Aryancavu History

പ്രാദേശിക ചരിത്രം

സ്വാതന്ത്ര്യലബ്ധിയ്ക്കു മുമ്പ് ആര്യങ്കാവ് തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്. ഇപ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ ചെങ്കോട്ട തിരുവിതാംകൂറിന്റെ  അതിര്‍ത്തി ആയിരുന്നു. 1956-ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം  നടന്നപ്പോള്‍ ചെങ്കോട്ട ഉള്‍പ്പെടുന്ന പ്രദേശം  തമിഴ്നാടിന്റെ ഭാഗമായി.  കേരളത്തിന്റെ കിഴക്കേ അതിരായ പശ്ചിമഘട്ടം (സഹ്യപര്‍വ്വതം) ആര്യങ്കാവ്  കോട്ടവാസലില്‍  കൂടി കടന്നു പോകുന്നു. സഹ്യപര്‍വ്വതത്തിലുള്ള ചരിത്ര പ്രസിദ്ധമായ  ആര്യങ്കാവ് ചുരം കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന പാതയാണ്. ഈ പ്രദേശത്തിന്റെ ചരിത്രം പ്രസിദ്ധങ്ങളായ രണ്ടു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു-ആര്യങ്കാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രവും, അച്ചന്‍ കോവിലില്‍ ശ്രീധര്‍മ്മശാസ്താ  ക്ഷേത്രവും. പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ  ഈ ക്ഷേത്രങ്ങളില്‍  ധാരാളം ഭക്തജനങ്ങള്‍  ദര്‍ശനത്തിന് എത്തുന്നു. വാഹന ഗതാഗതം ഇല്ലാതിരുന്ന കാലത്ത് കാല്‍നടയായി തീര്‍ത്ഥാടകര്‍ വന്നിരുന്നു. രാജഭരണകാലത്ത് യാത്രക്കാര്‍ക്ക് സൌജന്യ ഭക്ഷണം നല്‍കിയിരുന്ന ഒരു ഊട്ടുപുര കഴുതുരുട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നതായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഈ ഊട്ടുപുരയ്ക്കു  ചുറ്റും കിടങ്ങുകള്‍ നിര്‍മ്മിച്ചിരുന്നു. കടുവ, പുലി,  കരടി, ആന തുടങ്ങിയ  വന്യമൃഗങ്ങള്‍ ഇന്നത്തെ കൊല്ലം  ചെങ്കോട്ട റോഡിലൂടെ യഥേഷ്ടം വിഹരിച്ചിരുന്നു. ആര്യങ്കാവ്, അച്ചന്‍ കോവില്‍  ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടു വന്ന ജോലിക്കാരും  തീര്‍ത്ഥാടകരില്‍ ചിലരും ഈ പ്രദേശത്ത് താമസം ആരംഭിച്ചു. കാലക്രമത്തില്‍ അവരുടെ ബന്ധുക്കളും ഇവിടെ സ്ഥിരതാമസത്തിനായി എത്തി. ചെങ്കോട്ട കരയാളര്‍  കുടുംബങ്ങളുടെ വകയായിരുന്നു കൃഷിഭൂമിയിലധികവും. 

1947-48 കാലഘട്ടത്തില്‍ കോട്ടയം ജില്ലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെടുന്ന ആളുകള്‍ കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിയേറി. കരയാളര്‍മാരുടെ ഭൂമി പാട്ടത്തിനെടുത്തും  മലമ്പനിയോടു  മല്ലടിച്ചും മണ്ണില്‍ പൊന്നു വിളയിച്ച  ഈ കര്‍ഷകര്‍ക്ക്  കേരളത്തില്‍ ഭൂപരിഷ്കരണ നിയമം നടപ്പാക്കിയതോടെ പാട്ടഭൂമിയ്ക്ക് പട്ടയം ലഭിച്ചു. 1960-70 കാലഘട്ടത്തില്‍ നെടുമങ്ങാട് താലൂക്കില്‍ വന്നു കുടിയേറ്റക്കാര്‍ റെയില്‍വേ പുറമ്പോക്കിലും റോഡ് പുറമ്പോക്കിലും താമസമാക്കി. ഈ പഞ്ചായത്തിന്റെ ഭൂവിസ്തൃതിയുടെ ഭൂരിഭാഗം ആറു വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന റബ്ബര്‍, തേയില തോട്ടങ്ങളാണ്. തിരുവിതാംകൂര്‍ മഹാരാജാവില്‍ നിന്നും വിദേശികള്‍ പാട്ടത്തിനെടുത്തതാണ് ഈ തോട്ടങ്ങള്‍. ആദ്യകാലത്ത്  തമിഴ്നാട്ടില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍  തൊഴിലാളികളെ കൊണ്ടു വന്ന് വനം വെട്ടിത്തെളിച്ച് റബ്ബര്‍, തേയില തോട്ടങ്ങള്‍ ഉണ്ടാക്കി. ഇപ്രകാരം കൊണ്ടുവന്ന തൊഴിലാളികള്‍ക്ക് നാലണയായിരുന്നു ദിവസക്കൂലി. കരാറുകാരായ കങ്കാണിമാര്‍ക്ക് ഇതില്‍ നിന്നും അര അണ കമ്മീഷന്‍ കൊടുക്കണമായിരുന്നു. ജോലിസമയത്തിന് ക്ളിപ്തത ഇല്ലായിരുന്നു. മലമ്പനി മൂലം വളരെ അധികം തൊഴിലാളികള്‍ മരണമടഞ്ഞു. കാലക്രമത്തില്‍ തൊഴില്‍ തേടി ചില മലയാളികളും എത്തി. 1951-ല്‍ ദാനിയല്‍ ഡേവിഡ്, ജോസഫ് വെട്ടിക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഐ.എന്‍.റ്റി.യു.സി എന്ന ട്രേഡ് യൂണിയന്‍ തോട്ടമേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ പഞ്ചായത്തുകള്‍  നിലവില്‍ വരുമ്പോള്‍ ഏരൂര്‍ പഞ്ചായത്തിലെ ഹില്‍ക്കര വാര്‍ഡില്‍ ഉള്‍പ്പെട്ടതായിരുന്ന ഈ പ്രദേശം തെന്മല പഞ്ചായത്ത് രൂപം കൊണ്ടപ്പോള്‍  ഈ പ്രദേശം അതിന്റെ ഭാഗമായി. 1968-69 ല്‍  ആര്യങ്കാവ് പഞ്ചായത്ത് രൂപം കൊണ്ടു. റ്റി.സി നരിയാരത്ത് ആയിരുന്നു ആദ്യ പ്രസിഡന്റ്. ഈ പ്രദേശത്തിന് ആര്യങ്കാവ് എന്ന പേരു വന്നതിന് പഴമക്കാര്‍ പല വ്യാഖ്യാനങ്ങളും  നല്‍കുന്നുണ്ട്.

ഒന്ന്:  ഈ പ്രദേശത്ത് ആയിരം കാവുകള്‍ ഉണ്ടായിരുന്നു എന്നും അതിനാല്‍ ആയിരം കാവ് എന്ന് അറിയപ്പെട്ടു.

രണ്ട്:  ആര്യന്മാരുടെ വരവുമായി  ബന്ധപ്പെട്ട്  ഈ പ്രദേശത്തിന് ആര്യങ്കാവ്  എന്ന പേരു വന്നു.

മൂന്ന് : അച്ചന്‍കോവില്‍ ക്ഷേത്ര പ്രതിഷ്ഠ  അരശനും  ആര്യങ്കാവില്‍  അയ്യനും ആണ്.  അരശന്റെ കോവില്‍ അരശന്‍ കോവിലും അയ്യന്റെ കാവ് അയ്യന്‍ കാവും. കാലക്രമേണ ഇത് യഥാക്രമം  അച്ചന്‍കോവിലും ആര്യങ്കാവുമായി മാറി.

ആര്യങ്കാവില്‍ നിന്നും 4 കി.മീ അകലെ ഉള്‍വനത്തില്‍ പ്രകൃതിദത്തമായ  ഒരു വെള്ളച്ചാട്ടമുണ്ട്. പാലരുവി എന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം (കുറ്റാലം) ധാരാളം സഞ്ചാരികളെ  ആകര്‍ഷിക്കുന്നു. രാജഭരണ കാലത്ത് നായാട്ടിനും വിശ്രമത്തിനുമായി  രാജാക്കന്മാര്‍ ഇവിടെ എത്തിയിരുന്നു.  കരിങ്കല്ലില്‍  തീര്‍ത്ത വിശ്രമ മണ്ഡപങ്ങളും കുതിരലായങ്ങളുടെ അവിശിഷ്ടങ്ങളും  ഇപ്പോഴും ഇവിടെ ഉണ്ട്. കൊല്ലവര്‍ഷം  1099 ല്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പാലരുവിയിലെ സ്നാനഘട്ടം തകര്‍ന്നു തരിപ്പണമാകുകയും രാജാക്കന്മാര്‍ തെങ്കാശി-കുറ്റാലത്തേക്ക് ശ്രദ്ധ തിരിക്കുകയും  ചെയ്തതായി പറയപ്പെടുന്നു. 

കേരളത്തിലെ  ആദ്യ റെയില്‍പാതയായ കൊല്ലം-തിരുനെല്‍വേലി പാത  ഈ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്നു. ഈ പാതയിലെ  ഏറ്റവും വലിയ തുരങ്കം ആര്യങ്കാവിലാണ്. മല തുരന്ന്  ഒരു കി.മീ ദൂരത്തില്‍  ഉണ്ടാക്കിയിരുന്ന ഈ തുരങ്കത്തിന്റെ മൂന്നില്‍  രണ്ടു ഭാഗം കേരളാതിര്‍ത്തിക്കുള്ളിലാണ്. ലോകത്ത്  ആദ്യമായി  സ്റ്റമ്പ് നട്ട് തേക്ക് തോട്ടം  ഉണ്ടാക്കിയത് ആര്യങ്കാവിലാണ്. ബോര്‍ഡിലോണ്‍  പ്ളോട്ട് എന്ന് അറിയപ്പെടുന്ന ഈ തേക്ക് തോട്ടം  ആര്യങ്കാവ്  9-ാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്നു. നാലുവശവും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന  പ്രകൃതി രമണീയമായ  ഈ പ്രദേശത്ത് 1992 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഉണ്ടായ  പേമാരിയിലും  ഉരുള്‍ പൊട്ടലിലും  ഭൂരിഭാഗം കൃഷിഭൂമിയുടേയും ഫലഭൂയിഷ്ഠത നഷ്ടപ്പെടുകയും  പ്രകൃതി ഭംഗിയ്ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. പതിനൊന്നു പേരുടെ മരണത്തിനും  വളരെ അധികം വീടുകളുടെ നഷ്ടത്തിനും ഇടയാക്കിയ ഉരുള്‍ പൊട്ടല്‍  ഈ പ്രദേശത്തെ റോഡുകളും പാലങ്ങളും  തകര്‍ത്തു. ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് ഈ പ്രദേശം ഒറ്റപ്പെട്ട നിലയിലായി. അച്ചന്‍ കോവില്‍, ആര്യങ്കാവ് ക്ഷേത്രങ്ങളും പാലരുവി ടൂറിസ്റ്റ് കേന്ദ്രവും റെയില്‍വേ തുരങ്കവും ബോഡി ലോണ്‍ പ്ളോട്ടും ധാരാളം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ആതിഥ്യമരുളുവാന്‍ കെ.റ്റി.ഡി.സി യുടെ വഴിയോര  വിശ്രമകേന്ദ്രം ഒരുങ്ങി നില്‍ക്കുന്നു.

Aryancavu History,punalur train,eco tourism

Labels:

Post a Comment

[facebook]

Author Name

{facebook#https://www.facebook.com/joypkripa}

Contact Form

Name

Email *

Message *

Powered by Blogger.