
കൊളംബോ (ശ്രീലങ്ക) അതിരൂപത (ജാഫ്‌ന, കാൻഡി രൂപതകൾ)
മദ്രാസ് അതിരൂപത (ഹൈദരാബാദ്, വിശാഖപട്ടണം, മാംഗ്ലൂർ, ട്രിച്ചി രൂപതകൾ)
പോണ്ടിച്ചേരി അതിരൂപത (കോയമ്പത്തൂർ, മൈസൂർ രൂപതകൾ)
അതേസമയം, വരാപ്പുഴയിൽനിന്നു വേർപെടുത്തിയ സുറിയാനിക്കാർക്കായി തൃശൂർ, കോട്ടയം വികാരിയത്തുകളും സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സുറിയാനിക്കാർക്കായി ഇന്നത്തെ ‘സീറോ മലബാർ റീത്ത്’ രൂപീകരിക്കാൻ ആദ്യകാല പരിശ്രമങ്ങൾ നടത്തിയത്. കോൺഗ്രിഗേഷൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭാസ്ഥാപകനായ അദ്ദേഹത്തെ ആദ്യം വരാപ്പുഴയിൽ സുറിയാനിക്കാർക്കായുള്ള വികാരി ജനറാൾ ആക്കിയിരുന്നു.
ഈ സീറോ മലബാർ സഭ അംഗബലത്താലും സാമ്പത്തികശക്തിയാലും വളർന്ന് കേരളത്തിലെ ഏറ്റവും പ്രബലമായ കത്തോലിക്കാ വിഭാഗമായിത്തീർന്നു. ലത്തീൻ റീത്തു പിന്തുടരുന്ന പല സന്യാസസഭകളിലും ഈ സമുദായാംഗങ്ങളാണ് ഭൂരിപക്ഷം. ഇതിനാലാണ് കേരളത്തിലെ അതിപുരാതനമായ ഫ്രാൻസിസ്‌കൻ (ഒ.എഫ്.എം), കർമലീത്ത (ഒ.സി.ഡി) തുടങ്ങിയ സഭകളിൽ സുറിയാനിക്കാർക്കായി പ്രൊവിൻസുകൾ സ്ഥാപിച്ചതും സീറോ മലബാർ കുർബാനക്രമം അനുവദിച്ചതും. ഇന്നത്തെ ജസ്യൂട്ട് സഭയിലും സലേഷ്യൻ സഭയിലും മറ്റും ബഹുഭൂരിപക്ഷവും ഇതേസമുദായാംഗങ്ങളാണുള്ളത്.
കെ.ആർ.എൽ.സി.സി. എന്ന ചരിത്രസംഭവം

ഇന്ത്യൻ ഹയരാർക്കി സ്ഥാപിതമായതോടെ ഭാരതത്തിലെ മെത്രാന്മാർക്കായി മറ്റു രാജ്യങ്ങളിലേതുപോലെ ‘ബിഷപ്‌സ് കോൺഫറൻസും’ രൂപീകരിക്കപ്പെട്ടു- 1944 ൽ. ഇങ്ങനെയാണ് കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) സ്ഥാപിതമാകുന്നത്. പാദ്രുവാദോ കരാർ റദ്ദാക്കുന്നതിനു ആറു വർഷം മുൻപായിരുന്നു ഈ സംഭവം. 1951 ൽ പിയൂസ് പന്ത്രണ്ടാമൻ ഭാരതത്തെ ‘ദൈവമാതാവായ’ പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു. 1953 ൽ ബോംബെ ആർച്ച്ബിഷപ്പ് വലേറിയൻ ഗ്രേഷ്യസിനെ ഇന്ത്യയിലെ ആദ്യ കർദിനാളായും പ്രഖ്യാപിച്ചതോടെ ഭാരതസഭയും വത്തിക്കാനും തമ്മിലുള്ള ബന്ധം പൂർണവും സുദൃഢവുമായി.
എന്നാൽ, സീറോ മലബാർ റീത്തിന്റെ വലിയതോതിലുള്ള വളർച്ചയെത്തുടർന്ന് വത്തിക്കാൻ 1987 ൽ ഓരോ റീത്തിനും അതിന്റേതായ മെത്രാൻസമിതികൾ രൂപീകരിക്കാൻ അനുവാദം കൊടുത്തു. അങ്ങനെ പഴയ സി.ബി.സി.ഐ മൂന്നായി: ലത്തീൻ മെത്രാന്മാർക്കായുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്‌സ് ഇൻ ഇന്ത്യ (CCBI), സീറോ മലബാർ ബിഷപ്‌സ് സിനഡ് (എസ്എംബിഎസ്-കാക്കനാട് ആസ്ഥാനം, ‘എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജർ ആർച്ച്ബിഷപ്പ് തലവൻ), സീറോ മലങ്കര ബിഷപ്‌സ് സിനഡ് (എസ്എംബിഎസ്-തിരുവനന്തപുരം മലങ്കര അതിരൂപതാ ആർച്ച്ബിഷപ് തലവൻ).
കേരളത്തിൽ സുറിയാനിക്കാരായ മെത്രാന്മാർക്ക് വേറെ സമിതി ഉണ്ടായതോടെ കേരള കാത്തലിക് ബിഷപ്‌സ് കൗൺസിൽ (കെസിബിസി-പാലാരിവട്ടത്തെ പി.ഒ.സി. ആസ്ഥാനം) പ്രാധാന്യം കുറഞ്ഞ ഒന്നായി മാറി എന്നതാണ് വാസ്തവം. അതോടെ കേരളത്തിലെ ലത്തീൻ മെത്രാന്മാർക്ക് മാത്രമായി ഒരു സമിതി വേണം എന്ന ചിന്ത ഉയർന്നുവന്നു. ഇത് വിഭാഗീയത വളർത്തുമെന്ന് പല ലത്തീൻ മെത്രാന്മാരും നിലപാടെടുത്തതോടെ പ്രായോഗികനീക്കങ്ങൾ ഏറെക്കാലം മരവിച്ചുപോയി. അവസാനം ബാംഗ്ലൂരിലെ ‘ധർമാരാം ഇൻസ്റ്റിറ്റിയൂട്ടി‘ൽ 2001 ഒക്‌ടോബറിൽ ‘ക്രിസ്തുജയന്തി മഹാജൂബിലി സമാപന ആഘോഷങ്ങൾ നടക്കവേ, അതിന്റെ പിന്നാമ്പുറത്ത് കേരളത്തിലെ ലത്തീൻ മെത്രാന്മാർ നടത്തിയ അനൗപചാരിക ചർച്ചകളിലാണ് ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസ പാക്യം പിതാവ് മുൻകൈയെടുത്തു നടത്തിയ ചർച്ചകളിൽ ആലപ്പുഴ രൂപതാംഗവും അന്ന് കർമലഗിരി സെമിനാരി പ്രൊഫസറുമായിരുന്ന ബഹു. ജയിംസ് ആനാപറമ്പിൽ അച്ചനെ ചുമതലകൾ അനൗപചാരികമായി ഏൽപ്പിച്ചു.
തുടർന്നു നടന്നത് നമുക്കു മുന്നിലുള്ള സമകാലീനചരിത്രമാണ്- കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (KRLCC), കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ (KRLCBC) എന്നീ സുപ്രധാനസമിതികളുടെ പിറവി. വരാപ്പുഴ അതിരൂപത (കൊച്ചി, കോട്ടപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ സമാന്തര രൂപതകൾ), തിരുവനന്തപുരം അതിരൂപത (കൊല്ലം, പുനലൂർ, നെയ്യാറ്റിൻകര, ആലപ്പുഴ സമാന്തര രൂപതകൾ) എന്നിവ അടങ്ങിയതാണ് KRLCBC. ആറു മാസത്തിലൊരിക്കൽ ഇവ യോഗം ചേരുന്നു. ആലുവയിൽ ഇവയ്ക്കായി പുതിയ ആസ്ഥാനമന്ദിരം തയാറായിവരികയാണ്.
പുതിയ രൂപതകൾ

കൊച്ചി,ആലപ്പുഴ എന്നീ രൂപതകൾ സ്ഥാപിതമായതിനുശേഷം സ്ഥാപിതമായവയാണ് വിജയപുരം,പുനലൂർ,കോഴിക്കോട്,കണ്ണൂർ,നെയ്യാറ്റിൻകര രൂപതകൾ. ഇവയുടെ ചരിത്രത്തിലേക്കും നമുക്കൊരു എത്തിനോട്ടം നടത്താം.
വിജയപുരം :സ്ഥാപിതം:14 ജൂലൈ 1930. ബ്രദർ റോക്കി പാലക്കൽ എന്ന അതീവ തീക്ഷ്ണമതിയായ കർമലീത്ത മിഷണറി നടത്തിയ വേദപ്രചാരണവേലയുടെ സദ്ഫലമാണീ രൂപത. കോട്ടയം പട്ടണത്തിലാണ് ആസ്ഥാനം.
പുനലൂർ : കൊല്ലം രൂപതയെ വിഭജിച്ച് 21 ഡിസംബർ 1985 ൽ ഈ രൂപത സ്ഥാപിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
കോഴിക്കോട് : വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 12 ജൂൺ 1923 ൽ സ്ഥാപിതമായി.
കണ്ണൂർ: കോഴിക്കോട് രൂപതയെ വിഭജിച്ച് 1923 ജൂൺ 12 ൽ സ്ഥാപിച്ചു. വിദേശമിഷണറിമാരുടെ ശ്രേണിയിൽ അവസാനകണ്ണി എന്നു പറയാവുന്ന ഫാ. ലിനോ മരിയ സുക്കോൾ എന്ന ജസ്യൂട്ട് പുരോഹിതന്റെ പ്രവർത്തനത്താൽ ധന്യമായമേഖല.
നെയ്യാറ്റിൻകര:തിരുവനന്തപുരം രൂപത വിഭജിച്ച് 14 ജൂൺ 1996 ൽ സ്ഥാപിച്ചു. സാമൂഹ്യസേവന പ്രവർത്തനങ്ങളിൽ ഏറെ സജീവം.
കോട്ടപ്പുറം: വരാപ്പുഴ അതിരൂപതയെ വിഭജിച്ച് 1986 ഓഗസ്റ്റ് ഒന്നിന് സ്ഥാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
രൂപതകൾ വിഭജിക്കുന്നതിൽ ഭൂമിശാസ്ത്രപരവും അജപാലനപരവുമായുള്ള പരിഗണനകൾക്കുപുറമെ പഴയ ജാതിവ്യവസ്ഥയുടെ ദുഷിച്ച സ്വാധീനവും ഉണ്ടായിട്ടുണ്ട് എന്നകാര്യം മറച്ചുവെക്കുന്നതിൽ അർത്ഥമില്ല. അഞ്ഞൂറ്റിക്കാർ/എഴുന്നൂറ്റിക്കാർ, പാരമ്പര്യം/ദലിത്, മുക്കുവ/നാടാർ, ലത്തീൻ/ആംഗ്ലോ ഇന്ത്യൻ തുടങ്ങിയ മാമൂൽത്തർക്കങ്ങൾ നമ്മുടെ മുതിർന്ന തലമുറയെ സ്വാധീനിച്ചിട്ടുണ്ട്. ഇവ ശരിയാംവിധം മനസ്സിലാക്കുകയും ഇവയ്ക്ക് ഉപരിയായി ചിന്തിക്കുകയും പ്രവർത്തിക്കുകയും (ഉദാ. വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള വിവാഹബന്ധം പ്രോത്സാഹിപ്പിക്കൽ) ചെയ്യുക എന്നതാണ് യുവതലമുറയുടെ ചരിത്രപരമായ കടമ.

Punalur History

Christian Missionaries serving among the people made thatched sheds on the hillock near the market and Kallada River. One of the thatched sheds used as Church during 1866 was the first Church of Punalur established by the Belgian Carmelite missionaries. The Church was named after 'Mother of Good Counsel'(St. Mary) and liturgies of the Church were in Latin. St. Mary’s Church was rebuilt with granite structure during 1933 and remodelled with concrete structure during 1997.

Belgian Carmelite missionaries were the First Fathers of Punalur and of places around Punalur. During the Second World War the First Fathers had to go back, entrusting the church work to the diocesan clergy of Quilon (Kollam).
History Page of St. Mary's Church

Punalur Diocese was separated from the Diocese of Quilon (Kollam) and created into a separate unit by the Bull “Verba Christ” of Pope John Paul II, issued on 21 December 1985.

Present Diocese of Punalur extended to the entire civil district of Pathanamthitta, taluks of Kottarakkara, Kunnathur, Mavelikara and several pakuthies of the taluks of Karunagappally and ChengannurChengannur.

St Mary’s Cathedral complex is located on west bank hillock of Kallada River, north of Kollam-Shenkottai railway route, east of Paper Mill Road and near to Punalur railway Station at coordinates

Bishops of Punalur (Roman Rite)

Bishop Selvister Ponnumuthan
(2009.05.08 – …)
Born: 1956.08.10 (India)
Ordained Priest: 1981.12.19
Consecrated Bishop: 2009.06.28
Bishop of Punalur (India) (2009.05.08 – …)

Bishop Joseph Kariyil
(2005.03.12 – 2009.05.08)
Born: 1949.01.11 (India)
Ordained Priest: 1973.12.19
Consecrated Bishop: 2005.05.03
Bishop of Punalur (India) (2005.03.12 – 2009.05.08)
Bishop of Cochin (India) (2009.05.08 – …)


Bishop Mathias Kappil
(1985.12.21 – 2005.03.12)
Born: 1928.01.21 (India)
Ordained Priest: 1954.12.07
Consecrated Bishop: 1986.04.13
Died: 2007.02.24 († 79)
Bishop of Punalur (India) (1985.12.21 – 2005.03.12)

Address:
Bishop’s House, P.B. No. 48, Kollam Dist., Punalur – 691 305, Kerala, India
Tel: +91 475 – 222240, Fax: + 91 475 227283
E-mail:selvister.ponnu@gmail.com

ലത്തീൻ സമുദായം :എൽ.സി.കെ ഫീച്ചേഴ്‌സ് ,Latins in Punalur

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.