
1948 ല്‍ പുനലൂര്‍ ആനന്ദ ഗ്രൗണ്ടില്‍ ഗുസ്തി മത്സരം
ആരംഭിച്ചു. പുനലൂര്‍ റെസലിംഗ് ക്ലബിന്റെയും , ആനന്ദ ഫിസിക്കല്‍ കള്‍ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിലാണ്
മത്സരങ്ങള്‍ നടത്തിയിരുന്നത്. പുനലൂര്‍ എക്സൈസ് ആഫീസിന് എതിര്‍വശം പേങ്ങോട്ട് കുടുംബവക സ്ഥലത്താണ് ആനന്ദ ഗ്രൗണ്ട് സ്ഥാപിച്ചിരുന്നത്. ചില ഗുസ്തികള്‍ പുനലൂര്‍ എം എം കെ ഗ്രൗണ്ടിലും നടത്തിയിരുന്നു.
ആദ്യത്തെ
ഗുസ്തി പഞ്ചാബ്കാരനായ ദീപ്സിംഗ് മഹാറാണയും തിരുവിതാംകൂര്‍ കാരനായ നീഗ്രോ ഹനീഫയും
തമ്മിലായിരുന്നു. പിന്നീട് തുടരെ ഗുസ്ഥികളാരംഭിച്ചു. മണക്കാട്ട് നാരായണ പിള്ള , പോളച്ചിറ
രാമചന്ദ്രന്‍ , ഇലക്ട്രിക് മൈദീന്‍ കുഞ്ഞു
, പപ്പുദാസ് , കൊല്ലം ആസാദ് ഫയല്‍മാന്‍ , ഇരുട്ട് കിട്ടു പുനലൂര്‍ സ്വദേശികളായ കരിക്കത്തില്‍ ശങ്കരന്‍
നായര്‍, സഹോദരന്‍ പ്രഭാകരന്‍ നായര്‍, കോടി ജോസഫ് , കോടി ജോസെഫിന്റെ മകന്‍ കോടി
തോമസ് , പുനലൂര്‍ റഷീദ് , വിമലാഭായി (ഹരിപ്പാട്) , സരസ്വതിയമ്മ കായംകുളം
എന്നിവരും ചിഞ്ചലി റാം (ആന്ധ്ര), ബാംഗ്ലൂര്‍ അമീര്‍, കാശ്മീര്‍ മേഹാബാബ് , ബറോഡഗാമ
എന്നിവരും ഗുസ്തിയില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ
സ്ഥലങ്ങളില്‍ നിന്നും ചെങ്കോട്ട , തെങ്കാശി പ്രദേശങ്ങളില്‍ നിന്നും ഗുസ്തി മത്സരം
കാണാന്‍ ജനങ്ങള്‍ എത്തിയിരുന്നു.
അക്കാലത്ത് ഗുസ്തി ഭ്രമം പുനലൂരില്‍ പടര്‍ന്നു പിടിച്ചിരുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റിലെയും വടക്കേ ഇന്ത്യയിലെയും ഗുസ്തിക്കാര്‍ സ്ഥിരമായി പുനലുരിലെത്തി താവളമടിക്കും . ഗുസ്തിയിലുള്ള ആവേശം ജനങ്ങള്‍ക്കുണ്ടാവാന്‍ വേണ്ടി പുനലുരിലെത്തുന്ന ഫയല്‍വാന്മാര്‍ പുനലൂര്‍ ടൗണിലൂടെ തനിയെ പ്രകടനം നടത്തുക ഒരു പതിവുള്ള കാഴ്ചയായിരുന്നു. പളപളപ്പന്‍ പൈജാമയും മുട്ടിനു താഴെ വരെ വരുന്ന ജുബ്ബയും ധരിച്ചിരിക്കും. കൈയില്‍ വളയും കഴുത്തില്‍ ഏലസ്സും കെട്ടിയിരിക്കും. കൈയില്‍ മുക്കാകോണ്‍ നീളമുള്ള ഒരു ചുവന്ന കൈലേസു കാണും അത് ആകാശത്തേക്ക് വീശി റോഡിന്റെ നടുവിലുടെ നടന്നു നീങ്ങുന്നു. ടൌണില്‍ നിന്നും തൂക്കുപാലം വരെയും തിരിച്ചു ചെമ്മന്തുര്‍ വരെയും പോകും ഇതിനിടയില്‍ റോഡില്‍ വച്ച് ചില ഗുസ്തി പ്രകടനങ്ങളും , അലര്‍ച്ചയും, അട്ടഹാസങ്ങളും നടത്തി ജനശ്രദ്ധ പിടിച്ചു പറ്റും ഇത് കണ്ടു ഗുസ്തി പിടിപ്പിക്കാന്‍ കൊണ്ട്രാക്‌ടറന്മാര്‍ ഉണ്ടാവുകയാണ് പതിവ്.
കാളവണ്ടിയിലാണ് പലപ്പോഴും പരസ്യം
നടത്തുന്നത്. കാളവണ്ടിയുടെ രണ്ടു വശങ്ങളിലും ഗുസ്തിക്കാരുടെ പേരും, സ്ഥലവും,
അവരുടെ വരച്ച ചിത്രങ്ങളും ബോഡില്‍ എഴുതി കെട്ടിയിരിക്കും. ചെണ്ട കൊട്ടി ടൌണിന്റെ
എല്ലാ ഭാഗങ്ങളിലും എത്തി നോട്ടീസ് വിതരണം നടത്തുന്നു. കാളവണ്ടിയില്‍ മിക്കവാറും
ഒരു ഗുസ്ഥിക്കാരനും കാണും അയാള്‍ കൈലേസ് വീശി ഗുസ്തി പ്രകടനങ്ങള്‍ നടത്തി തന്നെ
കീഴ്പെടുത്താന്‍ തയ്യാറുള്ളവരെ ഗോദയിലേക്ക് ക്ഷണിക്കുന്നു. ഇയാളുടെ ഈ പ്രകടനവും
അട്ടഹാസങ്ങളും കാണാനും പ്രോത്സാഹിപ്പിക്കാനും ഗുസ്ഥി പ്രിയന്മാരും നിരവധി
കുട്ടികളും കാളവണ്ടിയുടെ പുറകില്‍ ഉണ്ടായിരിക്കും. ടിക്കറ്റ് വച്ചായിരിക്കും
നിശ്ചിത ദിവസങ്ങളില്‍ ഗുസ്തി നടത്തുക. ഗുസ്തി കാണാന്‍ കനത്ത ജന പ്രവാഹം
അക്കാലത്തുണ്ടായിരുന്നു.
Post a Comment