സ്ഥലനാമ ചരിത്രം
‘കുളന്തപ്പുഴ’ എന്ന പേരില്‍ നിന്നുമാണ്
കുളത്തൂപ്പുഴയുണ്ടായത്. കുളന്ത എന്നാല്‍ കുഞ്ഞ്. കുളന്തയായ കുഞ്ഞയ്യപ്പനെ
കണ്ടെടുത്ത പുഴ എന്ന അര്‍ത്ഥത്തില്‍ കുളന്തപ്പുഴ എന്ന പേര്‍ ഉണ്ടായി. അതിന്
രൂപഭേദം വന്ന് കുളത്തൂപ്പുഴയായിത്തീര്‍ന്നു. പുരാതനകാലം മുതല്‍ പ്രശ്സതമായ
കുളത്തൂപ്പുഴ ശ്രീധര്‍മ്മശാസ്താ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ്
കുളത്തൂപ്പുഴ എന്ന പേര്‍ പറയുന്നത്. പണ്ട് താഴെമണ്‍ തന്ത്രിയും
പരികര്‍മ്മിയും തമിഴ്നാട്ടില്‍ നിന്ന് മലവഴി കുളത്തൂപ്പുഴയില്‍ എത്തി
കല്ലടയാറിന്റെ തീരത്ത് വിശ്രമിക്കുകയും ഭക്ഷണം പാചകം ചെയ്യുന്നതിനായി
അടുത്തുണ്ടായിരുന്ന ഒരു വീട്ടിലേക്ക് പരികര്‍മ്മിയെ അയച്ച് എന്തെങ്കിലും
കിട്ടുമോ എന്നന്വേഷിക്കുകയും ചെയ്തു. അന്നത്തെ ഗൃഹനാഥന്‍ പാത്രങ്ങളും,
പച്ചരി, നാളീകേരം എന്നിവയും ഇന്നത്തെ ക്ഷേത്രക്കടവില്‍ എത്തിച്ചു. അദ്ദേഹം
ആറ്റില്‍ നിന്നും 3 കല്ലുകള്‍ മുങ്ങിയെടുത്ത് കരയ്ക്കു നിന്നിരുന്ന ഒരു
മാവിന്റെ തണലില്‍ അടുപ്പുണ്ടാക്കി. പാത്രം അടുപ്പില്‍ വച്ച്
പരിശോധിക്കുമ്പോള്‍ ഒരു കല്ലിന് ഉയരക്കൂടുതല്‍ ഉള്ളതായി കണ്ടു. ആ കല്ല്
വീണ്ടും കുഴിച്ച് താഴ്ത്തിയിട്ടു. പാത്രം വച്ചു നോക്കിയപ്പോള്‍ പഴയതുപോലെ
ഉയരം കൂടിയതായി വീണ്ടും കണ്ടു. പലതവണ വച്ചിട്ടും ഫലം അതുതന്നെ. അദ്ദേഹം
ഉയരം കൂടിയ കല്ലില്‍ മറ്റൊരു കല്ലു കൊണ്ട് ഇടിച്ചു. അപ്പോള്‍ ഉയരം കൂടിയ
കല്ല് കഷണങ്ങളാവുകയും രക്തപ്രവാഹമുണ്ടാകുകയും ഇടിച്ച ആള്‍ ബോധരഹിതനാകുകയും
ചെയ്തു. ഇദ്ദേഹത്തെ തലയിടിച്ച കുറുപ്പ് എന്നാണ് പില്‍ക്കാലത്ത്
അറിയപ്പെട്ടത്. പരികര്‍മ്മി കുളിച്ചു കൊണ്ടു നിന്ന തന്ത്രിയെ വിവരം
അറിയിക്കുകയും തന്ത്രി ആറ്റില്‍ നിന്ന് വെള്ളവുമായി വന്ന്
മന്ത്രോച്ഛാരണങ്ങളോടു കൂടി ശിലാകഷണങ്ങള്‍ ശുദ്ധി ചെയ്ത് ചേര്‍ത്ത് വച്ച്
പഴയ ശിലയുടെ രൂപമാക്കി. ചൂരല്‍ കീറി കെട്ടി താല്ക്കാലികമായി ഒരു
കൂരയുണ്ടാക്കി അവിടെ സ്ഥാപിക്കുകയും ചെയ്തു. വെള്ളം മുഖത്ത് തളിച്ച് ബോധം
വീണുകിട്ടിയ ഗൃഹനാഥനെ വിളക്ക് കത്തിക്കുന്നതിന് ചുമതലപ്പെടുത്തി. തന്ത്രി
മേല്‍ കണ്ട കാര്യങ്ങള്‍ ഇളയിടത്ത് രാജാവിനെ അറിയിക്കുകയും ക്ഷേത്രവും
പ്രതിഷ്ഠയും രാജകുടുംബത്തില്‍ നിന്നും നടത്തുകയും ചെയ്തു. 9 (ഒന്‍പത്)
കഷണങ്ങളായ ആ ശില തന്നെയാണ് ഇപ്പോഴും കുളത്തൂപ്പുഴ ക്ഷേത്രത്തിലെ വിഗ്രഹം.
കുളത്തൂപ്പുഴയിലെ ആദിമനിവാസികള്‍ ആദിവാസികളായിരുന്നു. ഠൌണ്‍ ഭാഗത്ത്
സ്ക്കൂളും സത്രവും എല്ലാം ഉണ്ടായിരുന്നു. ഈ പ്രദേശം സൂര്യോട്ടുകാണിക്കുടി
എന്നാണ് അറിയപ്പെട്ടിരുന്നത്. ഈറ ഇലയും പുല്ലും കൊണ്ട് മേഞ്ഞ മനോഹരമായ
കുടിലുകളിലായിരുന്നു ഇവരുടെ താമസം. രാജഭരണകാലത്ത് ശ്രീമൂലം തിരുനാള്‍
സുഖവാസത്തിനായി കുറ്റാലത്ത് എത്തി. വനത്തിലൂടെയുള്ള
നടപ്പാതയിലൂടെയായിരുന്നു യാത്ര. യാത്രാമദ്ധ്യേ കുളത്തൂപ്പുഴ സത്രത്തില്‍
വിശ്രമിക്കുകയും ചെയ്തിരുന്നു. രാമയ്യന്‍ ദളവായുടെ കാലത്ത്
നെടുമങ്ങാട്-ചെങ്കോട്ട റോഡ് തെളിക്കുവാന്‍ തുടങ്ങിയതോടെ മാറ്റത്തിനു
തുടക്കമായി. ബസ്സ് സര്‍വ്വീസ് വരികയും ഠൌണ്‍ പ്രദേശത്ത് തളിത്തരി വംശജര്‍
വന്ന് കാട് വെട്ടിതെളിച്ച് താമസിക്കുകയും ചെയ്തതോടെ ആദിവാസികള്‍
പിന്‍വാങ്ങുകയും ചെയ്തു. അതോടെ ഈ പ്രദേശത്തിന് തളിക്കരിക്കം എന്ന പേര്
ലഭിച്ചു. ഗണപതി ക്ഷേത്രം മുതല്‍ പടിഞ്ഞാറു ഭാഗത്തു കാണുന്ന പ്രദേശത്തിന്
കാസിംപിള്ളകരിക്കം എന്ന പേരുണ്ട്. കാരണം കാസിംപിള്ള എന്ന ആള്‍
വെട്ടിതെളിച്ച് കൃഷി ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. കൂടാതെ കുമരംകരിക്കം,
അയ്യപ്പന്‍പിള്ള കോങ്കല്‍, ആറ്റിനു കിഴക്കേക്കര എന്നീ ഭാഗങ്ങളും ഇന്നത്തെ
കുളത്തൂപ്പുഴയുടെ ഭാഗങ്ങളാണ്. കുളത്തൂപ്പുഴ പഴയ കാലത്ത് തേയില തോട്ടങ്ങളുടെ
നാടായിരുന്നു. കല്ലാര്‍, 8 ഏക്കര്‍,റോക്ക് വുഡ്,ശെന്തുറുണി
എന്നിവിടങ്ങളില്‍ തേയില എസ്റ്റേറ്റുകളുണ്ടായിരുന്നു. ഗവണ്‍മെന്റില്‍
നിന്നും 100 കൊല്ലത്തേക്ക് പാട്ടം വ്യവസ്ഥയില്‍ സ്ഥലമെടുത്ത്
തോട്ടമാക്കിയതാണ്. എച്ച്.ഒ.മര്‍ഫി, ലെസിലി എന്നീ സായ്പന്‍മാരായിരുന്നു
ഉടമകള്‍. ഇപ്പോഴത്തെ കെ. ഐ.പി ഡാം ഏരിയാകളില്‍ കരിമ്പിന്‍
തോട്ടവുമുണ്ടായിരുന്നു. തൊഴില്‍ സമരങ്ങളെ തുടര്‍ന്ന് തോട്ടങ്ങള്‍
അന്യാധീനപ്പെട്ടു. ശാസ്താക്ഷേത്രത്തിന്റെ കിഴക്കുവശത്തു കൂടി 6-ാം നമ്പര്‍,
മാമൂട്, റോസുമല, ദര്‍ഭക്കുളം വഴി കണ്ണമ്പള്ളിമേട്, ചെങ്കോട്ട്
എന്നിവിടങ്ങളിലേക്ക് വനത്തില്‍ കൂടി ഒറ്റയടിപാത ഉള്ളതായി കാണാം. പഴയകാല
കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ പലരും ഒളിവില്‍ കുളത്തൂപ്പുഴയില്‍
കഴിഞ്ഞിട്ടുണ്ട്. തോപ്പില്‍ ഭാസി, കടയ്ക്കല്‍ ഫ്രാങ്കോ, എം.എന്‍.
ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ താമസിച്ചതായി രേഖകളുണ്ട്. കൂടാതെ ബുദ്ധ
വിഗ്രഹങ്ങളുടെ അവശിഷ്ടങ്ങള്‍ കല്ലുപച്ച, കടമാന്‍കോട്, മൊട്ടലൂംമൂട്
എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ വില്ലുമല
ട്രൈബല്‍സ്ക്കൂള്‍ നില്‍ക്കുന്ന ഭാഗത്ത് ഭൂമിക്കടിയില്‍ നിന്നും
വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍പാത്രങ്ങളും തറയോടുകളും കണ്ടെടുത്തിട്ടുണ്ട്.
ഇതു സംബന്ധിച്ചു പുരാവസ്തു വകുപ്പ് പഠനം നടത്തി വരുന്നു. 50
വര്‍ഷങ്ങള്‍ക്കു മുമ്പ് കുളത്തൂപ്പുഴയില്‍ ആന പിടുത്തം ഉണ്ടായിരുന്നു.
മണ്ണില്‍ കുഴിയുണ്ടാക്കി കുഴിയില്‍ വീഴുന്ന ആനകളെ പിടിച്ച് തടി കൊണ്ട്
ആനക്കൂടുണ്ടാക്കി മെരുക്കിയിരുന്നു. ഇതുകാണാനും ആകര്‍ഷകമായിരുന്നു.
പില്‍ക്കാലത്ത് ആന പിടുത്തം നിര്‍ത്തി. അതിനുസമീപത്തുള്ള ക്ഷേത്രവും
പാലവും ഇപ്പോഴും ആനക്കൂട് ക്ഷേത്രം, ആനക്കൂട് പാലം എന്നാണ്
അറിയപ്പെടുന്നത്. കുളത്തൂപ്പുഴയില്‍ 200 വര്‍ഷത്തെ പഴക്കമുള്ള പള്ളി
ചന്ദനക്കാവിലുണ്ട്. ചന്ദനമരങ്ങളുടെ കൂട്ടമായിരുന്ന ഈ പ്രദേശത്ത്
മുസ്ളീം സാത്വികന്‍മാര്‍ വന്ന് താമസിക്കുകയും പില്‍ക്കാലത്ത്
പ്രാര്‍ത്ഥനാ കേന്ദ്രമായി മാറുകയും ചെയ്തു. ജാതിമതഭേദമന്യേ ചന്ദനക്കാവു
പള്ളിയില്‍ ധാരാളം പേര്‍ എത്തിക്കൊണ്ടിരിക്കുന്നു. കോഴിയെ നേര്‍ച്ച
നടത്തുന്നതും പ്രധാനമാണ്. വഴിയോരത്ത് വാഹനങ്ങള്‍ നിര്‍ത്തി നേര്‍ച്ച
അര്‍പ്പിച്ചു തിരി കത്തിക്കുന്ന പതിവുമുണ്ട്. 10 ക്രിസ്ത്യന്‍
ആരാധനാലയങ്ങള്‍ കുളത്തൂപ്പുഴയില്‍ ഉണ്ട്. മതസൌഹാര്‍ദ്ദത്തിനും സമാധാന
അന്തരീക്ഷത്തിനും പേരുകേട്ട സ്ഥലമാണ് കുളത്തൂപ്പുഴ. ഇവിടെ
ഹിന്ദു-മുസ്ളീം-ക്രിസ്ത്യന്‍ സമുദായങ്ങള്‍ പരസ്പര സഹകരണത്തോടെയും ഏകോദര
സഹോദരങ്ങളെപ്പോലെയും കഴിഞ്ഞു വരുന്നു.
സാമൂഹിക ചരിത്രം
ചരിത്രപരമായി വളരെയേറെ പ്രത്യേകതകള്‍
ഉണ്ടെങ്കിലും കുളത്തൂപ്പുഴ ഗ്രാമത്തെ ഉണര്‍ത്തിയതും സാക്ഷരതാ
പ്രസ്ഥാനത്തിന്റെ അലയൊലികളായിരുന്നു. കേരളം ഇന്‍ഡ്യക്കും ലോകത്തിനും
മാതൃക കാട്ടിയ സാക്ഷരത ഒന്നും, രണ്ടും ഘട്ടങ്ങള്‍ ഇവിടെ സജീവമായിരുന്നു.
ആദിവാസി സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിനും കുളത്തൂപ്പുഴ ആതിഥ്യം
വഹിച്ചു. സാക്ഷരതാ പരിപാടിയുടെ വിജയഗാഥയെക്കുറിച്ച് പഠനം നടത്തുവാന്‍ 8
വിദേശ രാജ്യങ്ങളില്‍ നിന്നുമുള്ള 33 അംഗ ഉന്നതതല വിദ്യാഭ്യാസ സംഘവും
കുളത്തൂപ്പുഴയില്‍ എത്തിയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച റബ്ബര്‍
തോട്ടവും, ലാഭത്തിന്റെ കഥകള്‍ മാത്രം പറയുവാനുമുള്ള റീഹാബിലിറ്റേഷന്‍
പ്ളാന്റേഷന്‍ ശ്രീലങ്കക്കാരായ തമിഴ് വംശജരുടെ പുനരധിവാസത്തിനായി
ആരംഭിച്ചതാണെങ്കിലും കുളത്തൂപ്പുഴയുടെ സാമൂഹ്യ ജീവിതത്തിന്റെയും
ഉയര്‍ച്ചയുടെയും ഭാഗമായി മാറി. ഇന്ത്യയില്‍ ആദ്യമായി എണ്ണപ്പന കൃഷിയും
എണ്ണയാട്ടും തുടങ്ങിയ ഓയില്‍ഫാം ഇന്ത്യ ലിമിറ്റഡിന്റെ തോട്ടങ്ങള്‍
കുളത്തൂപ്പുഴ പഞ്ചായത്തിലെ കണ്ടന്‍ചിറ, മറവന്‍ചിറ എന്നിവിടങ്ങളില്‍
വ്യാപിച്ചു കിടക്കുന്നു. കന്നുകാലി സെമണ്‍ ഉല്പാദിപ്പിക്കുന്ന ഏക സ്ഥാപനം
കേരളത്തില്‍ കുളത്തൂപ്പുഴ കെ.എല്‍.ഡി ബോര്‍ഡ് യൂണിറ്റാണ്. നൈട്രജന്‍
പ്ളാന്റ്, മാതൃകാ കൃഷിതോട്ടം, സങ്കര ഇനം കാളകളുടെ വിന്യാസം ഇവകൊണ്ട്
കെ.എല്‍.ഡി ബോര്‍ഡ് കുളത്തൂപ്പുഴയില്‍ പ്രത്യേകതയര്‍ഹിക്കുന്നു.
അത്യപൂര്‍വ്വമായ അമൂല്യമരുന്നുകളുടെ കലവറയായ മെഡിസിന്‍ പ്ളാന്റേഷന്‍
കുളത്തൂപ്പുഴയുടെ ഹൃദയാന്തര്‍ഭാഗത്താണ്. 300 ഓളം പുഷ്പ്പിക്കുന്ന
സസ്യങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ജില്ലയിലെ ആദിവാസികളില്‍
ഭൂരിഭാഗത്തിന്റെയും വാസസ്ഥാനവും കുളത്തൂപ്പുഴയാണ്. കാര്‍ഷിക പഞ്ചായത്തായ
കുളത്തൂപ്പുഴയില്‍ നെല്ല്, തെങ്ങ്, കവുങ്ങ്, വാഴ, തേയില, എണ്ണപ്പന, ഓറഞ്ച്
എന്നീ കൃഷികളും സമ്മിശ്ര കാലാവസ്ഥ കൊണ്ട് അനുഗ്രഹീതമായതുകൊണ്ട് വിവിധ
കാലാവസ്ഥകളില്‍ വിളയുന്ന കുരുമുളകുമുണ്ട്. നെല്‍കൃഷി തകര്‍ച്ചയിലാണ്. ഈ
പഞ്ചായത്തിലേക്ക് ആവശ്യമായ നെല്ലിന്റെ 75% ഉല്പാദിപ്പിക്കാന്‍ കഴിയാത്ത
അവസ്ഥയാണ് ഇന്നുള്ളത്. എന്നാല്‍ റബ്ബര്‍ കൃഷി വ്യാപിച്ചിട്ടുണ്ട്.
വ്യാവസായിക മേഖലയിലും തളര്‍ച്ച ഉണ്ടായിട്ടുണ്ട്. കുളത്തൂപ്പുഴയുടെ സാമൂഹ്യ
സാമ്പത്തിക നില ഉയര്‍ത്തുന്നതില്‍ സ്വാധീനം ചെലുത്തിയിരുന്ന പുനലൂര്‍
പേപ്പര്‍മില്‍ പൂട്ടിയതോടെ തളര്‍ച്ചയുണ്ടായി. ഈറ വെട്ടുന്നതിനും
കയറ്റുന്നതിനും തൊഴിലാളികള്‍ക്ക് ജോലി കിട്ടിയിരുന്നതിലുപരി അനവധി
കുടുംബങ്ങളുടെ ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്തു. കുളത്തൂപ്പുഴ
പഞ്ചായത്ത് സമിതി അംഗമായിരുന്ന സാം ഉമ്മന്‍ പുനലൂര്‍ എം.എല്‍.എ ആയി
1982-84 കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അകാലനിര്യാണം
പഞ്ചായത്തിന് തീരാനഷ്ടമായി മാറി. ജില്ലയില്‍ വിസ്തൃതിയില്‍ ഒന്നാം
സ്ഥാനത്ത് നില്‍ക്കുന്ന ഈ പഞ്ചായത്തിന്റെ ഭൂപ്രകൃതി പ്രത്യേകതകള്‍
നിറഞ്ഞതാണ്. മലകളും കുന്നുകളും താഴ്വരകളും കാട്ടാറുകളും നിബിഡവനങ്ങളും
ഇവിടുത്തെ പ്രത്യേകതകളാണ്. ഈ പഞ്ചായത്തിന്റെ ഒരു ഭാഗമായ റോസുമല എന്ന
പ്രദേശം കാനനമദ്ധ്യത്തിലാണ്. അവിടെ പോകണമെങ്കില്‍ തെന്‍മല, ആര്യന്‍കാവ്
എന്നീ പഞ്ചായത്തുകളില്‍ കൂടി 19 കിലോ മീറ്റര്‍ സഞ്ചരിച്ചതിനുശേഷം
ഉള്‍വനങ്ങളിലൂടെ 12 കിലോമീറ്റര്‍ കൂടി 4 വീല്‍ ജീപ്പില്‍ സഞ്ചരിക്കണം.
എല്ലാ വിഭാഗം ജനങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഭൂമിയുടെ
ഉടമസ്ഥാവകാശത്തില്‍ ഇവിടെ മാറ്റം വന്നിട്ടുണ്ട്. ജന്മിമാര്‍ ഇന്നില്ലാത്ത
അവസ്ഥയാണ്. വന്‍കിട തോട്ടം ഉടമകളുടെ സ്ഥാനത്ത് 2 ഏക്കര്‍ മുതല്‍ 4 ഏക്കര്‍
വരെയുള്ള കര്‍ഷകര്‍ക്കാണ് ഇന്ന് സ്ഥാനം. കര്‍ഷകത്തൊഴിലാളികള്‍ക്കും
ചെറുകിടകര്‍ഷകര്‍ക്കുമെല്ലാം കൃഷി ചെയ്യുവാനും താമസിക്കുവാനും ഭൂമി
ലഭിച്ചിട്ടുണ്ട്. ബഹുജന പ്രസ്ഥാനങ്ങളുടെ സജീവമായ പ്രവര്‍ത്തനങ്ങള്‍ മൂലം
വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലും നല്ല മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ജനങ്ങളുടെ ജീവിത നിലവാരത്തിലും വമ്പിച്ച മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
സാംസ്കാരിക ചരിത്രം
കേരളം ഇന്ത്യക്ക് മാതൃക കാട്ടിയ ആദിവാസി
സാക്ഷരതാ സംസ്ഥാനതല പ്രഖ്യാപനത്തിന്റെ ആതിഥ്യവും ഭാരത സര്‍ക്കാരിന്റെ
ദേശീയോദ്ഗ്രഥന ക്യാമ്പ് രണ്ടു തവണ മാതൃകാപരമായി നടത്തിയ അംഗീകാരവും
പഞ്ചായത്തിനുണ്ട്. ഹൃദയം കവരുന്ന കാനന ഭംഗി, ഏതു കാലാവസ്ഥയിലും കുളിര്
കോരുന്ന കുളിര്‍മ്മ, പുളകോദ്ഗമകാരികളായ കല്ലോലിനികള്‍, നയനാനന്ദകരമായ
വെള്ളച്ചാട്ടങ്ങള്‍ എന്നിങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ചാരുതകള്‍കൊണ്ട്
കുളത്തൂപ്പുഴയ്ക്ക് വിനോദസഞ്ചാര വികസന രംഗത്ത് അനന്തസാദ്ധ്യതകളാണുള്ളത്.
കുന്നുകളും താഴ്വരകളും തടാകങ്ങളും കാട്ടാറുകളും പാറക്കൂട്ടങ്ങളും കൊണ്ട്
സുന്ദരമായ ഈ ഭൂപ്രദേശത്തുനിന്ന് ജീവജാലങ്ങളുടെ മന്ത്രമധുരമായ ശബ്ദം
ഇമ്പം പകരുന്ന ഗാനമാധുരി സദാ നിര്‍ഗളിക്കുന്ന അനുഭൂതിയാണ് നല്‍കുക.
സഹ്യാദ്രിയുടെ മടിത്തട്ടില്‍ കാണുന്ന ശംഖിലി വനം ഏറെ പ്രത്യേകതകള്‍
നിറഞ്ഞതാണ്. പകല്‍ പോലും സൂര്യരശ്മി മണ്ണില്‍ പതിക്കാത്ത നിത്യഹരിത
വനപ്രദേശമാണിത്. കഴുതുരുട്ടിയാറും കുളത്തൂപ്പുഴയാറും ശെന്തുരിണിയാറും
ചേര്‍ന്നൊഴുകുന്ന കല്ലടയാറിന്റെ സംഗമസ്ഥലമായ പരപ്പാറിലെ അണക്കെട്ടും
അതിനെചുറ്റിയുള്ള നിത്യഹരിത വനങ്ങളും, നീലക്കൊടുവേലിയും ടൂറിസ്റ്റുകളെ
ആകര്‍ഷിക്കുന്ന കാഴ്ചകളാണ്. പണ്ടുമുതലേ പ്രസിദ്ധമായ മീന്‍മുട്ടി
നൂറുകണക്കിന് സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നതാണ്. കല്ലട അണക്കെട്ടു വന്നതോടെ
ഇത് ഇന്ന് വലിയ തടാകമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദ്വീപുകളും ഉപദ്വീപുകളും
കൊണ്ടു മനോഹരമായ ഒരു പ്രദേശമാണ് ഈ തടാകത്തിലെ മീന്‍മുട്ടി. കല്ലട ജലസേചന
പദ്ധതിയുടെ കാച്ചുമെന്റ് പ്രദേശത്തെ ചുറ്റിപ്പറ്റി കിടക്കുന്ന റോസുമലയും
കട്ടിളപ്പാറയും ഹനുമാന്‍ കുന്നും എല്ലാം പ്രകൃതി സുന്ദരങ്ങളാണ്.
ആദിവാസികളുടെ നിഷ്കളങ്കമായ ജീവിതരീതികളും അവരുടെ തനതായ നാടോടി കലകളും
കരകൌശല വസ്തുക്കളും പാട്ടും കൂത്തൂം എല്ലാം പ്രത്യേക പഠനം
അര്‍ഹിക്കുന്നവയാണ്. അനേകായിരം വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള
ജനവാസകേന്ദ്രങ്ങളായിരുന്നു ഈ പ്രദേശത്തെ മലമടക്കുകളെന്നതിന് സാക്ഷ്യം
വഹിക്കുന്ന പല കാഴ്ചകളും ഉണ്ട്. പ്രകൃതിദത്തമായ ഭക്ഷണക്രമവും
പരിസ്ഥിതിക്കനുസരണമായ ജീവിത രീതികളും ആദിവാസികളെ വേര്‍തിരിക്കുന്നു.
സാംസ്ക്കാരികമായ ഔന്നിത്യം അവരില്‍ കാണുവാന്‍ കഴിയും. അവരുടെ കലാരൂപങ്ങള്‍
ഈടുറ്റതാണ്. കുളത്തൂപ്പുഴ പഞ്ചായത്തിലെ ആദിമനിവാസികള്‍
ആദിവാസികളായിരുന്നു. അവര്‍ ഠൌണിനോട് ചേര്‍ന്നായിരുന്നു താമസം.
കാലാന്തരങ്ങളില്‍ ഉള്‍വനങ്ങളിലേക്ക് പിന്‍വാങ്ങി. പരമ്പരാഗത ആദിവാസി
വിഭാഗമായ കാണിക്കാര്‍ സമുദായമാണ് ഇവിടെ താമസം. മരക്കൊമ്പുകളില്‍
കുടിലുകള്‍ കെട്ടിയും ഈറയില മേഞ്ഞ കുടിലുകളിലും താമസിച്ചിരുന്ന ഇവര്‍
മന്ത്രവാദങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും പെട്ടവരായിരുന്നു.
Post a Comment